കോട്ടയം: നഗരമധ്യത്തില്‍ നടന്ന യുവാവിന്റെ മരണം സംബന്ധിച്ച കേസില്‍ നഗരസഭയിലെ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനില്‍കുമാറിനെയും മകന്‍ അഭിജിത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പുതുപ്പള്ളി മാങ്ങാനം സ്വദേശിയായ ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം അരങ്ങേറിയത്. അനില്‍കുമാറിന്റെ വീടിന് മുന്നിലാണ് ആദര്‍ശ് കുത്തേറ്റ് വീണത്.
അഭിജിത്തും ആദര്‍ശും തമ്മിലുണ്ടായിരുന്ന സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അര്‍ധരാത്രിയോടെ ആദര്‍ശും സുഹൃത്തുക്കളും അഭിജിത്തിന്റെ വീട്ടിലെത്തി ബഹളം വച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ഈ തര്‍ക്കത്തില്‍ അഭിജിത്ത് കത്തി ഉപയോഗിച്ച് ആദര്‍ശിനെ കുത്തുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആദര്‍ശിന്റെ കൈയ്യില്‍ നിന്ന് ലഹരി മരുന്ന് അഭിജിത്ത് വാങ്ങിയിരുന്നെങ്കിലും, പണം നല്‍കിയിരുന്നില്ല. പുതുപ്പള്ളി സ്വദേശിയായ ആദര്‍ശ്, മാണിക്കുന്നത്തുള്ള അനില്‍കുമാറിന്റെ വീട്ടില്‍ എത്തി പ്രശ്‌നം ഉണ്ടാക്കി. ഇതേത്തുടര്‍ന്നാണ് അനില്‍കുമാറും അഭിജിത്തും ചേര്‍ന്ന് ആദര്‍ശിനെ കൊലപ്പെടുത്തിയത്. മകന്‍ അഭിജിത്താണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ആദര്‍ശിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
