താരിഫ് ഭീഷണി ഉപയോഗിച്ച് എട്ട് യുദ്ധങ്ങളില്‍ അഞ്ചും തടഞ്ഞു; അമേരിക്ക ഇപ്പോള്‍ 'ഏറ്റവും ശക്തം'-ട്രംപ്

താരിഫ് ഭീഷണി ഉപയോഗിച്ച് എട്ട് യുദ്ധങ്ങളില്‍ അഞ്ചും തടഞ്ഞു; അമേരിക്ക ഇപ്പോള്‍ 'ഏറ്റവും ശക്തം'-ട്രംപ്


വാഷിംഗ്ടണ്‍: താരിഫ് ഭീഷണിയിലൂടെ ലോകത്തിലെ എട്ട് യുദ്ധങ്ങളില്‍ അഞ്ച് എണ്ണവും തടഞ്ഞുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്ന് ട്രില്യണ്‍സ് ഡോളര്‍ താരിഫ് രൂപത്തില്‍ അമേരിക്ക സ്വന്തമാക്കുന്നുണ്ടെന്നും അതാണ് രാജ്യത്തിന്റെ സാമ്പത്തിക ശക്തിക്ക് അടിത്തറയായതെന്നും അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യലില്‍ ശക്തമായ വാചകങ്ങളോടുകൂടിയ കുറിപ്പിലൂടെയാണ് ട്രംപിന്റെ പുതിയ പരാമര്‍ശം.

'യുദ്ധം അവസാനിപ്പിക്കാന്‍ താരിഫ് തന്നെ എന്റെ ആയുധമായിരുന്നു. എട്ട് യുദ്ധങ്ങളില്‍ അഞ്ചെണ്ണം ഞാന്‍ നേരിട്ട് നിര്‍ത്തി,'- എന്ന് ട്രംപ് എഴുതി.

മേയില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം താന്‍ താരിഫ് ഭീഷണിയിലൂടെ തടഞ്ഞുവെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുവരുന്ന അവകാശവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവന. എന്നാല്‍ പാക്കിസ്ഥാനുമായുണ്ടായ സംഘര്‍ഷത്തില്‍ എപ്പോളെങ്കിളിലും ട്രംപ് ഇടപെട്ടതായി ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ബൈഡന്‍ ഭരണത്തെ ലക്ഷ്യമിട്ട് ട്രംപ് പരിഹാസവും നടത്തി. ഇപ്പോള്‍ അമേരിക്കയില്‍ 'ഏകദേശം യാതൊരു പണപ്പെരുപ്പവും ഇല്ല' എന്നവകാശപ്പെട്ട ട്രംപ്  ബൈഡന്റെ കാലത്ത് അത് 'അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശം ' നിലയിലായിരുന്നുവെന്ന് ആരോപിച്ചു. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ 48ാം തവണ സ്‌റ്റോക്ക് മാര്‍ക്കറ്റ് റെക്കോര്‍ഡ് ഉയരത്തിലെത്തിയത് തന്റെ സ്വന്തം നയങ്ങളുടെ ഫലമാണെന്ന് ട്രംപ് പറയുന്നു.

വര്‍ഷങ്ങളായി അമേരിക്കയെ താരിഫ് ഉപയോഗിച്ച് 'തട്ടിപ്പിനിരയാക്കിയ' രാജ്യങ്ങളും സ്വാധീനകേന്ദ്രങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, ഇനി രാജ്യത്തെ തകര്‍ക്കാന്‍ ആരെയും അമേരിക്കന്‍ നിയമവ്യവസ്ഥ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി.

താന്‍ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷ ഉയര്‍ത്തിപ്പിടിച്ച ട്രംപ്, ഇപ്പോള്‍ അമേരിക്ക 'ഏറ്റവും സമ്പന്നവും ശക്തവും ബഹുമാന്യവും' ആയ കാലഘട്ടത്തിലാണെന്നും ഇതിന് പിന്നില്‍ '2024 നവംബര്‍ 5'-അഥവാ താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദിനം മുതലുള്ള തന്റെ താരിഫ് നയങ്ങളും കാരണമാണെന്ന് ട്രംപ് അവകാശപ്പെട്ടു.