ബിഹാര്‍ തിരഞ്ഞെടുപ്പ്: ലോകബാങ്കിന്റെ 14,000 കോടി രൂപ സൗജന്യങ്ങള്‍ നല്‍കാന്‍ ഉപയോഗിച്ചെന്ന് ജന്‍സുരാജ് പാര്‍ട്ടി

ബിഹാര്‍ തിരഞ്ഞെടുപ്പ്: ലോകബാങ്കിന്റെ 14,000 കോടി രൂപ സൗജന്യങ്ങള്‍ നല്‍കാന്‍  ഉപയോഗിച്ചെന്ന് ജന്‍സുരാജ് പാര്‍ട്ടി


ബിഹാറില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിയു സഖ്യം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ സാഹചര്യത്തില്‍, ലോകബാങ്ക് നല്‍കുന്ന വന്‍തുക 'ദുരുപയോഗം ചെയ്തുവെന്ന ഗുരുതര ആരോപണവുമായി ജന്‍സുരാജ് പാര്‍ട്ടി.

ലോകബാങ്കില്‍ നിന്ന് ലഭ്യമാക്കിയ 14,000 കോടി രൂപ ആനൂകൂല്യങ്ങളും സൗജന്യങ്ങളും നല്‍കാന്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചുവെന്ന് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ജന്‍സുരാജ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ഉദയ് സിംഗ് ആരോപിച്ചു.

'ബിഹാറിന്റെ പൊതുകടം ഇപ്പോള്‍ 4,06,000 കോടി രൂപയാണ്. ദിവസേന പലിശ മാത്രം 63 കോടി. ട്രഷറി ശൂന്യമാണ്. സ്ത്രീകള്‍ക്ക് നല്‍കുന്ന 10,000 രൂപയുടെ പദ്ധതി ലോകബാങ്കിന്റെ മറ്റൊരു പദ്ധതിക്കായി നല്‍കിയ 21,000 കോടിയില്‍ നിന്നാണ് നല്‍കിയതെന്ന വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്,' എന്ന് അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.

മറ്റൊരവസരത്തില്‍, 'തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ മുമ്പ് 14,000 കോടി പിരിച്ചെടുത്ത് 1.25 കോടി സ്ത്രീകളില്‍ വിതരണം ചെയ്തുവെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരം,' എന്നും ഉദയ് സിംഗ് ആരോപിച്ചു.

എന്നാല്‍ ഈ വിവരങ്ങള്‍ തെറ്റായിരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

'വിവരങ്ങള്‍ തെറ്റാണെങ്കില്‍ ക്ഷമ ചോദിക്കുന്നു. ശരിയായാല്‍ ഇതിന്റെ നൈതികതയാണ് ചോദ്യം. നിയമപരമായി സര്‍ക്കാര്‍ ഫണ്ട് മാറ്റി ഉപയോഗിക്കാമെങ്കിലും, വിശദീകരണം തെരഞ്ഞെടുപ്പിന് ശേഷമേ വരൂ. മറ്റ് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുണ്ട്. വാഗ്ദാനങ്ങളും പണവിതരണവും വോട്ടര്‍മാരെ സ്വാധീനിക്കുമെന്നത് സത്യമാണ്,' എന്നും അദ്ദേഹം പറഞ്ഞു.