ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സോഹ്രാന്‍ മംദാനിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച നവംബര്‍ 21ന് നടക്കും. സോഷ്യലിസ്റ്റ് നേതാവായ മംദാനിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്നെയാണ് ഈ നീക്കം. മംദാനിയുടെ ക്ഷണത്തെ അടിസ്ഥാനമാക്കി കൂടിക്കാഴ്ച നിശ്ചയിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് മംദാനിയെ 'കമ്മ്യൂണിസ്റ്റ് പൈശാചികന്‍' എന്ന് വിശേഷിപ്പിച്ചിരുന്ന ട്രംപ്, ഇപ്പോള്‍ നഗരത്തിന്റെ വികസനത്തിനായി സഹകരിക്കുമെന്നും സൂചിപ്പിച്ചു. 'ന്യൂയോര്‍ക്കിനുവേണ്ടി നമ്മള്‍ ഒന്നിച്ച് എന്തെങ്കിലും ചെയ്ത് കാര്യങ്ങള്‍ ശരിയാക്കാം,' കഴിഞ്ഞ ഞായറാഴ്ച ട്രംപ് പറഞ്ഞിരുന്നു.
ട്രംപിനെ നേരിട്ട് അഭിസംബോധന ചെയ്ത് മംദാനി
വിജയപ്രസംഗത്തില്‍ ട്രംപിനെ നേരിട്ട് വിമര്‍ശിച്ച മംദാനി, 'ഡോണള്‍ഡ് ട്രംപ്, താങ്കള്‍ കാണുന്നുണ്ടെന്ന് ഞാന്‍ അറിയുന്നു. നാല് വാക്കുകള്‍: വോള്യം കൂട്ടി കേള്‍ക്കൂ!' എന്നാണ് പറഞ്ഞത്. ട്രംപിന്റെ പിന്തുണയുള്ള മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോയെയും റിപ്പബ്ലിക്കന്‍ കര്‍ട്ടിസ് സില്വയെയും പരാജയപ്പെടുത്തിയായിരുന്നു മംദാനിയുടെ വിജയം.
' കുടിയേറ്റക്കാരാണ് ഈ നഗരം നിര്‍മ്മിച്ചതും മുന്നോട്ട് കൊണ്ടുപോകുന്നതും. ഇനി ഒരു കുടിയേറ്റക്കാരനാണ് ഈ നഗരത്തെ നയിക്കാന്‍ പോകുന്നത്,' മംദാനി പ്രസംഗത്തില്‍ പറഞ്ഞു.
മംദാനിയുടെ പ്രസംഗം 'വളരെ കോപം നിറഞ്ഞത് ' ആണെന്ന് പ്രതികരിച്ച ട്രംപ്, നിയുക്ത മേയര്‍ തന്നോട് സൗഹൃദപരമായി പെരുമാറണം എന്നാണ് ഉപദേശിച്ചത്. 'അയാളുടെ(മംദാനിയുടെ) അടുത്തേക്ക് വരുന്ന പല കാര്യങ്ങള്‍ക്കും ഒടുവില്‍ അനുമതി നല്‍കേണ്ടത് ഞാനാണ്. തുടക്കത്തില്‍ തന്നെ തെറ്റായ വഴിയിലാണ് അയാള്‍,' എന്നും ട്രംപ് പറഞ്ഞു.
മംദാനി ജയിച്ചാല്‍ 'അത്യാവശ്യമായ മിനിമം ഫെഡറല്‍ ഫണ്ടിംഗ് ഒഴികെ മറ്റൊന്നും നല്‍കില്ല' എന്ന് ട്രംപ് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ന്യൂയോര്‍ക്കിലെ കമ്മ്യൂണിസ്റ്റ് മേയറെ കാണാന്‍ ട്രംപ് സമ്മതിച്ചു; നവംബര്‍ 21ന് കൂടിക്കാഴ്ച
