ബിഹാറിലെ കനത്ത തോല്‍വിക്കുപിന്നാലെ കോണ്‍ഗ്രസില്‍ പിളര്‍പ്പിന് സാധ്യതയെന്ന് പ്രവചിച്ച് പ്രധാനമന്ത്രി മോഡി

ബിഹാറിലെ കനത്ത തോല്‍വിക്കുപിന്നാലെ കോണ്‍ഗ്രസില്‍ പിളര്‍പ്പിന് സാധ്യതയെന്ന് പ്രവചിച്ച് പ്രധാനമന്ത്രി മോഡി


ന്യൂഡല്‍ഹി:  ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ കനത്ത ഭൂരിപക്ഷത്തിലേക്ക് ഉയര്‍ന്ന ദിനത്തില്‍, കോണ്‍ഗ്രസില്‍ പുതിയൊരു വിഭജനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വലിയ രാഷ്ട്രീയ പ്രവചനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയിരിക്കുകയാണ്. ഡല്‍ഹിയിലെ ബിജെപി മുഖ്യാലയത്തില്‍ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മോഡി ഈ പരാമര്‍ശം നടത്തിയത്.

'കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നു, 'വോട്ട്‌ചോരി' പോലുള്ള അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉയര്‍ത്തുന്നു, മതജാതി അടിസ്ഥാനത്തില്‍ സമൂഹത്തെ വിഭജിക്കുന്നു. രാജ്യത്തിനായി ഒരുതരത്തിലുമുള്ള പോസിറ്റീവ് കാഴ്ചപ്പാടും മുന്നോട്ടുവെയ്ക്കുന്നില്ല'- മോഡി കടുത്ത വിമര്‍ശനത്തോടെ പറഞ്ഞു.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെ 'മുസ്ലിം ലീഗ്-മാവോയിസ്റ്റ് കോണ്‍ഗ്രസ്' എന്നാണ് മോഡി വിവരിച്ചത്. 'ഇതിന്റെ ചുവടുപിടിച്ചാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ കൂടുതല്‍ പ്രതികൂലമായൊരു വിഭാഗം രൂപം കൊണ്ടിരിക്കുന്നത്. ഈ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെ ആന്തരിക നിരകളില്‍ വലിയ നിരാശ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കോണ്‍ഗ്രസില്‍ മറ്റൊരു വലിയ പിളര്‍പ്പ് ഉടലെടുക്കാമെന്ന സംശയമുണ്ട്. കോണ്‍ഗ്രസിനെ പിന്തുണക്കുന്നവരും ഇന്നത്തെ നെഗറ്റീവ് രാഷ്ട്രീയത്തിന്റെ ദോഷഫലങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്ന് മോഡി മുന്നറിയിപ്പോടെ പറഞ്ഞു.

ബിഹാറില്‍ ആര്‍ജെഡി ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് രേഖപ്പെടുത്തിയത്. ഏകദേശം 25 സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് മുന്നേറ്റമുണ്ടായിരിക്കുന്നത്. 2020ല്‍ നേടിയ 19 സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് അഞ്ചിനടുത്തേക്ക് താഴ്ന്നു. വോട്ടുെഷയര്‍ 9.48 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി കുറഞ്ഞു.

സീറ്റ് പങ്കിടല്‍ ചര്‍ച്ചകളില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ വ്യത്യാസം പൊട്ടി പുറത്തുവന്നിരുന്നു. ഒന്നിലധികം സീറ്റുകളില്‍ സൗഹൃദ മത്സരമാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണവും കോണ്‍ഗ്രസിന് ഫലപ്രദമാക്കാനായില്ല. രാഹുല്‍ ഗാന്ധിയുടെ 'വോട്ടര്‍ അധികാര യാത്ര' ആദ്യ ആവേശത്തിനു ശേഷം ഒരുചലനവും ഉണ്ടാക്കാതെ അവസാനിക്കുകയും, അവസാനം ബിജെപിയുടെ ശക്തമായ പ്രചാരണ യന്ത്രത്തിനു മുന്നില്‍ കോണ്‍ഗ്രസ് പിന്നോട്ടുപോവുകയും ചെയ്തു.

ഫലം-ബിഹാറില്‍ എന്‍ഡിഎ 243 സീറ്റുകളില്‍ 200ഓളം പിടിച്ച് വമ്പന്‍ മുന്നേറ്റം നടത്തി. ബിജെപി ഏകദേശം 95 ശതമാനം വിജയം നേടി ഏറ്റവും വലിയ പാര്‍ട്ടിയാകാന്‍ ഒരുങ്ങുകയാണ്. പ്രായവും ആരോഗ്യപ്രശ്‌നങ്ങളും ചര്‍ച്ചയായിട്ടും നിതീഷ് കുമാറിന്റെ ജെഡിയുവും വലിയ നേട്ടം രേഖപ്പെടുത്തി.

ബിഹാര്‍ രാഷ്ട്രീയത്തില്‍ പുതിയ അധ്യായം തുറന്ന ഈ വിജയം, ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിച്ചു തുടങ്ങുന്നു എന്നതിന്റെ സൂചനയാണ് മോഡിയുടെ പ്രസ്താവന.