വാഷിംഗ്ടണ്‍: യുണൈറ്റഡ് നേഷന്‍സ് സുരക്ഷാ കൗണ്‍സില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച ഗാസ സമാധാന പദ്ധതി അംഗീകരിച്ചു. യുദ്ധാനന്തര ഗാസ പുനര്‍നിര്‍മാണത്തിനും വെടിനിര്‍ത്തലിന് ശേഷമുള്ള ഭരണ സംവിധാനത്തിനും അന്താരാഷ്ട്ര നിയമം അടിസ്ഥാനമൊരുക്കുന്ന ചരിത്രപരമായ തീരുമാനമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
ഗാസ- ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇസ്രായേലിനൊപ്പം ഉറച്ചുനിന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം യു എന്നില്‍ അമേരിക്ക ഒറ്റപ്പെട്ട നിലയിലായിരുന്നു. ഇത്തരം പശ്ചാത്തലത്തില്‍ ലഭിച്ച അംഗീകാരം അമേരിക്കന്‍ ഭരണകൂടത്തിനുള്ള വലിയ നയതന്ത്ര നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്ക സമര്‍പ്പിച്ച പ്രമേയം ഗാസയില്‍ അന്താരാഷ്ട്ര സൈന്യം പ്രവേശിച്ച് പ്രദേശത്തെ ആയുധവത്ക്കരണം അവസാനിപ്പിക്കുകയും സമാധാനവും ഭരണ കര്‍മങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. പദ്ധതിയില്‍ 20 ഇന വെടി നിര്‍ത്തല്‍ റോഡ്മാപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പദ്ധതി നടപ്പാക്കാനുള്ള മേല്‍നോട്ടത്തിനായി 'ബോര്‍ഡ് ഓഫ് പീസ്' രൂപീകരിക്കുമെന്നും പ്രമേയം പറയുന്നു. എന്നാല്‍, ആ ബോര്‍ഡിന്റെ ഘടനയും അംഗങ്ങളുടെ വിശദാംശങ്ങളും വ്യക്തമാക്കിയിട്ടില്ല.
പ്രമേയം 13 വോട്ടുകള്‍ക്കാണ് അനുകൂലമായി പാസായത്. എതിര് വോട്ടൊന്നും ഉണ്ടായില്ല. വീറ്റോ അധികാരമുള്ള റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഈ തീരുമാനത്തിന് ഈജിപ്ത്, ജോര്‍ദാന്‍, ഖത്തര്‍, സൗദി അറേബ്യ, യു എ ഇ, ഇന്തോനേഷ്യ, തുര്‍ക്കി, പാക്കിസ്ഥാന് തുടങ്ങി നിരവധി അറബ്- മുസ്ലിം രാജ്യങ്ങള്‍ നല്കിയ പിന്തുണ നിര്‍ണ്ണായകമായതായി നയതന്ത്ര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
വോട്ടെടുപ്പിന് മുന്‍പ് കൗണ്‍സിലില്‍ സംസാരിച്ച അമേരിക്കന്‍- യു എന്‍ അംബാസഡര്‍ മൈക്ക് വാള്‍ട്ട്സ് ഗാസയെ 'ഭൂമിയിലെ നരകത്തിന്റെ ജീവിച്ചിരിക്കുന്ന ചിത്രം' എന്നായിരുന്നു വിശേഷിപ്പിച്ചത്. ഈ പ്രമേയം ഒരു ജീവന് രക്ഷാ കയറാണെന്നും പറഞ്ഞു. വോട്ടെടുപ്പിനു ശേഷം ഇസ്രായേലിനും പാലസ്തീനികള്‍ക്കും മേഖലയിലെ എല്ലാ ജനങ്ങള്‍ക്കും സമാധാനത്തിലേക്കുള്ള പുതിയ വഴി തുറക്കാന്‍ കൗണ്‍സില്‍ തങ്ങളുടെ കൂടെ നില്ക്കുന്നു എന്ന് അദ്ദേഹം പ്രതികരിച്ചു.
യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ നിയമപരമായ അന്താരാഷ്ട്ര ബാധ്യതകളായാണ് കണക്കാക്കപ്പെടുന്നത്. പ്രമേയം നിര്‍ബന്ധിപ്പിക്കുന്നതിനുള്ള നടപ്പാക്കല്‍ സംവിധാനങ്ങളില്ലെങ്കിലും ലംഘിക്കുന്ന രാജ്യങ്ങള്‍ക്ക് ഉപരോധങ്ങള്‍ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അധികാരം കൗണ്‍സിലിനുണ്ടെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.
