യു എസ് സൈന്യത്തിലെ ഉന്നതര്‍ ചര്‍ച്ചകള്‍ക്കായി യുക്രെയ്‌നിലെത്തി

യു എസ് സൈന്യത്തിലെ ഉന്നതര്‍ ചര്‍ച്ചകള്‍ക്കായി യുക്രെയ്‌നിലെത്തി


കീവ്: യുദ്ധം അവസാനിപ്പിക്കുന്ന ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു എസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ യുക്രെയ്‌നില്‍ എത്തിയതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. യു എസ് ആര്‍മി സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോള്‍ നയിക്കുന്ന സംഘമാണ് യുക്രെയ്ന്‍ പ്രധാനമന്ത്രി യൂലിയ സ്വിറിഡെന്‍കോയുമായി ചര്‍ച്ച നടത്തിയത്. അവര്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌ക്കിയുമായും കൂടിക്കാഴ്ച നടത്തും. 

അമേരിക്കയും റഷ്യയും യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ ചട്ടക്കൂട് തയ്യാറാക്കിയെന്ന റിപ്പോര്‍ട്ടുകളുണ്ട്. അതില്‍ യുക്രെയ്ന്‍ ഭൂപ്രദേശം വിട്ടുകൊടുക്കുന്നതുള്‍പ്പെടെയുള്ള വലിയ ഇളവുകളും സൈന്യത്തിന്റെ വലുപ്പത്തില്‍ വന്‍ ചുരുക്കവും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, റഷ്യന്‍ പ്രത്യേക ദൂതന്‍ കിരില്‍ ദിമിത്രിയേവ് എന്നിവരാണ് കരട് പദ്ധതി തയ്യാറാക്കിയത്.

വാഷിങ്ടണും മോസ്‌കോയും പദ്ധതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എക്‌സില്‍ പോസ്റ്റ് ചെയ്തതില്‍ 'ദീര്‍ഘകാല സമാധാനം ഉറപ്പാക്കാന്‍ ഇരുവശവും ആവശ്യമായ ഇളവുകള്‍ സമ്മതിക്കേണ്ടതുണ്ട്' എന്ന് വ്യക്തമാക്കി.

ഡ്രിസ്‌കോള്‍ നയിക്കുന്ന സംഘം ട്രംപ് ഈ വര്‍ഷം ജനുവരിയില്‍ അധികാരമേറ്റ് ശേഷം കീവിലെത്തുന്ന ഏറ്റവും ഉയര്‍ന്നനിര സൈനിക പ്രതിനിധി സംഘമാണ്. അദ്ദേഹത്തോടൊപ്പം ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാന്‍ഡി ജോര്‍ജ്, യൂറോപ്പിലെ മുന്‍നിര യു എസ് സൈനിക കമാന്‍ഡര്‍ ജനറല്‍ ക്രിസ് ഡോണാഹ്യു, സര്‍ജന്റ് മേജര്‍ മൈക്കല്‍ വൈമര്‍ എന്നിവരുമുണ്ട്. 

മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം കരട് പദ്ധതിയിലെ 28-പോയിന്റുകളുടെ വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ആക്‌സിയോസ്, ഫിനാന്‍ഷ്യല്‍ ടൈംസ്, റോയിറ്റേഴ്‌സ് തുടങ്ങിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുക്രെയ്ന്‍ ഇപ്പോഴും നിയന്ത്രണത്തിലുള്ള ഡോണ്ബാസ് പ്രദേശങ്ങളിലെ ഭൂപ്രദേശങ്ങള്‍ വിട്ടുകൊടുക്കുകയും സൈന്യത്തിന്റെ വലുപ്പം ചുരുക്കുകയും ആയുധങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം വരുത്തുകയും വേണമെന്നാണ് പദ്ധതിയുടെ നിബന്ധനകള്‍.

യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ഭൂപ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്നതിനെ പലവട്ടം പരസ്യമായി എതിര്‍ത്തിട്ടുണ്ട്. 

എന്നാല്‍ അമേരിക്കയുമായി ചില 'ബന്ധങ്ങള്‍' ഉണ്ടായിട്ടുണ്ടെങ്കിലും ഔദ്യോഗിക ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നാണ് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത്. കരട് പദ്ധതി തയ്യാറാക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോ യുക്രെയ്ന്‍ പ്രതിനിധികളോ പങ്കെടുത്തിട്ടില്ലെന്ന കാര്യം യൂറോപ്പില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. 

യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി മുന്നറിയിപ്പ് നല്‍കിയത് ഏതൊരു പദ്ധതിയും യുക്രെയ്‌നിനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സമ്പൂര്‍ണമായി ബോധ്യപ്പെടേണ്ടതുണ്ടെന്നാണ്. ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍ നോവല്‍ ബാരോയും യുക്രെയ്‌നിനെ അടക്കിയുള്ള യാതൊരു പദ്ധതിയും വേണ്ട എന്നാണ് വ്യക്തമാക്കിയത്. 

അമേരിക്കന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം യുക്രെയ്ന്‍ പ്രധാനമന്ത്രി സമാധാന പദ്ധതിയെക്കുറിച്ച് പ്രതികരിച്ചില്ല. എന്നാല്‍ റഷ്യന്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളും യഥാര്‍ഥ നിലയും വിലയിരുത്താനുള്ള അവസരമാണ് ഈ സന്ദര്‍ശനം എന്ന് പറഞ്ഞു.


ബുധനാഴ്ച പദ്ധതി പുറത്തുവന്നതിന് മണിക്കൂറുകള്‍ക്കുള്ളില്‍ യുക്രെയ്ന്‍ പടിഞ്ഞാറന്‍ നഗരമായ ടെര്‍നോപിലില്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടുവെന്നും 22 പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണസമയത്ത് സെലെന്‍സ്‌കി തുര്‍ക്കിയിലായിരുന്നു. ട്രംപിന്റെ ദൂതനുമായി അങ്കാറയില്‍ ചര്‍ച്ച നടക്കാനിരിക്കുകയായിരുന്നുവെങ്കിലും അത് റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.

കീവിലെത്തിയ യു എസ് ആര്‍മി സെക്രട്ടറിയുടെ സന്ദര്‍ശനത്തെക്കുറിച്ച് യു എസ് സൈന്യം നല്‍കിയ ഔദ്യോഗിക പ്രസ്താവനയില്‍ സമാധാന പദ്ധതിയെപ്പറ്റി ഒന്നും പരാമര്‍ശിച്ചില്ല. യുദ്ധം അവസാനിപ്പിക്കുന്ന ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും യഥാര്‍ഥ സ്ഥിതിഗതികള്‍ വിലയിരുത്താനും വന്നതാണെന്നാണ് ആര്‍മി വക്താവ് കേണല്‍ ഡേവിഡ് ബട്ട്ലര്‍ പറഞ്ഞത്.

സെലെന്‍സ്‌കിയും ട്രംപും നിലവിലുള്ള യുദ്ധരേഖകളില്‍ യുദ്ധം നിര്‍ത്തുന്നതിനെക്കുറിച്ച് ധാരണയിലെത്തിയതായി സുരക്ഷാ ഉറപ്പുകള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും പറഞ്ഞു.

യുക്രെയ്ന്‍ പ്രതിരോധ മന്ത്രി ഡെനിസ് ഷ്മിഹാല്‍ യു എസ് ആര്‍മി സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ട്രംപും സെലെന്‍സ്‌കിയും എത്തിച്ചേര്‍ന്ന ചരിത്രപരമായ പ്രതിരോധ കരാറുകള്‍ നടപ്പാക്കാനുള്ള അടുത്ത ഘട്ടങ്ങളിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്ന് എക്‌സില്‍ കുറിച്ചു.

യുക്രെയ്ന്‍ സൈന്യത്തെ കുറക്കുകയും നിഷ്പക്ഷത സ്വീകരിക്കണമെന്നും 2024 മുതല്‍ റഷ്യ ആവര്‍ത്തിച്ചു വരുന്ന വ്യവസ്ഥകളാണ്.

ഇതിനിടെ, യുക്രെയ്‌നിലെ യു എസ് പ്രത്യേക ദൂതനായ കീത്ത് കെല്ലോഗ് ജനുവരിയില്‍ രാജി വയ്ക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.  ട്രംപിന്റെ നിലപാട് പലപ്പോഴും റഷ്യന്‍ പക്ഷത്താണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്ന സമയത്ത് കെല്ലോഗ് വൈറ്റ് ഹൗസിലെ യുക്രെയന്‍ പിന്തുണ ശബ്ദമായിരുന്നു.