ബിഹാര്‍ തോല്‍വി: ആര്‍ ജെ ഡിയില്‍ പൊട്ടിത്തെറി; രാഷ്ട്രീയവും കുടുംബ ബന്ധവും ഉപേക്ഷിക്കുകയാണെന്ന് ലാലുവിന്റെ മകള്‍ രോഹിണി

ബിഹാര്‍ തോല്‍വി: ആര്‍ ജെ ഡിയില്‍ പൊട്ടിത്തെറി; രാഷ്ട്രീയവും കുടുംബ ബന്ധവും ഉപേക്ഷിക്കുകയാണെന്ന് ലാലുവിന്റെ മകള്‍ രോഹിണി


പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വന്‍വിജയത്തിന് പിന്നാലെ ആര്‍ജെഡിയില്‍ ഉള്‍പ്പാര്‍ട്ടി കലഹം പൊട്ടിപ്പുറപ്പെട്ടതായി സൂചന. പാര്‍ട്ടി തലവന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചര്യയാണ് ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുന്നതായും കുടുംബവുമംായുള്ള ബന്ധം അവസാനിപ്പിക്കുന്നതായും അവര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

എന്‍ഡിഎ 243 സീറ്റുകളില്‍ 202 എണ്ണം കൈവരിച്ച് ചരിത്രവിജയം സ്വന്തമാക്കിയ സാഹചര്യത്തിലാണ് രോഹിണിയുടെ ഈ പ്രതികരണം. ആര്‍ജെഡി വെറും 25 സീറ്റില്‍ ഒതുങ്ങി 2010ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് രേഖപ്പെടുത്തിയത്.

'രാഷ്ട്രീയം വിടുന്നു. കുടുംബബന്ധം നിരാകരിക്കുന്നു. ഇതാണ് സഞ്ജയ് യാദവും റമീസ് ആലവും ആവശ്യപ്പെട്ടത്. എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കുന്നു.' എന്ന് രോഹിണി എക്‌സില്‍ എഴുതി.

ആര്‍ജെഡിയില്‍ നിന്ന് വേര്‍പെട്ട സഞ്ജയ് യാദവ്‌യും റമീസ് ആലവും തന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണിതെന്നാണ് അവര്‍ സൂചിപ്പിച്ചത്.

തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ നിരാശയില്ലെന്ന് ആര്‍ജെഡി നേതൃത്വം വ്യക്തമാക്കിയിരുന്നുവെങ്കിലും, രോഹിണിയുടെ പരസ്യപ്രസ്താവന പാര്‍ട്ടി നേതൃത്വത്തിന് പുതിയ തലവേദനയായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ വലിയ തിരിച്ചടിയേറ്റ പാര്‍ട്ടിക്കുള്ളില്‍ ഗുരുതര രാഷ്ട്രീയ ചലനങ്ങളിലേക്ക് ഇത് വഴിവെയ്ക്കുമെന്നാണു സൂചന.