എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടുന്നതില്‍ വിവാദം: ട്രംപ്-ഗീന്‍ തര്‍ക്കം പൊട്ടിത്തെറിയില്‍

എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടുന്നതില്‍ വിവാദം: ട്രംപ്-ഗീന്‍ തര്‍ക്കം പൊട്ടിത്തെറിയില്‍


വാഷിംഗ്ടണ്‍: എപ്സ്റ്റീന്‍ കേസ് ഫയലുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കണമെന്ന വിഷയത്തെ ചുറ്റിപ്പറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തുമായ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ്സ് അംഗം മാര്‍ജോറി ടെയ്‌ലര്‍ ഗ്രീനും തമ്മില്‍ കടുത്ത തര്‍ക്കം പൊട്ടിപ്പുറപ്പെട്ടു. സോഷ്യല്‍ മീഡിയയിലെ വാഗ്വാദങ്ങള്‍ മൂലം ഇരുവരും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും തകരാറിലായിരിക്കുകയാണ്. 
കഴിഞ്ഞ ചില ദിവസങ്ങളായി നിലനിന്ന വിമര്‍ശനങ്ങള്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ട്രംപ് നടത്തിയ കടുത്ത സോഷ്യല്‍ മീഡിയ ആക്രമണങ്ങളോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഗ്രീനെ സോഷ്യല്‍ മീഡിയയില്‍ 'വാക്കിയെന്നും', രാജ്യദ്രോഹിയെന്നും (ട്രെയിറ്റര്‍) വിളിച്ച ട്രംപ് ഒരു പടികൂടി കടന്ന് അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ അവരെ തോല്‍പ്പിക്കണമെന്നും അതിനു താന്‍ പിന്തുണ നല്‍കുമെന്നുകൂടി പ്രഖ്യാപിച്ചതോടെയാണ് വിവാദം കടുത്തത്.

ട്രംപിന്റെ പരാമര്‍ശത്തിന് ശക്തമായ മറുപടിയുമായി ഗ്രീന്‍ രംഗത്തെത്തി. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവരുന്നത് തടയാന്‍ ട്രംപ് ശ്രമിക്കുകയാണെന്നും, ഇതിനായി തനിക്കെതിരെ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും, താന്‍ ഭീഷണികള്‍ നേരിടുന്നതിന് കാരണം ട്രംപിന്റെ പ്രസ്താവനകളാണെന്നും അവര്‍ ആരോപിച്ചു.

ഹൗസ് അടുത്ത ആഴ്ച എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടുന്നതിനെക്കുറിച്ച് വോട്ടെടുപ്പ് നടത്താനിരിക്കെ പരസ്യമായി പുറത്തുവന്ന ഈ തര്‍ക്കം, ഇതുവരെ ട്രംപിന്റെ കടുത്ത പിന്തുണക്കാരിയായിരുന്നു ഗ്രീന്റെ നിലപാടില്‍ വലിയ മാറ്റമുണ്ടായതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

2021ലെ ക്യാപിറ്റോള്‍ കലാപം മുതല്‍ ട്രംപിനൊപ്പമുണ്ടായിരുന്ന റിപ്പബ്ലിക്കന്‍ നേതാവാണ് ഗ്രീന്‍. അവര്‍ 'ജൂതവിരുദ്ധ ഗൂഢാലോചനസിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ചെന്ന ആരോപണമുയര്‍ന്നപ്പോള്‍ ട്രംപ് അവരെ ശക്തമായി സംരക്ഷിച്ചിരുന്നു.
എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍, അന്തര്‍ദേശീയ ഇടപെടലുകള്‍, താരിഫ് നയങ്ങള്‍ എന്നിവയ്‌ക്കൊപ്പം എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപ് തുടരുന്ന നിലപാട് എന്നിവയോടുള്ള ഗ്രനീനിന്റെ വിയോജിപ്പുകളാണ് ബന്ധത്തെ പൂര്‍ണ്ണമായി തകിടമറിച്ചത്.