വാഷിംഗ്ടണ്‍: വിവാദ ധനകാര്യ വിദഗ്ധനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനെ കുറിച്ചുള്ള രഹസ്യ ഫയലുകള്‍ പുറത്ത് വിടുന്നതുസംബന്ധിച്ച വോട്ടെടുപ്പില്‍ പിന്തുണയ്ക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മാസങ്ങളോളം പാര്‍ട്ടി എംപിമാരെ ഈ നിര്‍ദേശത്തിനെതിരെ നിര്‍ത്താന്‍ ശ്രമിച്ചിരുന്ന ട്രംപിന്റെ അപ്രതീക്ഷിത നിലപാട് മാറ്റമാണ് ഇതോടെ വെളിവായത്.
ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സില്‍ ഈ ആഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ, വിഷയത്തില്‍ പാര്‍ട്ടിക്കകത്ത് വലിയ ഭിന്നത പൊട്ടിപ്പുറപ്പെട്ടിരുന്നു. ഡസന്‍ കണക്കിന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ട്രംപിനെതിരെ വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുകള്‍ കൂടിയതോടെ വൈറ്റ് ഹൗസിന് വലിയ അപമാനം ഒഴിവാക്കാന്‍ ട്രംപ് തന്നെ പിന്നാക്കം പോവുകയായിരുന്നു.
'എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടുന്നതിന് അനുകൂലമായി ഹൗസ് റിപ്പബ്ലിക്കന്‍മാര്‍ വോട്ട് ചെയ്യണം. നമ്മള്‍ക്ക് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല. ഡെമോക്രാറ്റുകളുടെ വഴിതെറ്റിക്കല്‍ തന്ത്രങ്ങളില്‍ നിന്ന് കടന്നുപോകേണ്ട സമയമാണിത്' - ട്രംപ് സാമൂഹ്യ മാധ്യമത്തില്‍ ട്രംപ് കുറിച്ചു.
റിപ്പബ്ലിക്കന്‍ വിജയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. വിലക്കയറ്റത്തെ സംബന്ധിച്ച ആശങ്കകള്‍ അടക്കമുള്ള ജനപ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് വിഷയം വലുതാക്കി കാണിക്കുന്നത് ഉചിതമല്ലെന്ന് ട്രംപിന്റെ ഉപദേശകരും വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച 218ആം ഒപ്പു ലഭിച്ചതോടെ-എല്ലാ ഡെമോക്രാറ്റുകളും നാല് റിപ്പബ്ലിക്കന്‍ അംഗങ്ങളും ചേര്‍ന്ന്‌വിഷയം നിര്‍ബന്ധിത വോട്ടിംഗിലേക്ക് നീക്കിയിരുന്നു. റിപ്പബ്ലിക്കന്‍മാരെ സമ്മര്‍ദത്തിലാക്കിയ ട്രംപിന്റെ ശ്രമം തുടര്‍ച്ചയായി ഫലം കാണാതെ പോയതോടെയാണ് നിലപാട് മാറ്റിയത്.
ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫയലുകള്‍ കൈമാറണമെന്ന ആവശ്യവുമായി ഏറെക്കാലം മുന്നോട്ടു പോയത് റിപ്പബ്ലിക്കന്‍ എംപിമാരായ തോമസ് മാസ്സി, മര്‍ജോറി ടെയ്‌ലര്‍ ഗ്രീന്‍ എന്നിവരും ഡെമോക്രാറ്റ് പ്രതിനിധി റോ ഖന്നയും ഒന്നിച്ചാണ്. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെട്ട അതിജീവതകളുമായി ചര്‍ച്ചചെയ്യുന്നതിനായി ഗ്രീനും മാസ്സിയും റോ ഖന്നയും ചേര്‍ന്ന് ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന ക്യാപിറ്റോള്‍ ഹില്‍ പരിപാടിയിലും പ്രതീക്ഷ ഉയര്‍ന്നിരുന്നു.
ഒരു കാലത്ത് ട്രംപും എപ്സ്റ്റീനും തമ്മില്‍ പരിചയസമ്പര്‍ക്കം ഉണ്ടായിരുന്നെങ്കിലും 2006ലെ ആദ്യ അറസ്റ്റിന് മുന്‍പേ തന്നെ ബന്ധം വിച്ഛേദിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. 2019ല്‍ രണ്ടാം അറസ്റ്റിനു പിന്നാലെ ജയിലില്‍ വെച്ച് എപ്സ്റ്റീന്‍ മരിക്കുകയും ചെയ്തു.
വിവാദ വിഷയത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ പുറത്തേക്ക് വന്ന സാഹചര്യത്തിലാണ് പുതിയ വഴിത്തിരിവെന്നാണ് വിലയിരുത്തല്‍.
എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത് വിടാന്‍ വോട്ട് ചെയ്യണം: നിലപാടില്‍ മലക്കം മറിഞ്ഞ് ട്രംപ്
