ധാക്ക: മനുഷ്യത്വവിരുദ്ധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനെയും ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍ വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഇന്ത്യ ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഇരുരാജ്യങ്ങള്‍ തമ്മിലുള്ള കരാര്‍ ഉദ്ധരിച്ചു ഇന്ത്യന്‍ അധികാരികള്‍ക്ക് അയച്ച കത്തില്‍ ഹസീനയെ നാട്ടിലേക്ക് തിരികെ എത്തിക്കുന്നത് ഇന്ത്യയുടെ ഉത്തരവാദിത്വം ആണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മനുഷ്യത്വ വിരുദ്ധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്ക് ഏതെങ്കിലും രാജ്യം അഭയം നല്‍കുന്നത് ഗൗരവമായ അസൗഹൃദ നടപടിയും നീതിക്കു വിരുദ്ധവുമാകുമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഈ രണ്ട് ശിക്ഷിക്കപ്പെട്ടവരെയും ഉടന്‍ ബംഗ്ലാദേശ് അധികാരികള്‍ക്ക് കൈമാറണമെന്നും ഇത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടിയിലെ ഇന്ത്യയുടെ ബാധ്യത കൂടിയാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഷെയ്ഖ് ഹസീനയ്ക്കെതിരായ വധശിക്ഷയെ 'ചരിത്രപരമായ വിധി' എന്ന് വിശേഷിപ്പിച്ച ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മേധാവി മുഹമ്മദ് യൂനുസ് ജനങ്ങളോട് ശാന്തവും നിയന്ത്രിതവുമായ നിലപാട് സ്വീകരിക്കാന്‍ ആഹ്വാനം ചെയ്തു.
മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കും മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനും മനുഷ്യത്വ വിരുദ്ധ കുറ്റങ്ങള്‍ ചുമത്തി പ്രഖ്യാപിച്ച മരണശിക്ഷ ചരിത്രപരമായ വിധിയാണെന്നും ഈ വിധിയുടെ ഗുരുതരമായ പ്രാധാന്യം മനസിലാക്കി ജനങ്ങള്‍ എല്ലാത്തരത്തിലുമുള്ള അസ്വസ്ഥതകളും അമിതോത്സാഹവും അക്രമവുമെല്ലാം ഒഴിവാക്കി ശാന്തവും ഉത്തരവാദിത്തപരവുമായ നിലപാട് പാലിക്കണമെന്നും ഇടക്കാല സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്നുവെന്ന് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.
ജൂലൈ മാസത്തെ കലാപത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളും പൊതുജനങ്ങളും ഏറെ കാത്തിരുന്ന വിധിയെ തുടര്‍ന്ന് വികാരാധീനരാകുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും ആ വികാരങ്ങളുടെ പേരില്‍ പൊതുശാന്തി ലംഘിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഒന്നും ചെയ്യരുതെന്ന് സര്‍ക്കാര്‍ കര്‍ശനമായി മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്ത് അസ്ഥിരത, നിയമലംഘനം, അക്രമം എന്നിവ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കടുത്ത നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
