വാഷിംഗ്ടണ്‍: അമേരിക്കന്‍ ഉപഭോക്താക്കളുടെ ജീവിതച്ചെലവ് കുത്തനെ ഉയര്‍ന്നുവരുന്നതിന്റെ സമ്മര്‍ദം നേരിട്ട പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 200ത്തിലധികം ഭക്ഷ്യവസ്തുക്കളിലെ അധിക തീരുവകള്‍ പിന്‍ വലിച്ചു. കോഫി, ചായ, മുളകുകള്‍, ബീഫ്, ഓറഞ്ച് ജൂസ് മുതല്‍ മാംഗോ പ്രോസസ്സ്ഡ് ഉല്‍പ്പന്നങ്ങള്‍, കശുവണ്ടി വരെ ഉള്‍പ്പെടുന്ന വ്യാപകമായ ഉതക്പന്നങ്ങളുടെ പട്ടികയാണ് തീരുവ ഒഴിവാക്കിയത്.
വര്‍ജീനിയ, ന്യൂ ജേഴ്‌സി, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളിലെ സംസ്ഥാനമുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റതും വിലക്കയറ്റത്തിലുള്ള വോട്ടര്‍മാരുടെ അസന്തൃപ്തി തുറന്നുകാട്ടിയതും തീരുമാനം വേഗത്തിലാക്കിയതായി വിലയിരുത്തുന്നു.
'ഗ്രോസറി വില കുറയ്ക്കാനുള്ള ചെറിയ തിരുത്തലാണ് ചെയ്തത്. കോഫിയുടെ വില കൂടുതലായിരുന്നു, ഇപ്പോള്‍ കുറയും. വളരെ പെട്ടെന്ന് ഫലം കാണും.' - ട്രംപ് എയര്‍ ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താഴ്ന്ന-മധ്യമ വരുമാനക്കാര്‍ക്ക് അടിസ്ഥാന കറന്‍സി സഹായമായി വരാനിരിക്കുന്ന വര്‍ഷം 2,000 ഡോളര്‍ വരെ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിന് ആവശ്യമായതുക താരിഫ് വരുമാനത്തില്‍ നിന്നായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
കശുവണ്ടി-മസാല കയറ്റുമതിക്കാര്‍ക്കും നേട്ടം
200ത്തിലധികം ഉല്‍പ്പന്നങ്ങളെ ഒഴിവാക്കിയ പട്ടികയില്‍ ഇന്ത്യയുടെ പ്രധാന കയറ്റുമതി വസ്തുക്കളായ കുരുമുളക്, ഗ്രാമ്പൂ, ജീരകം, ഏലക്ക, മഞ്ഞള്‍, ഇഞ്ചി, വിവിധ തേയില വഗങ്ങള്‍, മാങ്ങാ പ്രൊഡക്റ്റുകള്‍, കശുവണ്ടി എന്നിവയും ഉള്‍പ്പെട്ടു.
അമേരിക്കയിലെ കശുവണ്ടി ഇറക്കുമതിയുടെ 20% ഇന്ത്യയില്‍ നിന്നാണ്-ഏകദേശം 843 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വ്യാപാരമാണ് കശുവണ്ടി ഇറക്കുമതിയിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്നത്.
യുഎസില്‍ ഉത്പാദിപ്പിക്കാത്തവയോ പ്രോസസ്സ് ചെയ്യാത്തവയോ ആയതിനാല്‍ ഈ ഉല്‍പ്പന്നങ്ങളെ ഒഴിവാക്കാമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഈ നീക്കത്തെ വ്യവസായ കൂട്ടായ്മകള്‍ സ്വാഗതം ചെയ്തപ്പോള്‍, പട്ടികയില്‍ ഉള്‍പ്പെടാതെ പോയ മേഖലകള്‍ നിരാശ പ്രകടിപ്പിച്ചു.
'സ്വയം തീ കൊളുത്തി, ഇപ്പോള്‍ അണയ്ക്കുന്നു' - ഡെമോക്രാറ്റുകള്‍
'ട്രംപ് ഭരണകൂടം തന്നെയാണ് ഈ തീ കൊളുത്തിയത്. ഇപ്പോള്‍ അണച്ചിട്ട് പുരോഗതിയെന്ന് വിളിക്കുകയാണെന്ന് ഡെമോക്രാറ്റിക് നേതാവ് റിച്ചാര്‍ഡ് നീല്‍ കര്‍ശനമായി പ്രതികരിച്ചു.
അധിക താരിഫുകള്‍ ഏര്‍പ്പെടുത്തിയതോടെയാണ് ഇന്‍ഫ്‌ലേഷന്‍ ഉയര്‍ന്നതെന്നും മാസങ്ങളായി നിര്‍മ്മാണ മേഖല പിന്നോട്ടുപോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിലക്കയറ്റം: വോട്ടര്‍മാരുടെ പ്രധാന ആശങ്ക
അമേരിക്ക മുഴുവന്‍ ജീവിതച്ചെലവ് രൂക്ഷമാകുന്നതിനിടെ, 'അഫോര്‍ഡബിലിറ്റി' എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ഡെമോക്രാറ്റുകള്‍ക്ക് തെരഞ്ഞെടുപ്പില്‍ നേട്ടം ലഭിച്ചു. കമ്പനികള്‍ ഇറക്കുമതി നികുതി ബാധ്യത അടുത്ത വര്‍ഷം പൂര്‍ണ്ണമായി ഉപഭോക്താക്കള്‍ക്ക് മാറ്റി നല്‍കുമെന്ന മുന്നറിയിപ്പുകളും ആശങ്ക ഉയര്‍ത്തിയിരുന്നു.
താരിഫുകള്‍ വന്‍തോതില്‍ ഒഴിവാക്കാനുള്ള ട്രംപിന്റെ തീരുമാനം വ്യാപാരരംഗത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.
പലചരക്കുകളുടെ വിലക്കയറ്റം: 200ത്തിലധികം ഭക്ഷ്യവസ്തുക്കളുടെ തീരുവ ട്രംപ് പിന്‍വലിച്ചു; ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ആശ്വാസം
