വാഷിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലെ വിവാദപ്രസിദ്ധയായ റിപ്പബ്ലിക്കന്‍ നേതാവും മുന്‍ ട്രംപ് കൂട്ടാളിയുമായ മാര്‍ജോറി ടെയ്ര്‍ ഗ്രീന്‍ പ്രതിനിധി സഭയിലെ അംഗത്വത്തില്‍ നിന്ന് രാജിവെക്കും എന്ന പ്രഖ്യാപനവുമായി രംഗത്തെത്തി. ജെഫ്രി എപ്‌സ്‌റ്റൈന്‍ ഫയല്‍ വിവാദം രൂക്ഷമാകുന്നതിന്റെയും ട്രംപ് തുറന്ന പരസ്യ വിമര്‍ശനം ഉയര്‍ത്തിയതിന്റെയും പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഗ്രീന്‍ വെള്ളിയാഴ്ച (നവം. 21) എക്‌സില്‍ നല്‍കിയ പ്രസ്താവനയിലാണ് താന്‍ രാജിവെക്കുന്നതായി മാര്‍ജോറി ടെയ്ര്‍ ഗ്രീന്‍അറിയിച്ചത്.
'2026 ജനുവരി 5 എന്റെ അവസാന ദിവസമായിരിക്കും. 14ാം വയസ്സില്‍ ബലാത്സംഗം ചെയ്യപ്പെട്ടും കച്ചവടത്തിനിരയാക്കപ്പെടുകയും ചെയ്ത അമേരിക്കന്‍ പെണ്‍കുട്ടികള്‍ക്കായി ശബ്ദമുയര്‍ത്തിയത് കൊണ്ട് അമേരിക്കന്‍ പ്രസിഡന്റായി ഞാന്‍ പിന്തുണച്ച വ്യക്തിയില്‍ നിന്ന് 'വഞ്ചകി' എന്ന വിളിപ്പേര് കേള്‍ക്കേണ്ടിവന്നിരിക്കുകയാണ്' - ഗ്രീന്‍ കഠിനമായി പ്രതികരിച്ചു.
എപ്‌സ്‌റ്റൈന്‍ കേസിലെ രേഖകള്‍ പൂര്‍ണമായി വെളിപ്പെടുത്താനുള്ള ബില്ല് ട്രംപ് ഒപ്പുവെച്ചതിനുശേഷമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഗ്രീന്‍ ഇതിനെ ശക്തമായി സ്വാഗതം ചെയ്തുവെങ്കിലും, ചില 'ശക്തരായ വ്യക്തികള്‍'ക്കുള്ള ബന്ധങ്ങളെ കുറിച്ചുള്ള അവളുടെ പൊതു പരാമര്‍ശങ്ങളാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരിക്കല്‍ ട്രംപിന്റെ ഉറച്ച പിന്തുണക്കാരിയെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ഗ്രീനെ കഴിഞ്ഞ ആഴ്ച ട്രംപ് നേരിട്ട് വഞ്ചകി, അനുസരണയില്ലാത്തവള്‍ എന്നീ വാക്കുകള്‍ വിളിച്ച് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ഇതോടെ ഇരുവരുടെയും ബന്ധം വഷളായെന്ന വിലയിരുത്തലുകള്‍ക്കും കൂടുതല്‍ തൂക്കം ലഭിച്ചു.
ഗ്രീനിന്റെ രാജിക്കുറിപ്പ് റിപ്പബ്ലിക്കന്മാര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുയും പാര്‍ട്ടിയുടെ 2026 തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തല്‍.
എപ്‌സ്‌റ്റൈന്‍ ഫയല്‍ വിവാദത്തിനിടെ ട്രംപിന്റെ കൂട്ടാളി മാര്‍ജോറി ടെയ്‌ലര്‍ ഗ്രീന്‍ രാജി പ്രഖ്യാപിച്ചു
