ഗാസ പുനര്‍നിര്‍മാണ പദ്ധതി : 'റെഡ് - ഗ്രീന്‍' സോണുകളായി വിഭജിക്കുന്ന യുഎസ് പ്രമേയം വിവാദത്തില്‍

ഗാസ  പുനര്‍നിര്‍മാണ പദ്ധതി : 'റെഡ് - ഗ്രീന്‍' സോണുകളായി വിഭജിക്കുന്ന യുഎസ് പ്രമേയം വിവാദത്തില്‍


വാഷിങ്ടണ്‍/ഗാസ: യുഎസ് മദ്ധ്യസ്ഥതയില്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ച വെടിനിര്‍ത്തലിന്റെ ഭാഗമായി ഇസ്രായേല്‍ പിന്‍വാങ്ങിയ 'യെല്ലോ ലൈന്‍' ഗാസയെ രണ്ടായി വിഭജിക്കുന്ന പുതിയ അതിര്‍ത്തിയായേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയെ റെഡ് സോണ്‍, ഗ്രീന്‍ സോണ്‍ എന്നിങ്ങനെ ദീര്‍ഘകാലത്തിനുള്ളില്‍ പുനഃസംഘടിപ്പിക്കാനുള്ള പദ്ധതി യുഎസിന്റെ ഭാഗത്തുനിന്ന് മുന്നോട്ടു വച്ചിട്ടുണ്ടെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎസ് സൈനിക ആസൂത്രണ രേഖകളും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നതനുസരിച്ച്, ഇസ്രായേലിന്റെയും അന്താരാഷ്ട്ര സേനയുടെയും നിയന്ത്രണത്തില്‍; പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന ഭാഗത്തെ ഗ്രീന്‍ സോണായും യുദ്ധത്തില്‍ നശിച്ച പ്രദേശം റെഡ് സോണ്‍ ആയും കണക്കാക്കും.

വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്രായേല്‍ ഭാഗികമായി പിന്‍വാങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഗാസയുടെ 53 ശതമാനത്തിലധികം ഭാഗം ഇസ്രായേല്‍ നിയന്ത്രണത്തിലാണ്. ഇതോടെ മുഴുവന്‍ കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളും അരക്കാല്‍ പ്രദേശത്തേക്ക് ഒതുങ്ങിപ്പാര്‍ക്കേണ്ട സാഹചര്യം തുടരുകയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും ഗാസയുടെ ഈ 'യെല്ലോ ലൈന്‍' സ്ഥിരമായ വിഭജനരേഖയാകുമോ എന്ന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

രണ്ടുവര്‍ഷം നീണ്ട യുദ്ധത്തില്‍ 80 ശതമാനത്തിലധികം കെട്ടിടങ്ങളും നശിച്ച ഗാസയുടെ പുനര്‍നിര്‍മാണം യുഎസിനും അറബ് രാജ്യങ്ങള്‍ക്കും വലിയ വെല്ലുവിളിയായി തന്നെ തുടരുകയാണ്. ആദ്യ കണക്കുകള്‍ പ്രകാരം പുനര്‍നിര്‍മാണച്ചെലവ് 70 ബില്യണ്‍ ഡോളര്‍ വരുമെന്നാണ് വിലയിരുത്തല്‍. സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവയാണ് ധനസഹായത്തിന് മുന്നോട്ടു വരാന്‍ സാധ്യതയുള്ള പ്രധാന രാജ്യങ്ങള്‍.

അന്താരാഷ്ട്ര സേനയ്ക്ക് യുഎന്‍ അനുമതി : ചൈനയ്ക്കും റഷ്യയ്ക്കും എതിര്‍പ്പ്

ഗാസയില്‍ അന്താരാഷ്ട്ര 'സമാധാന സേനയെ' വിന്യസിക്കാന്‍ യുഎന്‍ അനുമതി നല്‍കാനുള്ള അമേരിക്കന്‍ ശ്രമത്തിന് ചൈനയും റഷ്യയും ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയില്‍ ഉള്‍പ്പെട്ട 'ബോര്‍ഡ് ഓഫ് പീസ്' എന്ന താത്കാലിക ഭരണസംവിധാനം പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു.

പല അറബ് രാജ്യങ്ങളും ഇതില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പുനര്‍സംഘടനയ്ക്ക് ശേഷം പാലസ്തീനിയന്‍ അതോറിറ്റിക്ക് ഏതുതരം ഇടക്കാല അധികാരവും നല്‍കാത്തത് അറബ് രാഷ്ട്രങ്ങളുടെ പ്രധാന വിമര്‍ശനമാണ്.

യുഎസ് കരടുപ്രകാരം, പാലസ്തീനിയന്‍ അതോറിറ്റിയിലെ പരിഷ്‌കാരങ്ങളും ഗാസ പുനര്‍നിര്‍മാണവും 'വിജയകരമായി' മുന്നോട്ടു പോയാല്‍ സ്വയംഭരണത്തിനും രാഷ്ട്രപദവിയിലേക്കുമുള്ള 'വിശ്വാസ്യതയുള്ള റോഡ് മാപ്പ്' രൂപപ്പെടുമെന്നാണ് വിലയിരുത്തല്‍. ഇസ്രായേലും പാലസ്തീനികളും തമ്മില്‍ 'സമാധാനപരവും സമൃദ്ധിയോടുകൂടിയ സഹവര്‍ത്തിത്വം' ലക്ഷ്യമാക്കി യുഎസ് നേരിട്ടുള്ള സംവാദം ആരംഭിക്കുമെന്നാണ് കരട് പറയുന്നത്.

ഗാസയുടെ ഭാവി അന്താരാഷ്ട്ര വേദിയില്‍ ശക്തമായ ചര്‍ച്ചകളിലേക്ക് നീങ്ങുമ്പോള്‍, വിഭജനരേഖയായി മാറുന്ന 'യെല്ലോ ലൈന്‍' ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ വീണ്ടും അനിശ്ചിതത്വത്തിലാക്കുന്നുവെന്നതാണ് പൊതുവായ നിരീക്ഷണം.