മെക്‌സിക്കോ സിറ്റിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം പ്രക്ഷുബ്ധമായി. തലസ്ഥാനത്ത് നടന്ന സംഘര്‍ഷങ്ങളില്‍ 100 പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 120 പേര്‍ക്ക് പരിക്ക് പറ്റിയതായി അധികൃതര്‍ അറിയിച്ചു.
അക്രമാസക്തമായ കുറ്റകൃത്യങ്ങളും പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബൗം സര്‍ക്കാരിന്റെ നിലപാടുകളും എതിര്‍ക്കാനായിരുന്നു ശനിയാഴ്ച നടന്ന പ്രതിഷേധ മാര്‍ച്ച്. യുവജന സംഘടനകളാണ് റാലിക്ക് നേതൃത്വം നല്‍കിയത്.
പ്രതിഷേധത്തിന് പിറകില്‍ വലതുപക്ഷ നേതാക്കളുടെ ധനസഹായമുണ്ടെന്ന് ഷെയിന്‍ബൗം ആരോപിച്ചു. ഹൈ പ്രൊഫൈല്‍ കൊലപാതകങ്ങള്‍, പ്രത്യേകിച്ച് ഉറുവാപ്പാന്‍ മേയര്‍ കാര്‍ലോസ് മാന്‍സോയുടെ വധം, ജനത്തെ തെരുവിലേക്കു നയിച്ചു. മാന്‍സോയെ നവംബര്‍ 1ന് ഡേയ് ഓഫ് ദ ഡെഡ് (മരിച്ചവരുടെ ദിനം)ചടങ്ങിനിടെ വെടിവെച്ചു കൊല്ലുകയായിരുന്നു.
'വീ ആര്‍ ഓള്‍ കാര്‍ലോസ് മാന്‍സോ' എന്ന് എഴുതിയ ബാനറുകളും മാന്‍സോയെ അനുസ്മരിച്ച് കൗബോയ് തൊപ്പികളും ധരിച്ചതും പ്രതിഷേധത്തില്‍ ശ്രദ്ധേയമായി. പ്രതിഷേധക്കാര്‍ പ്രസിഡന്റ് താമസിക്കുന്ന നാഷണല്‍ പാലസ് സംരക്ഷിക്കാന്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ പൊളിച്ചു. അതിനെ പ്രതിരോധിക്കാന്‍ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.
കൊള്ള, ആക്രമണം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി 20 പേരെ അറസ്റ്റ് ചെയ്തതായി സിറ്റി സുരക്ഷാ മേധാവി പാബ്ലോ വാസ്‌ക്വസ് അറിയിച്ചു.
ഡ്രഗ് കാര്‍ട്ടലുകള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട മാന്‍സോയുടെ കൊലപാതകം രാജ്യത്തെ വീണ്ടും ചൂടുപിടിപ്പിക്കുകയായിരുന്നു. കാര്‍ട്ടലുകള്‍ക്കെതിരെ ഷെയിന്‍ബൗം നടപടി സ്വീകരിച്ചുവരുന്നുണ്ടെങ്കിലും വീണ്ടും ഒരു മയക്കുമരുന്ന് നിര്‍മാര്‍ജ്ജന യുദ്ധം ആരംഭിക്കാന്‍ അവര്‍ തയ്യാറല്ല.
പ്രതിഷേധം വലതുപക്ഷ പ്രേരണമൂലമാണെന്ന് പ്രക്ഷോഭത്തിന് മുമ്പ് ഷെയിന്‍ബൗം ആരോപിച്ചിരുന്നു.
അതേസമയം, കൊലപാതകങ്ങള്‍ പോലുള്ള ഉയര്‍ന്ന അക്രമപരമ്പര തുടരുന്നതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാണ്. രാജ്യത്ത് 70 ശതമാനത്തിന് മുകളില്‍ പിന്തുണയുള്ള ഷെയിന്‍ബൗം ഫെന്റനില്‍ കടത്തിന് നേരെ സ്വീകരിച്ച നടപടികള്‍ കൊണ്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ആശ്വാസമാണ്.
മെക്‌സിക്കോയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം; 120 പേര്‍ക്ക് പരിക്ക്
