വിര്‍ജീനിയ: ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറില്ലെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഹസീനയുടെ മകന്‍ സജീബ് വസീദ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതിനു പിന്നാലെയായിരുന്നു മകന്റെ പ്രതികരണം.
ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ആവശ്യം ഇന്ത്യ അംഗീകരിക്കില്ലെന്നും തന്റെ മാതാവിന്റെ ജീവന്‍ സംരക്ഷിച്ച നാടാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശില്‍ നിന്നും രക്ഷപ്പട്ടില്ലായിരുന്നുവെങ്കില്‍ തീവ്രവാദികള്‍ അവരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
2024ല്‍ ഓഗസ്റ്റില്‍ ബംഗ്ലാദേശിലുണ്ടായ സംഘര്‍ഷങ്ങളെ നേരിടുന്നതില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന് അംഗീകരിക്കുമ്പോഴും സംഭവങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അട്ടിമറിയുണ്ടെന്നും സജീബ് വസീദ് വാദിക്കുന്നു. 2013ലെ കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടത്. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച ധാക്കയിലെ അന്താരാഷ്ട്ര പ്രത്യേക ക്രൈംസ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിയമാനുസൃതമല്ലെന്നു വാദിച്ചാണ് വസീദ് നിലപാട് വ്യക്തമാക്കിയത്.
ജുഡീഷ്യല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഷെയ്ഖ് ഹസീനയുള്‍പ്പെട്ട കേസുകളില്‍ വിചാരണ നടന്നതെന്നും വിചാരണയ്ക്കു മുമ്പ് 17 ജഡ്ജിമാരെ പിരിച്ചു വിടുകയും പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ നിയമവിരുദ്ധമായി നിയമഭേദഗതികള്‍ നടത്തുകയും ചെയ്തതായി എ എന്‍ ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സജീബ് പറഞ്ഞു.
വിചാരണയില്‍ പ്രതിഭാഗം അഭിഭാഷകരെ പങ്കെടുപ്പിക്കുക പോലും ചെയ്തിട്ടില്ല. ഇത്തരത്തില്‍ ഒരു നടപടികളും പാലിക്കാതെ പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഒരു രാജ്യവും ഒരാളെ കൈമാറില്ലെന്നും സജീബ് പറഞ്ഞു.
