വാഷിംഗ്്ടണ്‍ : സൗദി അറേബ്യ ആവശ്യപ്പെട്ടിട്ടുള്ള F35 സ്റ്റീല്‍ത്ത് യുദ്ധവിമാന വില്‍പ്പനാ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, വെള്ളിയാഴ്ച വ്യക്തമാക്കി. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിക്കുന്ന ഈ അത്യാധുനിക യുദ്ധവിമാനങ്ങള്‍ 'വളരെ കൂടുതലായി' വാങ്ങാന്‍ റിയാദ് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അടുത്ത ആഴ്ച അമേരിക്കയിലെത്തുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ വൈറ്റ് ഹൗസില്‍ സ്വീകരിക്കാന്‍ ട്രംപ് ഒരുങ്ങുകയാണ്. സാമ്പത്തിക-പ്രതിരോധ മേഖലകളുമായി ബന്ധപ്പെട്ട് നിരവധി കരാറുകള്‍ ഒപ്പിടാനാണ് ഇരുവരും ഒരുങ്ങുന്നത്. ഇത് 'ഒരു സാധാരണ കൂടിക്കാഴ്ചയല്ല, സൗദിയെ ആദരിക്കുന്ന സന്ദര്‍ഭമാണ്,' എന്ന് ട്രംപ് പറഞ്ഞു.
ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കുന്ന അബ്രാഹം ഉടമ്പടിയില്‍ സൗദിയും ഉടന്‍ ചേരുമെന്ന പ്രതീക്ഷയും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ പാലസ്തീന്‍ രാഷ്ട്രതീരുമാനത്തിന് വ്യക്തമായ രൂപരേഖയില്ലാതെ ഇത്തരം നീക്കങ്ങള്‍ക്ക് ഒരിക്കലും തയ്യാറല്ലെന്ന് റിയാദ് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.
അതേസമയം, F35 യുദ്ധ വിമാന വില്‍പ്പനയെക്കുറിച്ച് പെന്റഗണ്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇടപാട് മുന്നോട്ടുപോയാല്‍ ചൈന സാങ്കേതിക വിവരങ്ങള്‍ കൈക്കലാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് പെന്റഗണ്‍ റിപ്പോര്‍ട്ടിലുള്ളതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സൗദിയുടെ F35 യുദ്ധവിമാന ആവശ്യം പരിഗണനയില്‍; ഇസ്രയേല്‍-സൗദി ബന്ധം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷ- ട്രംപ്
