രാജസ്ഥാനില്‍ പുതിയ മതം മാറ്റനിയമത്തിന് കീഴില്‍ ആദ്യ കേസ് ; കൊട്ടയിലെ 'സ്പിരിച്ച്വല്‍ സത്സംഗ്' വിവാദത്തില്‍

രാജസ്ഥാനില്‍ പുതിയ മതം മാറ്റനിയമത്തിന് കീഴില്‍ ആദ്യ കേസ് ; കൊട്ടയിലെ 'സ്പിരിച്ച്വല്‍  സത്സംഗ്' വിവാദത്തില്‍


ജയ്പൂര്‍:  രാജസ്ഥാന്റെ പുതിയ മതമാറ്റ നിരോധന നിയമപ്രകാരം ആദ്യ കേസ് കൊട്ടയില്‍ രജിസ്റ്റര്‍ ചെയ്തു. ബെര്‍ഷെബാ ചര്‍ച്ചില്‍ നവംബര്‍ 4 മുതല്‍ 6 വരെ നടന്ന 'സ്പിരിച്ച്വല്‍ സത്സംഗ്' പരിപാടിയില്‍ വാഗ്ദാനങ്ങള്‍ നല്‍കി മതമാറ്റം നടത്തിയതായുള്ള ആരോപണത്തിലാണ് രണ്ട് ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെ പോലീസ് കേസ് എടുത്തത്.

വിവിധ ഹിന്ദു സംഘടനകളായ വിശ്വ ഹിന്ദു പരിഷത്, ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് നവംബര്‍ 20നു രാത്രിയാണ് ബോര്‍ഖേഡാ പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. നവദില്ലി സ്വദേശിയായ പാസ്റ്റര്‍ ചാണ്ടി വര്‍ഗീസ്, കൊട്ടയിലെ പാസ്റ്റര്‍ അരുണ്‍ ജോണ്‍ എന്നിവര്‍ക്കാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

എഫ്.ഐ.ആറില്‍, പ്രതികള്‍ ഹിന്ദു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തിയതായും, 'രാജസ്ഥാന്‍ സര്‍ക്കാര്‍ പിശാചിന്റെ രാജ്യം എന്ന് വിശേഷിപ്പിച്ചതായും പോലീസ് രേഖപ്പെടുത്തി. കൂടാതെ, പരിപാടിയില്‍ കുറെ പേരെ ജ്ഞാനസ്‌നാനം ചെയ്യിച്ചതായും ക്രിസ്തുമതം സ്വീകരിക്കാന്‍ വേദിയില്‍ നിന്നു മറ്റുള്ളവരെ പ്രേരിപ്പിച്ചതായും ആരോപണത്തിലുണ്ട്.

പുതിയ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 299 (മതാഭിമാനത്തെ വ്രണപ്പെടുത്തുന്ന പ്രവൃത്തി) ഉള്‍പ്പെടെ, രാജസ്ഥാന്‍ പ്രൊഹിബിഷന്‍ ഓഫ് അണ്‍ലോഫുള്‍ കണ്‍വേഴ്ഷന്‍ ഓഫ് റിലീജന്‍ ആക്ട്, 2025 ലെ സെക്ഷന്‍ 3, 5 എന്നിവ ചുമത്തിയാണ് കേസ്.

പരിപാടിയുടെ സോഷ്യല്‍ മീഡിയ ലൈവ് വീഡിയോ ക്ലിപ്പുകള്‍, വേദിയില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചതായി പറഞ്ഞ യുവാക്കളുടെ പ്രസ്താവനകള്‍ എന്നിവയെല്ലാം പോലീസ് പരിശോധിക്കുകയാണ്. പങ്കെടുത്തവരുടെ മൊഴികളും രേഖപ്പെടുത്തുമെന്ന് സ്രോതസ്സുകള്‍ അറിയിച്ചു.

'ഒളിപ്പിക്കാനൊന്നുമില്ല- എല്ലാം പൊതുവേദിയിലുണ്ട്. യാതൊരു നിയമലംഘനവും നടന്നിട്ടില്ല,' എന്ന് പാസ്റ്റര്‍ അരുണ്‍ ജോണ്‍ ദ ഹിന്ദുവിനോട് പറഞ്ഞു. മൂന്ന് ദിവസത്തിനകം നോട്ടിസിന് മറുപടി നല്‍കണമെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം.

സെപ്റ്റംബര്‍ 9നാണ് പുതിയ മതമാറ്റ നിരോധന ബില്‍ അസംബ്ലി പാസാക്കിയത്. ഒക്ടോബര്‍ 29ന് നിയമം പ്രാബല്യത്തില്‍ വന്നു. ജീവപര്യന്തം തടവിനും 1 കോടി രൂപവരെ പിഴയ്ക്കുമുള്ള കര്‍ശന ശിക്ഷകള്‍, അനധികൃത മതമാറ്റം നടത്തിയതായി കണ്ടെത്തിയാല്‍ സ്വത്ത് പിടിച്ചെടുക്കല്‍, പൊളിച്ചുനീക്കല്‍ തുടങ്ങിയ വ്യവസ്ഥകളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'മതം മാറിയവര്‍ക്ക് ആദ്യം ഉണ്ടായിരുന്ന മതത്തിലേക്ക് മടങ്ങിവരുന്നതിന് നിയമത്തില്‍ വിലക്കില്ല എന്നതാണ് ശ്രദ്ധേയമായ വ്യവസ്ഥ.

രാജസ്ഥാനിനു മുന്‍പ് ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ് തുടങ്ങിയ ബി.ജെ.പി ഭരണ സംസ്ഥാനങ്ങളിലും സമാന നിയമങ്ങള്‍ നിലവിലുണ്ട്.

അതേസമയം, നിയമം ഭരണഘടനാ ലംഘനമാണെന്നാരോപിച്ച് ജയ്പൂര്‍ കത്തോലിക് വെല്‍ഫെയര്‍ സൊസൈറ്റി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.