ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് റദ്ദാക്കിയ 36 മില്യണ്‍ ഡോളര്‍ കരാര്‍ വീണ്ടും എന്‍പിആറിന് നല്‍കി സിപിബി

ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് റദ്ദാക്കിയ 36 മില്യണ്‍ ഡോളര്‍ കരാര്‍ വീണ്ടും എന്‍പിആറിന് നല്‍കി സിപിബി


വാഷിംഗ്ടണ്‍ : ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് മുമ്പ് റദ്ദാക്കിയ നാഷണല്‍ പബ്ലിക് റേഡിയോ (NPR) യുമായുള്ള 36 മില്യണ്‍ ഡോളര്‍ മൂല്യമുള്ള മള്‍ട്ടിഇയര്‍ കരാര്‍ വീണ്ടും നടപ്പിലാക്കാന്‍ കോര്‍പറേഷന്‍ ഫോര്‍ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് (CPB) തിങ്കളാഴ്ച സമ്മതിച്ചു.

സിപിബിയുടെ തീരുമാനം റദ്ദാക്കിയതിനെതിരെ എന്‍പിആര്‍ ആരംഭിച്ച നിയമനടപടിയെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വഴിതെളിഞ്ഞത്. ട്രംപ് സര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയാണ് സിപിബി കരാര്‍ പിന്‍വലിച്ചതാണെന്നായിരുന്നു എന്‍പിആറിന്റെ ആരോപണം.

എന്‍പിആറിന്റെ സാറ്റലൈറ്റ് വഴിയുള്ള സംപ്രേഷണ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഫണ്ടാണ് വിവാദത്തിന് കാരണം. പുതിയ തീരുമാനത്തോടൊപ്പം ഈ സേവനവുമായി ബന്ധപ്പെട്ട ഫീസുകള്‍ പ്രാദേശിക സ്‌റ്റേഷനുകളില്‍ നിന്ന് ഈടാക്കില്ലെന്ന പ്രഖ്യാപനവും എന്‍പിആര്‍ നടത്തി.

കരാര്‍ പിന്‍വലിച്ച സിപിബി അതിനു പറഞ്ഞ ന്യായം വിശ്വസനീയമല്ലെന്ന് കേസ് പരിഗണിച്ച ഫെഡറല്‍ ജഡ്ജി രാന്‍ഡോള്‍ഫ് മോസ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഡിജിറ്റല്‍ നവീകരണം വേഗത്തിലാക്കാനാണ് മാറ്റമെന്നാണ്  സിപിബി പറഞ്ഞിരുന്നത്. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല.

'ഇത് എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തിന്റെയും ഫസ്റ്റ് അമെന്‍ഡ്‌മെന്റ് സംരക്ഷണങ്ങളുടെയും വലിയ വിജയം ആണെന്ന് എന്‍പിആര്‍പ്രസിഡന്റ് കാതറിന്‍ മഹര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സിപിബിയ്‌ക്കെതിരെ നിയമനടപടിയിലേക്ക് പോകേണ്ടി വന്നതിന് ഖേദം പ്രകടിപ്പിച്ചെങ്കിലും, പൊതുഭരണ വ്യവസ്ഥയെ രാഷ്ട്രീയ ഇടപെടലില്‍ നിന്ന് സംരക്ഷിക്കാനാണ് അതുചെയ്തതെന്ന് അവര്‍ പറഞ്ഞു.

നേരിടേണ്ടിവന്ന നിയമപ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന നിലയിലാണ് സിപിബി പ്രതികരിച്ചത്.
തങ്ങള്‍ തെറ്റായിട്ടില്ലെന്നും രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയിട്ടില്ലെന്നും ഇജആ വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ സിപിബി നല്‍കിയിരുന്ന സമാന്തര കരാര്‍ തുടരാനിരിക്കുകയാണ്. പുതുതായി രൂപവത്കരിച്ച പബ്ലിക് മീഡിയ ഇന്‍ഫ്രാസ്ട്രക്ചര്‍ (PMI) നേതൃത്വത്തിലുള്ള ഈ കൂട്ടായ്മ സാറ്റലൈറ്റ് സംപ്രേഷണ സംവിധാനത്തിന്റെ ഡിജിറ്റല്‍ പുരോഗതി ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസിലെ പാര്‍ട്ടി ലൈന്‍ വോട്ടിനെ തുടര്‍ന്ന് ഫെഡറല്‍ സഹായം ഒക്ടോബര്‍ 1 മുതല്‍ നിര്‍ത്തലാക്കിയതോടെ സിപിബി വലിയ പ്രതിസന്ധിയിലായിരുന്നു.
സ്റ്റാഫ് ഭൂരിഭാഗത്തെയും ഒഴിവാക്കി 'സ്‌കെലിറ്റണ്‍' നിലയില്‍ പ്രവര്‍ത്തിക്കുന്ന സിപിബി, എന്‍പിആര്‍, പിബിഎസ്  എന്നിവയുടെ ഭാവിയും സാമ്പത്തിക ഘടനയും താളംതെറ്റി.
ലോക്കല്‍ സ്‌റ്റേഷനുകള്‍ക്കും കനത്ത ആഘാതമാണ് ഉണ്ടായത്.

ട്രംപ് അധികാരത്തിലേറുമ്പോള്‍ തന്നെ എന്‍പിആര്‍, പിബിഎസ് എന്നിവക്കെതിരെ ആരോപണപ്രചരണം തുടങ്ങിയിരുന്നു. നിസ്സാരമല്ലാത്ത ഈ സമ്മര്‍ദത്തിന് ഏപ്രിലില്‍ സിപിബി വിധേയമായതായി കോടതി രേഖകളില്‍ നിന്ന് വ്യക്തമാണ്.

ഏപ്രില്‍ 2ന് സിപിബി ബോര്‍ഡ് എന്‍പിആറുമായുള്ള കരാര്‍ നീട്ടാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ അടുത്ത ദിവസം വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ സിപിബി നേതൃത്ത്വത്തെ വിളിച്ചു ചേര്‍ത്ത് എന്‍പിആറിനെ ഇഷ്ടമില്ലെന്നും അതിനൊപ്പം പോകേണ്ടതില്ലെന്നും അറിയിച്ചു. തുടര്‍ന്ന് വെറും 48 മണിക്കൂറിനുള്ളില്‍ സിപിബി മുന്‍തീരുമാനം പൂര്‍ണമായി അട്ടിമറിക്കുകയായിരുന്നു.

 വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തടയണമെന്ന്  സിപിബി ആവശ്യപ്പെട്ടെങ്കിലും എന്‍പിആര്‍ അത് നിഷേധിച്ചു. തുടര്‍ന്ന് പുതിയ ടെന്‍ഡറിലേക്ക് പോയപ്പോള്‍ എന്‍പിആര്‍ പരാജയപ്പെട്ടു.

മെയ് 1ന് ട്രംപ് പൊതു പ്രക്ഷേപണ സ്ഥാപനങ്ങള്‍ക്ക് ഫെഡറല്‍ സഹായം നിഷേധിക്കുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പുറപ്പെടുവിച്ചു.
ഇത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എന്‍പിആറും മൂന്ന് കൊളറാഡോ സ്‌റ്റേഷനുകളും നിയമനടപടി തുടങ്ങി. ഈ കേസ് ഡിസംബര്‍ മാസം വാദം കേള്‍ക്കാനിരിക്കുകയാണ്.