ഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിക്കെതിരെ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് രണ്ട് വ്യത്യസ്ത എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. വ്യാജ അംഗീകാര രേഖകളും വഞ്ചനയും സംബന്ധിച്ചുള്ള ഗുരുതരമായ കണ്ടെത്തലുകളെ തുടര്‍ന്നാണ് നടപടി.
യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനങ്ങളില്‍ ഗൗരവമായ ക്രമക്കേടുകളുണ്ടെന്ന മുന്നറിയിപ്പ് യുജിസിയും, നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലും (നാക്) നല്‍കിയിരുന്നു. ഇതോടെയാണ് അന്വേഷണ ഏജന്‍സികള്‍ ഇടപെടല്‍ ശക്തമാക്കിയത്.
ഇതിനിടെ, സ്‌ഫോടന കേസില്‍ അറസ്റ്റിലായ മൂന്ന് പേരില്‍ രണ്ടുപേര്‍ അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് എന്ന വിവരവും പുറത്തുവന്നു.
ക്രിമിനല്‍ ഗൂഢാലോചന സംബന്ധിച്ച വകുപ്പുകളില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ നേരത്തെ മറ്റൊരു എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. യു.എ.പി.എ പ്രകാരമുള്ള ആദ്യ എഫ്.ഐ.ആര്‍. ദേശീയ അന്വേഷണ ഏജന്‍സിക്ക് (NIA) കൈമാറിയിട്ടുണ്ട്.
ഫരീദാബാദിലെ ധൗജ് പ്രദേശത്തുള്ള യൂണിവേഴ്‌സിറ്റി ക്യാംപസിലും ഒഖ്‌ലായിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലും പോലീസ് സംഘം പരിശോധന നടത്തി. സംശയിക്കപ്പെടുന്നവരുടെ വിവരം ശേഖരിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഡല്‍ഹി സ്‌ഫോടനം: വ്യാജ അംഗീകാര ആരോപണം; അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിക്കെതിരെ രണ്ട് എഫ്.ഐ.ആര്‍
