സൗദി കിരീടാവകാശിക്കു നേരെ യു എസില്‍ കടുത്ത ചോദ്യങ്ങള്‍

സൗദി കിരീടാവകാശിക്കു നേരെ യു എസില്‍ കടുത്ത ചോദ്യങ്ങള്‍


വാഷിങ്ടണ്‍: യു എസ് സന്ദര്‍ശനത്തിനിടെ കടുത്ത ചോദ്യങ്ങള്‍ നേരിട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. 9/11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ചോദ്യങ്ങളാണ് കിരീടാവകാശിക്ക് നേരിടേണ്ടി വന്നത്. 

സൗദി അറേബ്യ ഇത്തരത്തില്‍ ഒരു സംഭവം 'വീണ്ടും ഒരിക്കലും ആവര്‍ത്തിക്കാതിരിക്കുന്നതിന് പരമാവധി ശ്രമിക്കുന്നു' എന്നാണ് അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. 

സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സൗദി കിരീടാവകാശി 2018-ലെ പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകവും 9/11 ആക്രമണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും നേരിടേണ്ടി വരികയായിരുന്നു. 

വാഷിങ്ടണ്‍ പോസ്റ്റ് പത്രപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗ്ഗി 2018-ല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലാണ് കൊല്ലപ്പെട്ടത്. യു എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ കൊലപാതകത്തില്‍ കിരീടാവകാശിക്ക് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജമാലിനെ 'വിവാദനായകന്‍', 'പലര്‍ക്കും ഇഷ്ടമില്ലാത്തവന്‍' തുടങ്ങിയ രീതിയില്‍ വിശേഷിപ്പിച്ചതില്‍ ജമാലിന്റെ ഭാര്യ ഹനാന്‍ ഇലതര്‍ ഖഷോഗ്ഗി കടുത്ത നിരാശ പ്രകടിപ്പിച്ചു.

അമേരിക്കയിലെ എ ബി സി ന്യൂസിന്റെ മേരി ബ്രൂസിന്റെ ചോദ്യത്തെ ട്രംപ് 'റിപ്പോര്‍ട്ടറുടെ ഭീകര പെരുമാറ്റം' എന്ന് വിശേഷിപ്പിക്കുകയും സൗദിയുമായി തന്റെ കുടുംബത്തിന്റെ ബിസിനസിനെക്കുറിച്ചുള്ള ചോദ്യത്തിന് ശേഷം ടിവി നെറ്റ്വര്‍ക്കിന്റെ ലൈസന്‍സ് പോലും പിന്‍വലിക്കാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

9/11 ആക്രമണത്തില്‍ സൗദി അറേബ്യയ്ക്ക് പങ്കില്ലെന്ന നിലപാട് സല്‍മാന്‍ രാജകുമാരന്‍ ആവര്‍ത്തിച്ചു. 

ഒസാമ ബിന്‍ ലാദന്‍ 9/11ല്‍ സൗദി പൗരന്മാരെ ഉപയോഗിച്ചത് അവരുടെ ലക്ഷ്യത്തിലെത്താനും അമേരിക്ക- സൗദി ബന്ധം നശിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ 9/11 കുടുംബങ്ങളെക്കുറിച്ച് തനിക്കും വേദനയുണ്ടെന്നും കിരീടാവകാശി സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയും സൗദിയും തമ്മിലുള്ള ശക്തമായ ബന്ധം തീവ്രവാദത്തിനും അതിവാദ ചിന്തകള്‍ക്കും ദോഷകരമാണെന്നും അതിനാല്‍ ഈ ബന്ധം തകര്‍ക്കാന്‍ ബിന്‍ ലാദന്‍ ശ്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജമാല്‍ ഖഷോഗ്ഗിയുടെ മരണം 'വേദനാജനകവും വലിയ പിഴവുമായിരുന്നുവെന്ന്' കിരീടാവകാശി അഭിപ്രായപ്പെട്ടു.

അതേസമയം യു എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തള്ളി ഖഷോഗ്ഗി പലര്‍ക്കും ഇഷ്ടമില്ലാത്ത ആളായിരുന്നു എന്നാണ് ട്രംപ് പ്രസ്താവിച്ചത്. എബിസിയെ 'ഫേക്ക് ന്യൂസ്' എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജെഫ്രി എപ്‌സ്‌റ്റൈന്റെ കത്തുകളെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിടാന്‍ വൈറ്റ് ഹൗസ് താമസിക്കുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ച മേരി ബ്രൂസിനെതിരെ ട്രംപ് വീണ്ടും വേദിയില്‍ തന്നെ കടുത്ത വിമര്‍ശനം നടത്തി.

ചോദ്യമല്ല സമീപനമാണ് പ്രശ്‌നമെന്നും ഭീകര റിപ്പോര്‍ട്ടറാണെന്നും ട്രംപ് പറഞ്ഞു.