ബ്രസല്‍സ്: വ്യാപാരത്തിനും സുരക്ഷയ്ക്കും മൂന്നാം ലോക രാജ്യങ്ങളെ ആശ്രയിക്കുന്നതിലൂടെ യൂറോപ്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമാകുകയാണെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡ്. ജര്‍മനിയിലെ ഫ്രാങ്ക് ഫര്‍ട്ടില്‍ യൂറോപ്യന്‍ ബാങ്കിങ് കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കാന്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സേവനങ്ങള്‍ക്കും ചരക്ക് വ്യാപാരത്തിനുമുള്ള തടസങ്ങള്‍ കുറയ്ക്കുക എന്നതാണ് മുന്നേറാനുള്ള ഏക മാര്‍ഗമെന്നും അവര്‍ വിശദമാക്കി.
സേവനങ്ങള്‍ക്ക് 100 ശതമാനം താരിഫും സാധനങ്ങള്‍ക്ക് 65 ശതമാനം താരിഫും ഈടാക്കുന്നതിനു തുല്യമാണ് ഇപ്പോഴത്തെ തടസങ്ങള്‍ എന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. താരതമ്യേന തുറന്ന സമ്പദ് വ്യവസ്ഥയായ നെതര്‍ലന്‍ഡ്‌സിന്റെ നിലവാരത്തിലേയ്ക്ക് തടസങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞാല്‍ യു എസ് താരിഫുകളില്‍ നിന്നുള്ള ആഘാതം പൂര്‍ണമായും നികത്താനാകും എന്നും അവര്‍ അഭിപ്രായപ്പെട്ടു.
നയ രൂപ കര്‍ത്താക്കള്‍ യൂറോപ്പിന്റെ ബലഹീനതകളെ നിശബ്ദമായി മറച്ചുവെച്ചതായും ഇവര്‍ ആരോപിച്ചു. ഇതെല്ലാം യൂറോപ്പിനെ പിന്നോട്ടടിപ്പിച്ചു. ഡിജിറ്റല്‍ സാങ്കേതിക വിദ്യ, കൃത്രിമ ബുദ്ധി തുടങ്ങി ഭാവി വളര്‍ച്ചയെ രൂപപ്പെടുത്തുന്ന മേഖലകളും മൂലധന വിപണികളും അടങ്ങുന്ന യൂറോപ്പിന്റെ ആഭ്യന്തര വിപണി നിശ്ചലമായി. യൂറോപ്പ് സ്വന്തം രക്ഷ തേടുന്ന ദുഷിച്ച വൃത്തത്തെ അഭിമുഖീകരിച്ചു. ഇവര്‍ യു എസ് സ്റ്റോക്കുകള്‍ക്ക് പണം നല്‍കി. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ യൂറോപ്യന്‍ യൂണിയനെക്കാള്‍ വേഗത്തില്‍ മുന്നേറാന്‍ ഇത് സഹായിച്ചു. സ്വദേശത്തെ ഉത്പാദന ക്ഷമത സ്തംഭിച്ചു. മറ്റുള്ളവരെ ആശ്രയിക്കുന്നത് വര്‍ധിച്ചു- യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി വിശദീകരിച്ചു. യൂറോപ്യന്‍ യൂണിയന്‍ അന്താരാഷ്ട്ര വ്യാപാരത്തെ ആശ്രയിച്ചത് സമ്പദ് വ്യവസ്ഥ ദുര്‍ബലമാക്കുന്നതിന് കാരണമായതായി സെന്‍ട്രല്‍ ബാങ്ക് മേധാവി ചൂണ്ടിക്കാട്ടി. ബ്ലോക്കിലെ കയറ്റുമതിക്കാരെ സമ്പന്നരാക്കിയ വ്യാപാരത്തില്‍ നിന്ന് പ്രധാന പങ്കാളികള്‍ പിന്മാറിയതും മറ്റൊരു കാരണമായി.
സുരക്ഷയ്ക്കും നിര്‍ണായക അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തിനും മൂന്നാം രാജ്യങ്ങളെ ആശ്രയിച്ചത് യൂറോപ്പിനെ തളര്‍ത്തി. ഇലക്ട്രിക്ക് മോട്ടോറുകളിലും കാറ്റാടി യന്ത്രങ്ങളിലും നിര്‍ണായകമായ അപൂര്‍വ എര്‍ത്ത് ലോഹങ്ങളുടെ വിതരണത്തിലെ ചൈനയുടെ ആധിപത്യവും യൂറോപ്പിന് ഏറെ ദോഷം ചെയ്തു. എല്ലാ വ്യാപാര പങ്കാളികള്‍ക്കും ഉയര്‍ന്ന താരിഫുകള്‍, യു എസ് ചുമത്തിയതിനെയു യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി വിമര്‍ശിച്ചു.
