ഇന്ത്യ ലോകത്തിലെ വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ; 2027 വരെ 6.5% വളര്‍ച്ചയെന്ന് മൂഡീസ്

ഇന്ത്യ ലോകത്തിലെ വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ; 2027 വരെ 6.5% വളര്‍ച്ചയെന്ന് മൂഡീസ്


അടുത്ത രണ്ട് വര്‍ഷവും ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായിരിക്കുമെന്ന് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് പറഞ്ഞു. 2026, 2027 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശരാശരി .5% വളര്‍ച്ച നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുഎസ് തീരുവകളുടെ പ്രത്യാഘാതങ്ങള്‍ക്കിടയിലും ഇന്ത്യന്‍ കയറ്റുമതിക്കാര്‍ വിപണിവൈവിധ്യം വഴി പ്രതിസന്ധി മറികടന്നതാണെന്നതാണ് മൂഡീസിന്റെ വിലയിരുത്തല്‍.

'ചില ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ 50% തീരുവകളുടെ പശ്ചാത്തലത്തിലും ഇന്ത്യന്‍ കയറ്റുമതിക്കാര്‍ കയറ്റുമതിയായി നീങ്ങിയ ഉല്‍പ്പന്നങ്ങളെ മറ്റു വിപണികളിലേക്ക് തിരിച്ചുവിടാന്‍ കഴിഞ്ഞു. സെപ്റ്റംബറില്‍ ആകെ കയറ്റുമതി 6.75% ഉയര്‍ന്നപ്പോള്‍ യുഎസിലേക്കുള്ള കയറ്റുമതി 11.9% കുറഞ്ഞു.' -മൂഡീസ് റിപ്പോര്‍ട്ടില്‍ പറയുന്നു: 

ഇന്ത്യയിലെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നത് വിപുലമായ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളും ഉപഭോഗ മേഖലയിലെ സ്ഥിരതയും ആണെങ്കിലും, സ്വകാര്യ മേഖലയുടെ മൂലധന ചെലവ് ഇപ്പോഴും സൂക്ഷ്മമായ നിലയിലാണ്. കുറഞ്ഞ പണപ്പെരുപ്പം നിലനില്‍ക്കുന്നതിനാല്‍ 2026-27 കാലയളവില്‍ 'ന്യൂട്രല്‍ ടു ഈസി' ധനനയം തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആഗോള വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍, വികസിത രാജ്യങ്ങള്‍ മിതമായ വളര്‍ച്ചയാണ് കാണിക്കുന്നത്. മറുവശത്ത്, ഉയര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകള്‍ (emerging markets) സ്ഥിരതയുള്ള സംഭാവന ചെയ്യും. 2026, 2027 വര്‍ഷങ്ങളില്‍ ആഗോള ജിഡിപി വളര്‍ച്ച 2.5%-2.6% നിരക്കിലായിരിക്കും; 2025ലെ 2.6%നും 2024ലെ 2.9%നും താഴെയാണ് ഈ നിരക്ക്.

യുഎസില്‍ തൊഴില്‍ വളര്‍ച്ചയും വരുമാന വര്‍ധനയും കുറയുന്നുണ്ടെങ്കിലും ഉപഭോഗവും എഐ നിക്ഷേപങ്ങളും വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുന്നതായി മൂഡീസ് വിലയിരുത്തുന്നു. ചൈനയിലെ വളര്‍ച്ച 2025ല്‍ 5% ആകുമെങ്കിലും 2027ല്‍ അത് 4.2% വരെ ഇടിയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ചൈനയിലെ ഉപഭോഗത്തിലെ അനിശ്ചിതത്വം, കോര്‍പ്പറേറ്റ് വായ്പ കുറവ്, നിക്ഷേപങ്ങളെ കുറിച്ചുള്ള മന്ദഗതി തുടങ്ങിയവയും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

യുഎസ് പ്രാബല്യത്തില്‍ കൊണ്ടുവന്ന തീരുവകള്‍ 15%-20% പരിധിയില്‍ തുടരുമെങ്കിലും ഒഴിവുകള്‍ വര്‍ധിക്കുന്നതോടെ ഇറക്കുമതി തീരുവകള്‍ കുറയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യങ്ങള്‍ സാമ്പത്തിക സുരക്ഷയ്ക്കും വിതരണ ശൃംഖലകളുടെ ഭാഗമായി നിലനില്‍ക്കുന്ന അപകടങ്ങള്‍ പരിഹരിക്കാനും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനാല്‍ ആഗോള വ്യാപാരരീതികള്‍ മാറിക്കൊണ്ടിരിക്കുമെന്നും മൂഡീസ് വിലയിരുത്തുന്നു.

ചൈനയുടെ റെയര്‍ എര്‍ത്ത് ധാതുക്കളിലെ കയറ്റുമതി നിയന്ത്രണങ്ങളും യുഎസിന്റെ സെമിക്കോര്‍ണ്ടക്ടര്‍ നിയന്ത്രണങ്ങള്‍ക്കെതിരെയുള്ള പ്രതികരണങ്ങളും ആഗോള വ്യാപാരരംഗത്ത് അനിശ്ചിതത്വം തുടരുമെന്നതിന് ഉദാഹരണമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ രാജ്യങ്ങളും സ്ഥാപനങ്ങളും ചൈനീസ് റെയര്‍ എര്‍ത്ത് ആശ്രയത്തില്‍ നിന്ന് മാറാന്‍ ശ്രമിക്കുമെങ്കിലും ഇത് ചെലവേറിയതും സമയം വേണ്ടിവരുന്നതുമാണെന്ന് മൂഡീസ് പറയുന്നു.

യുഎസ്-ചൈന സാമ്പത്തിക വേര്‍പെടലിന്റെ സാധ്യത വര്‍ധിച്ചുവരുമ്പോഴും ബാക്കി ലോകം പരസ്പര വ്യാപാരം തുടരുകയും പുതിയ വ്യാപാര ബന്ധങ്ങള്‍ അന്വേഷിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.