ബിഹാറിലെ ജയം ബിജെപി-ജെഡിയു സഖ്യം സ്ത്രീകള്‍ക്ക് പണം കൊടുത്തുവാങ്ങിയതെന്ന് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ജയം ബിജെപി-ജെഡിയു സഖ്യം സ്ത്രീകള്‍ക്ക് പണം കൊടുത്തുവാങ്ങിയതെന്ന് പ്രശാന്ത് കിഷോര്‍


പാട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം ജനസുരാജ് പാര്‍ട്ടിയുടെ അരങ്ങേറ്റം വന്‍പരാജയത്തില്‍ കലാശിച്ച പശ്ചാത്തലത്തില്‍, ഗൗരവമായ ആരോപണവുമായി മുന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജനസുരാജ് നേതാവുമായ പ്രശാന്ത് കിഷോര്‍ രംഗത്തെത്തി. എന്‍ഡിഎ- പ്രത്യേകിച്ച് ജെഡിയുവും ബിജെപിയും - 1.21 കോടി സ്ത്രീകള്‍ക്ക് വോട്ടെടുപ്പിന് മുന്‍പായി 10,000 വീതം നല്‍കി 'വോട്ടു വാങ്ങി' എന്നായിരുന്നു കിഷോറിന്റെ ആരോപണം. കൂടാതെ ആറുമാസത്തിനിടെ സ്വയംതൊഴില്‍ പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് 2 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതും തെരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

എന്‍ഡിടിവി എഡിറ്റര്‍ഇന്‍ചീഫ് രാഹുല്‍ കന്‍വാളിനോട് നല്‍കിയ ആദ്യ പോസ്റ്റ്‌പോള്‍ അഭിമുഖത്തിലാണ് കിഷോര്‍ വിമര്‍ശനം ഉന്നയിച്ചത്. '10,000 രൂപ കൊടുത്താല്‍ മതി, വോട്ട് മാറും. ജെഡിയുവിന് 25 സീറ്റ് പോലും കിട്ടേണ്ട കാര്യമില്ലായിരുന്നു. പക്ഷേ പണം കൊടുത്താണ് 80ലേറെ സീറ്റുകള്‍ 'വിജയിച്ചത് ' -അദ്ദേഹം ആരോപിച്ചു.

ജെഡിയുവിന് 2015ലെ അപേക്ഷിച്ച് 42 സീറ്റ് കൂടുതലും, താന്‍ പ്രവചിച്ചതിനെക്കാള്‍ 60 സീറ്റ് കൂടുതലും ലഭിച്ചതിന് പിന്നില്‍ പണം ചെലവഴിച്ചത് തന്നെയാണെന്ന് പ്രശാന്ത് കിഷോര്‍പറഞ്ഞു. ഓരോ മണ്ഡലത്തിലെയും 100 കോടി മുതല്‍ 125 കോടിരൂപ വരെ പൊതു ജനങ്ങളിലേക്ക് ഒഴുക്കിയതായും, അതില്‍ 60,000-62,000 സ്ത്രീകള്‍ക്ക് നേരിട്ട് 10,000 രൂപ നല്‍കിയതായും അദ്ദേഹം ആരോപിച്ചു.

'മുഖ്യമന്ത്രിയുടെ വനിതാ തൊഴിലുറപ്പ് പദ്ധതി' പ്രകാരം നല്‍കിയ തുകയാണെന്ന സര്‍ക്കാരിന്റെ വാദത്തെ കിഷോര്‍ ചോദ്യം ചെയ്തു. മാനിഫെസ്‌റ്റോ പുറത്തിറങ്ങിയ ദിവസത്തില്‍ നിന്ന് തെരഞ്ഞെടുപ്പുദിവസം വരെ സ്‌കീമുകളുടെ പണം ഒഴുക്കിയതിന് പിന്നില്‍ വ്യക്തമാക്കിയ ലക്ഷ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ഇടപാടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടാതിരുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.

മുന്‍പ് നടത്തിയ പത്രസമ്മേളനത്തില്‍, ഇത്തരത്തിലുള്ള വാഗ്ദാനം നല്‍കിയതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് കിഷോര്‍ പ്രസ്താവിച്ചിരുന്നു. 'ആറുമാസത്തിനുള്ളില്‍ 1.5 കോടി ബിഹാറി യുവാക്കള്‍ക്ക് സ്വയംതൊഴില്‍ അവസരങ്ങള്‍ നല്‍കണമെന്നും, അല്ലെങ്കില്‍ ഇതെല്ലാം വെറും വഞ്ചനയാണെന്നും' അദ്ദേഹം പറഞ്ഞു.

അതേസമയം, വിപി നേതാവ് മുഖേഷ് സഹാനിയും  ജനസുരാജ് നേതാവ് ഉദയ് സിങും 40,000 കോടി രൂപ വരെ സര്‍ക്കാര്‍ തെറ്റായ രീതിയില്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചിരുന്നു. വേള്‍ഡ് ബാങ്കില്‍ നിന്ന് ലഭിച്ച 14,000 കോടിരൂപയുടെ വായ്പപോലും സര്‍ക്കാര്‍ വകമാറ്റിചെലവഴിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

 ജനസുരാജിന്റെ ശ്രമങ്ങള്‍ വോട്ടായി മാറിയില്ലെങ്കിലും ബിഹാറിന്റെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പുതിയ ദിശനല്‍കിയതായി തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരിച്ച കിഷോര്‍ പറഞ്ഞു. ബിഹാറിലെ വോട്ടര്‍മാരെ ജാതി-മത വോട്ടുകളും, ലാലു ഭയവും, ബിജെപി ഭയവും നിര്‍ണയിക്കുകയാണെന്നും ഈ രണ്ട് അറ്റങ്ങളിലുമുള്ള വോട്ടര്‍സമൂഹത്തെ തനിക്ക് തൊടാനായില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ജന്‍സുരാജ് ആദ്യം നാലിടങ്ങളില്‍ ലീഡ് നടത്തിയെങ്കിലും അടുത്ത റൗണ്ടുകളോടെ പിന്നോട്ടുപോയി. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെതന്നെ അവസാനം ഒരിടത്തും വിജയം കാണാതെ, നാലുശതമാനത്തില്‍ താഴെ വോട്ടുഷെയര്‍ മാത്രമാണ് ലഭിച്ചത്.