വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രീ എപ്‌സ്‌റ്റൈനെ സംബന്ധിച്ച സര്‍ക്കാര്‍ രഹസ്യഫയലുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ബില്ലിന് ചൊവ്വാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസ് നിര്‍ണായക അംഗീകാരം നല്‍കി. മാസങ്ങളോളം നീര്‍ന്ന രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും ഉള്‍പ്പാര്‍ട്ടി വിയോജിപ്പുകള്‍ക്കും ശേഷം പാസായ ബില്‍, ട്രംപ് ഭരണകൂടത്തിലെ MAGA വിഭാഗത്തിനുള്ള വലിയ പിളര്‍പ്പ് ആയി വിലയിരുത്തപ്പെടുന്നു.
ഒന്നിനെതിരെ 427 അംഗങ്ങളുടെ പിന്തുണയോടെ പ്രതിനിധി സഭ ബില്‍ പാസ്സാക്കുകയായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനെ അവഗണിച്ച് ഒരു വിഭാഗം റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഡെമോക്രാറ്റുകളുമായി ചേര്‍ന്നതോടെയാണ് ബില്‍ മുന്നോട്ട് പോയത്. തുടര്‍ന്ന്, ബില്‍ സെനറ്റിലെത്തിയപ്പോള്‍ സെനറ്റ് മൈനോറിറ്റി ലീഡര്‍ ചക്ക് ഷൂമര്‍, ഇതിനെ ഏകകണ്ഠമായി പാസാക്കാനുള്ള നടപടിയെടുക്കുകയും ഒരു സെനറ്ററും എതിര്‍പ്പ് രേഖപ്പെടുത്താതിരിക്കുകയും ചെയ്തു. ഇതോടെ ബില്‍ നേരിട്ട് പ്രസിഡന്റ് ട്രംപിന്റെ ഒപ്പിടലിനായി മുന്നേറി.
'ലോകത്തിലെ ഏറ്റവും ശക്തരായവരോട്, രാജ്യത്തിന്റെ പ്രസിഡന്റോട് പോലും ഏറ്റുമുട്ടിയാണ് ഇരകളാക്കപ്പെട്ട അതിജീവതകള്‍ ഇന്ന് വിജയിച്ചിരിക്കുന്നതെന്ന് ബില്ലിന് ശക്തമായ പിന്തുണ നല്‍കിയ റിപ്പബ്ലിക്കന്‍ നേതാവ് മര്‍ജോറി ടെയ്‌ലര്‍ ഗ്രീന്‍ പറഞ്ഞു. അതിജീവതകളുടെ പേര്, രേഖകള്‍, സത്യങ്ങള്‍ എല്ലാം പുറത്തുവരേണ്ടതുണ്ടെന്ന് ട്രംപ് 'വഞ്ചകി' എന്ന് വിളിച്ച ഗ്രീന്‍ ആവശ്യപ്പെട്ടു.
തുടക്കത്തില്‍ ബില്ലിനെ 'ഡെമോക്രാറ്റുകളുടെ രാഷ്ട്രീയ കളി' എന്നും ' തട്ടിപ്പ്' എന്നും വിളിച്ച് എതിര്‍ത്തിരുന്ന ട്രംപ്, റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ വലിയൊരു വിഭാഗം ബില്‍ പിന്തുണയ്ക്കാന്‍ തയാറാകുന്നുവെന്ന് മനസ്സിലാക്കിനിലപാട് മാറ്റുകയായിരുന്നു. ഇപ്പോള്‍ ബില്‍ ഒപ്പിടാന്‍ തയ്യാറാണെന്നും ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണും, തുടക്കത്തില്‍ വിമര്‍ശിച്ചിരുന്നെങ്കിലും, പ്രസിഡന്റിന്റെ നിലപാട് മാറ്റത്തെ തുടര്‍ന്ന് ബില്ലിനെ പിന്തുണച്ചു. എപ്‌സ്‌റ്റൈന്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട രേഖകളുടെ വെളിപ്പെടുത്തലില്‍ ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നും ചില സ്വകാര്യതാ ഭേദഗതികള്‍ ആവശ്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സെനറ്റ് ബില്ലില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് പാസാക്കിയത്.
വിയോജിപ്പ് രേഖപ്പെടുത്തിയ ഏക അംഗം റിപ്പബ്ലിക്കന്‍ പ്രതിനിധി ക്ലേ ഹിഗിന്‍സാണ്. തെറ്റുചെയ്യാത്തവരുടെ വിവരങ്ങള്‍ പുറത്ത് പോകാനുള്ള സാധ്യതയാണ് എതിര്‍പ്പിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
വോട്ടിന് മുമ്പ് അതിജീവതകള്‍ നടത്തിയ പത്രസമ്മേളനത്തില്‍, മുന്‍കാല ഡെമോക്രാറ്റ്-റിപ്പബ്ലിക്കന്‍ ഭരണകൂടങ്ങള്‍ വിഷയത്തില്‍ കാണിച്ച അനാസ്ഥയേയും ട്രംപിന്റെയും ജിഒപി നേതാക്കളുടെയും പ്രതികരണത്തെയും കടുത്ത വിമര്‍ശനത്തിന് വിധേയമാക്കിയിരുന്നു.
'നിങ്ങള്‍ എടുക്കുന്ന തീരുമാനം ജീവിതകാലം പിന്തുടരും, എല്ലാവര്‍ക്കും അത് അറിയാം,'അതിജീവതയായ ഹെയ്‌ലി റോബ്‌സണ്‍ കണ്ണീരോടെ പറഞ്ഞു. 'ദയവായി ഇത് രാഷ്ട്രീയമാക്കുന്നത് നിര്‍ത്തണമെന്ന് മറ്റൊരു ഇരയായ ആയ ജേന ലിസാ ജോണ്‍സ് നേരിട്ട് ട്രംപിനോട് അഭ്യര്‍ത്ഥിച്ചു.
എപ്‌സ്‌റ്റൈന്‍ കേസിലെ ഇരകളുടെ കാത്തിരിപ്പ് അവസാനിപ്പിക്കാനുളള പ്രധാന ഘട്ടമാണ് ഈ ബില്‍, അമേരിക്കന്‍ രാഷ്ട്രീയത്തിലെ കനത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഭൂരിപക്ഷം നിറസ്‌നേഹത്തോടെയാണ് പിന്തുണ രേഖപ്പെടുത്തിയത്.
എപ്‌സ്‌റ്റൈന്‍ ഫയലുകള്‍ പുറത്തുവിടാന്‍ കോണ്‍ഗ്രസിന്റെ അനുമതി; മാസങ്ങളോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ബില്‍ പാസ്സായി
