പാരിസ്: പാക് വാര്‍ത്താ ചാനലായ ജിയോ ടിവിയും അതിന്റെ പ്രമുഖ റിപ്പോര്‍ട്ടര്‍ ഹമീദ് മിര്‍ ഉം ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ കുറിച്ച് പ്രചരിപ്പിച്ച അവകാശവാദത്തെ ശക്തമായി തള്ളി ഫ്രഞ്ച് നാവികസേന. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം നടന്ന വ്യോമപ്രതിസന്ധിയില്‍ പാകിസ്ഥാന്‍ വായുസേനയ്ക്ക് മേല്‍ക്കൈ ലഭിച്ചുവെന്നും, ഇന്ത്യയുടെ അനേകം റഫാല്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നും ഫ്രഞ്ച് നാവിക കമാന്‍ഡര്‍ ക്യാപ്റ്റന്‍ ലോണെ പറഞ്ഞതായി ജിയോ ടിവി സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടാണ് ഫ്രാന്‍സ് തള്ളിക്കളഞ്ഞത്.
റിപ്പോര്‍ട്ടിലെ ഒരു വാക്കുപോലും സത്യവുമായി ബന്ധമില്ലാത്തതാണെന്ന് ഫ്രഞ്ച് നാവികസേന വ്യക്തമാക്കി. '#FAKENEWS - ക്യാപ്റ്റന്‍ ലോണെയുടെ പേരില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനകള്‍ കൃത്രിമം; അദ്ദേഹം ഒരിക്കലും ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. വാര്‍ത്തയില്‍ വന്‍തോതില്‍ തെറ്റായ വിവരങ്ങളും തെറ്റിദ്ധരിപ്പിക്കലുമുണ്ട്,' എന്നായിരുന്നു ഫ്രാന്‍സിന്റെ മറൈന്‍ നാഷണലിന്റെ ഔദ്യോഗിക പ്രതികരണം.
പാരിസില്‍ നടന്ന ഇന്‍ഡോ-പസഫിക് സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുത്ത് മിര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പാക് മാധ്യമങ്ങളില്‍ വൈറലായത്. പാകിസ്ഥാന്റെ ചൈനീസ് J-10C യുദ്ധവിമാനങ്ങളുടെ ശേഷിയല്ല, ഇസ്‌ലാമാബാദ് 'യുദ്ധരംഗം മികച്ച രീതിയില്‍ കൈകാര്യം ചെയ്തതാണു' റഫാല്‍ നഷ്ടങ്ങള്‍ക്ക് കാരണം എന്നായിരുന്നു മിറിന്റെ അവകാശവാദം.
വിവാദങ്ങളും പാര്‍ശ്വപാതവുമുള്ള റിപ്പോര്‍ട്ടിങ്ങിനായി മുന്‍പ് തന്നെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ ഹമീദ് മിര്‍, ഫ്രഞ്ച് അധികാരികളില്‍ നിന്ന് വന്ന വാര്‍ത്താ നിഷേധത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ വിമാനം തകര്‍ന്നുവെന്ന പാക് ചാനലിന്റെ അവകാശവാദം തള്ളി ഫ്രഞ്ച് നാവികസേന
