യുക്രെയ്‌നേയും യൂറോപ്പിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ട്രംപ്

യുക്രെയ്‌നേയും യൂറോപ്പിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ട്രംപ്


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ നടത്തിയ പ്രസ്താവനയില്‍ റഷ്യക്കെതിരായ യുദ്ധത്തില്‍ അമേരിക്ക നല്‍കിയ സഹായത്തിന് യുക്രെയ്ന്‍ നേതൃത്വത്തിന്റെത് നന്ദിയില്ലായ്മയെന്ന് ആരോപിച്ചു.  യുക്രെയ്‌നിനു അമേരിക്ക വന്‍തോതില്‍ ആയുധങ്ങള്‍ നല്‍കുമ്പോഴും യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്നതായും അദ്ദേഹം പറഞ്ഞു. 'ജീവന്‍ നഷ്ടമായ എല്ലാവര്‍ക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ' എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ട്രംപ് തന്റെ പോസ്റ്റില്‍ അമേരിക്കയിലും യുക്രെയ്‌നിലും ശക്തമായ നേതൃത്വമുണ്ടായിരുന്നുവെങ്കില്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും യുദ്ധം തടയാനാകുമായിരുന്നെന്നും അവകാശപ്പെട്ടു. 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 'തട്ടിപ്പ് ഉപയോഗിച്ച് കവര്‍ന്നെടുത്തതാണെന്നും' ഉള്ള ആരോപണങ്ങളും അദ്ദേഹം ആവര്‍ത്തിച്ചു.

'റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ഈ ക്രൂര യുദ്ധം ശക്തമായ നേതൃത്വമുണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഉണ്ടായിരിക്കില്ലായിരുന്നു. ഇത് എന്റെ രണ്ടാം കാലാവധിക്ക് മുമ്പേ, ജോ ബൈഡന്‍ ഭരണകാലത്ത് ആരംഭിച്ചതാണ്. തെരഞ്ഞെടുപ്പ് 'തട്ടിപ്പുപയോഗിച്ച് കവര്‍ന്നെടുത്തില്ലായിരുന്നെങ്കില്‍', ഈ യുദ്ധം ഉണ്ടാകുമായിരുന്നില്ല. എന്റെ ആദ്യ കാലാവധിക്കിടെ അതിനെക്കുറിച്ച് ഒരു പരാമര്‍ശം പോലും ഉണ്ടായിരുന്നില്ല. 'സ്ലീപി ജോയെ' കണ്ടപ്പോള്‍ പുടിന്‍ ആക്രമിക്കാന്‍ അവസരം കണ്ടതാണ്,' എന്ന് ട്രംപ് എഴുതി.

'ഒരിക്കലും സംഭവിക്കരുതായിരുന്ന യുദ്ധം' എന്ന് വിശേഷിപ്പിച്ച ട്രംപ്, അത് 'എല്ലാവര്‍ക്കും നഷ്ടം വരുത്തിയതാണെന്ന്,' പ്രത്യേകിച്ച് ദുരിതം അനുഭവിക്കുന്ന ദശലക്ഷങ്ങള്‍ക്കാണ് ഏറ്റവും വലിയ ദോഷമുണ്ടായതെന്ന് പറഞ്ഞു.

'ഞാന്‍ ഏറ്റുവാങ്ങിയത് ഒരിക്കലും സംഭവിക്കേണ്ടതില്ലായിരുന്ന യുദ്ധമാണ്. ലക്ഷക്കണക്കിന് പേരുടെ ജീവന്‍ അനാവശ്യമായി നഷ്ടമായിരിക്കുന്നു. യുക്രെയ്ന്‍ നേതൃത്വം നമ്മുടെ സഹായത്തിന് നന്ദി ഒന്നുമല്ല പ്രകടിപ്പിച്ചത്. യൂറോപ്പ് റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്നു. യുക്രെയ്‌നിനായി നേറ്റോയ്ക്ക് അമേരിക്ക വന്‍തോതില്‍ ആയുധങ്ങള്‍ വില്‍പ്പന നടത്തുന്നു. 'കുതന്ത്രശാലിയായ ജോ' എല്ലാം സൗജന്യമായാണ് നല്‍കിയത്. ഈ മനുഷ്യാവകാശ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കെല്ലാം ദൈവാനുഗ്രഹം ഉണ്ടാകട്ടെ!'' എന്ന് ട്രംപ് തന്റെ സന്ദേശത്തില്‍ കുറിച്ചു.