ന്യൂഡല്‍ഹി: വിരമിച്ചതിന് ശേഷം താന്‍ ഔദ്യോഗിക പദവികളൊന്നും ഏറ്റെടുക്കില്ലെന്ന് സുപ്രിം കോടതിയുടെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി വ്യക്തമാക്കി. ഒരു കേസിലും സര്‍ക്കാരിന്റെ സമ്മര്‍ദം നേരിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോത്രവിഭാഗങ്ങളെ ഉയര്‍ത്തുന്ന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിരമിക്കാനുള്ള തയ്യാറെടുപ്പുകളോടെയാണ് അദ്ദേഹം പ്രതികരിച്ചത്.
സുപ്രിം കോടതി കോളീജിയത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ക്കിടയിലും പ്രക്രിയ സുതാര്യവും ക്രമബദ്ധവുമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹൈക്കോടതി കോളീജിയത്തിന്റെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് ശുപാര്‍ശകള്‍ അന്തിമമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തിരിച്ചയച്ച ചില പേരുകള്‍, വിശദമായ പരിഗണനയ്ക്കുശേഷം വീണ്ടും ശുപാര്‍ശ ചെയ്ത് അംഗീകരിപ്പിച്ച കേസുകളും ഉണ്ടെന്ന് ഗവായി പറഞ്ഞു.
ജുഡീഷ്യറിയില്‍ സ്വജനപക്ഷപാതം നിലനില്‍ക്കുന്നുവെന്ന ധാരണ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. 'മൊത്തം നിയമനങ്ങളില്‍ 10 മുതല്‍ 20 ശതമാനം വരെ മാത്രമാണ് ഇത്തരത്തിലുള്ളവര്‍ ഉണ്ടായിരിക്കാറുള്ളത്. യോഗ്യത ഉണ്ടെങ്കില്‍ ബന്ധം കൊണ്ടു മാത്രം അതിനെ നിരസിക്കേണ്ടതുണ്ടോ' എന്നും അദ്ദേഹം ചോദിച്ചു.
രാഷ്ട്രപതിയിലേക്ക് അയക്കുന്ന റഫറന്‍സ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ സുപ്രിം കോടതിക്ക് സാധ്യമല്ലെന്നും ഗവായി പറഞ്ഞു. ഓരോ ഭരണഘടനാ തര്‍ക്കവും സാഹചര്യങ്ങളില്‍ വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചിലപ്പോള്‍ ഗവര്‍ണര്‍ക്ക് തീരുമാനം എടുക്കാന്‍ രണ്ടു മുതല്‍ മൂന്ന് മാസം വരെ വേണ്ടിവരാം, മറ്റുചില കേസുകളില്‍ ഒരുമാസം മതിയാകാം. എല്ലാ വിഷയങ്ങളെയും ഒരേ മാനദണ്ഡത്തില്‍ കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
