ഗാസയില്‍ ഇസ്രയേലി ഹെലികോപ്ടര്‍ ആക്രമണം; വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് വിമര്‍ശനം

ഗാസയില്‍ ഇസ്രയേലി ഹെലികോപ്ടര്‍ ആക്രമണം; വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് വിമര്‍ശനം


ഗാസ:   ഗാസയിലെ തെക്കന്‍ മേഖലകളിലെയും ഗാസാ നഗരത്തിലെയും യെല്ലോ ലൈന്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും ഇസ്രയേല്‍ ഹെലികോപ്ടറുകള്‍ ഞായറാഴ്ച രാവിലെ വ്യോമാക്രമണം നടത്തി. റഫാ, ഖാന്‍ യൂനിസ്, ഗാസാ സിറ്റി എന്നിവിടങ്ങളിലായാണ് ആക്രമണം നടന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ നടത്തിയ ഈ ആക്രമണം വിവാദമായിരിക്കുകയാണ്. രണ്ടു ദിവസമായി ശക്തമായ മഴ കാരണം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്ന ഹമാസ്, മരിച്ച തടവുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍ ഞായറാഴ്ച പുനരാരംഭിക്കുന്നതിനിടയിലാണ് ആക്രമണം.

അതേസമയം, അധീന വെസ്റ്റ് ബാങ്കിലെ നാബ്ലസിനടുത്തുള്ള ഒരു അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേലി സേന നടത്തിയ റെയ്ഡില്‍ ഒരു പലസ്തീന്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.