ലണ്ടന്‍: ഇംഗ്ലണ്ടില്‍ അഭയം ലഭിക്കുന്നവര്‍ക്ക് സ്ഥിരതാമസത്തിന് ഇനി 20 വര്‍ഷം കാത്തിരിക്കേണ്ടിവരും. ഹോം സെക്രട്ടറി ഷബാനാ മഹ്മൂദ് തിങ്കളാഴ്ച പ്രഖ്യാപിക്കാനൊരുങ്ങുന്ന പദ്ധതിയിലാണ് ഈ മാറ്റത്തെക്കുറിച്ച് പരാമര്‍ശമുള്ളതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ചെറിയ ബോട്ടുകള്‍ വഴി രാജ്യത്തേക്ക് അനധികൃതമായി നടത്തുന്ന കുടിയേറ്റവും അഭയാര്‍ത്ഥി അപേക്ഷകളും കുറയ്ക്കാനാണ് സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിക്കുന്നത്.
ഇപ്പോള്‍ അഞ്ചുവര്‍ഷം നീളുന്ന അഭയാര്‍ത്ഥി പദവി ഇനി രണ്ട് വര്‍ഷരയ്ക്കു മാത്രം ചുരുക്കും. കാലാവധി കഴിഞ്ഞാല്‍ ഓരോ തവണയും സ്റ്റാറ്റസ് പുനഃപരിശോധിക്കും. സ്വന്തം രാജ്യത്തിലെ സാഹചര്യം 'സുരക്ഷിതം' എന്ന് വിലയിരുത്തുന്നവര്‍ തിരിച്ചുപോകണമെന്ന നിര്‍ദ്ദേശവും നല്‍കും. നിലവില്‍ അഞ്ചുവര്‍ഷത്തിന് ശേഷവും അനിശ്ചിതാവസ്ഥയില്‍ ആയതിനാല്‍ ജീവിക്കാനുള്ള അനുവാദത്തിന് അപേക്ഷിക്കാനുള്ള അവസരവും ഇനി 20 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം മാത്രമേ ലഭിക്കൂ.
'നിയമവിരുദ്ധമായി ഈ രാജ്യത്തേക്ക് വരരുത്, ബോട്ടുകളിലെത്തരുത് എന്ന സന്ദേശമാണ് ഈ പരിഷ്‌കാരങ്ങള്‍ നല്‍കുന്നതെന്ന് സണ്‍ഡേ ടൈംസിനോട്് മഹ്മൂദ് പറഞ്ഞു. അനധികൃത കുടിയേറ്റം 'രാജ്യത്തെ കീറിമുറിക്കുകയാണ്'' എന്നും ഇത് 'തിരുത്തുന്നത് സര്‍ക്കാരിന്റെ കടമ' യാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യൂറോപ്പിലെ ഏറ്റവും കര്‍ശനമായ അഭയാര്‍ഥി നയങ്ങള്‍ നടപ്പിലാക്കിയ ഡെന്‍മാര്‍ക്കിന്റെ മാതൃക പിന്തുടര്‍ന്നാണ് പുതിയ പദ്ധതി. അവിടെ രണ്ട് വര്‍ഷമാണ് സാധാരണ അഭയകാലാവധി; പിന്നീട് വീണ്ടും അപേക്ഷിക്കേണ്ടിവരും.
ലേബര്‍ നേതൃത്യത്തിലുള്ള സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ടാകുമെന്നാണ് സൂചന. 'കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ താറുമാറാക്കിയ അഭയവ്യവസ്ഥയില്‍ മാറ്റം വേണ്ടതുണ്ട്. പക്ഷേ അപേക്ഷകള്‍ വേഗത്തില്‍ തീര്‍ക്കുന്ന കാര്യത്തില്‍ ലേബര്‍ ആത്മവഞ്ചന നടത്തരുത്',- ലിബറല്‍ ഡെമോക്രാറ്റ് ഹോം അഫയേഴ്‌സ് വക്താവ് മാക്‌സ് വില്കിന്‍സണ്‍ പറഞ്ഞു.
'പീഡനവും പീഡിപ്പിക്കലും യുദ്ധത്തില്‍ കുടുംബാംഗങ്ങളുടെ നഷ്ടപ്പെടലുമൊക്കെ കണ്ടവരെ ഇത് പിന്തിരിപ്പിക്കില്ല; ഇത് അനാവശ്യമായും കഠിനവുമാണ്,' റെഫ്യൂജി കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് എന്‍വര്‍ സോളമന്‍ വിമര്‍ശിച്ചു.
യുകെയില്‍ അഭയം തേടുന്നവര്‍ സ്ഥിരതാമസ യോഗ്യത നേടാന്‍ 20 വര്‍ഷം കാത്തിരിക്കണം; അഭയാര്‍ത്ഥി പരിഷ്‌കാരങ്ങള്‍ കടുപ്പിച്ച് ലേബര്‍ സര്‍ക്കാര്‍
