വാള്‍മാര്‍ട്ടിന്റെ പുതിയ സിഇഒ ജോണ്‍ ഫര്‍ണര്‍: മണിക്കൂര്‍ വേതനക്കാരനില്‍ നിന്ന് ഫോര്‍ച്യൂണ്‍ 500 ന്റെ തലവന്‍

വാള്‍മാര്‍ട്ടിന്റെ പുതിയ സിഇഒ ജോണ്‍ ഫര്‍ണര്‍: മണിക്കൂര്‍ വേതനക്കാരനില്‍ നിന്ന് ഫോര്‍ച്യൂണ്‍ 500 ന്റെ തലവന്‍


ലോകത്തിലെ ഏറ്റവും വലിയ റീറ്റെയില്‍ സ്ഥാപനമായ വാള്‍മാര്‍ട്ടിന്റെ നേതൃസ്ഥാനം മണിക്കൂര്‍ ശമ്പളക്കാരനായി ഷെല്‍ഫുകള്‍ നിറച്ച് തുടങ്ങിയ ജോണ്‍ ഫര്‍ണറിലേക്ക്. നിലവിലെ സിഇഒ ഡഗ് മക്മില്ലണ്‍ നേതൃപദവിയില്‍ പത്ത് വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചതോടെ,കമ്പനിയുടെ കുതിച്ചുചാട്ടം നയിക്കാന്‍  ഫെബ്രുവരിയില്‍ ഫര്‍ണര്‍ ചുമതലയേല്‍ക്കും. ജനുവരി 31 നാണ് മക്മില്ലന്‍ വിരമിക്കുന്നത്.

51 കാരനായ ഫര്‍ണര്‍, ആര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലിലെ വാള്‍മാര്‍ട്ട് സ്‌റ്റോറിലെ ഗാര്‍ഡന്‍ സെന്ററില്‍ നിന്നാണ് യാത്ര തുടങ്ങിയത്. 2.1 ദശലക്ഷം ജീവനക്കാരും 19 രാജ്യങ്ങളിലായി 11,000ലേറെ സ്‌റ്റോറുകളും ഉള്ള വമ്പന്‍ സ്ഥാപനം ഇനി അദ്ദേഹത്തിന്റെ കൈകളിലെത്തുന്നു.

മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റില്‍ ബിരുദം നേടി സ്‌റ്റോര്‍ മാനേജര്‍ മുതല്‍ ഡിസ്ട്രിക്ട് മാനേജര്‍, ബയര്‍, ഗ്ലോബല്‍ സോഴ്‌സിംഗ് വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ പദവികളിലൂടെ ഉയര്‍ന്ന ഫര്‍ണര്‍, ചൈനയിലെ ഷെന്‍ഷെനിലും രണ്ട് വര്‍ഷം വാള്‍മാര്‍ട്ടിന്റെ മെര്‍ച്ചന്‍ഡൈസിംഗും മാര്‍ക്കറ്റിംഗും നയിച്ചിരുന്നു. പിന്നീട് സാംസ് ക്ലബ്ബിന്റെയും വാള്‍മാര്‍ട്ട് യു.എസ്.യുടെ പ്രസിഡന്റിന്റെയും സിഇഒയുടെയും ചുമതല വഹിച്ചു.

ഫര്‍ണറിനെ 'സെയില്‍സ് ഫ്‌ളോര്‍ മുതല്‍ ഗ്ലോബല്‍ സ്റ്റ്രാറ്റജി വരെ എല്ലാം മനസ്സിലാക്കുന്ന നേതാവ്' എന്നാണ് ബോര്‍ഡ് ചെയര്‍മാന്‍ ഗ്രെഗ് പെന്‍നര്‍ വിശേഷിപ്പിച്ചത്.  'വ്യാപാരിയും ഓപ്പറേറ്ററും നവീകരണക്കാരനും നിര്‍മ്മാതാവും എന്നാണ് രണ്ടുദശാബ്ദമായി ഫര്‍ണറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവന്ന മക്മില്ലണ്‍, ലിങ്ക്ഡിനില്‍ കുറിച്ചത്.

ഫര്‍ണറിന്റെ നേതൃത്വത്തില്‍ വാള്‍മാര്‍ട്ട് സ്‌റ്റോര്‍ മാനേജര്‍മാരുടെ ശമ്പളക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. മികച്ച പ്രകടനമുള്ള മാനേജര്‍മാര്‍ക്ക് വര്‍ഷം 4.2 മുതല്‍ 6.2 ലക്ഷം ഡോളര്‍ വരെയുള്ള പാക്കേജ് വാഗ്ദാനം ചെയ്തു. അടിസ്ഥാന ശമ്പളം 1.3 ലക്ഷം മുതല്‍ 1.6 ലക്ഷം ഡോളര്‍ വരെയാക്കി. ജീവനക്കാരെ 'ഉടമകളെ പോലെ അനുഭവിപ്പിക്കാനാണ്'  ഈ മാറ്റമെന്ന് ഫര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

താഴ്ന്ന നിര ജീവനക്കാര്‍ക്കായുള്ള ബോണസ് പദ്ധതി കമ്പനി തിരിച്ചുകൊണ്ടുവന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. സേവനവര്‍ഷങ്ങള്‍ അനുസരിച്ച് ജീവനക്കാര്‍ക്ക് 1,000 ഡോളര്‍ വരെ ലഭ്യമാണ്.

എഐ മേഖലയില്‍ തൊഴിലുകള്‍ ഭീഷണിയിലാണെങ്കിലും വാള്‍മാര്‍ട്ട് അടുത്ത അഞ്ച് വര്‍ഷം ജീവനക്കാരുടെ എണ്ണം സ്ഥിരതയോടെ തുടരുമെന്ന്, ഒഴിവാകുന്ന ജോലികള്‍ പുതിയ പദവികളായി മാറുമെന്നും ഫര്‍ണര്‍ ഉറപ്പുനല്‍കി.
ബാല്യത്തില്‍ മുത്തച്ഛനൊപ്പം ഫാമില്‍ ജോലി ചെയ്ത അനുഭവമാണ് ഫര്‍ണറിന്റെ ജോലി മനോഭാവം രൂപപ്പെടുത്തിയതെന്ന് അദ്ദേഹം പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. 'മൃഗങ്ങള്‍ക്ക് ഞായറാഴ്ചയോ ശനിയാഴ്ചയോ അവധി ഇല്ല' എന്ന് പറയുന്ന ഫര്‍ണര്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുത്തച്ഛന്റെ ശൈലിയാണ് തനിക്ക് പ്രചോദനമെന്നും പറയുന്നു.

സാംസ് ക്ലബ്ബിന്റെ തലവനായിരിക്കുമ്പോള്‍ തുടര്‍ച്ചയായി 11 ക്വാര്‍ട്ടര്‍ വളര്‍ച്ച കൈവരിച്ചു. തുടര്‍ന്ന് വാള്‍മാര്‍ട്ട് യു.എസ്. നയിക്കുമ്പോള്‍ കോവിഡ് മഹാമാരിയുടെ അതിവിസ്മയകരമായ വെല്ലുവിളിയും തടയുകയായിരുന്നു. സപ്ലൈ ചെയിന്‍ ശക്തിപ്പെടുത്തലും ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളിലേക്കുള്ള നിക്ഷേപവും പിക്അപ്പ്, ഡെലിവറി സേവനങ്ങളുടെ വന്‍ വികസനവുമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നത്.

2021ല്‍ മാത്രം യു.എസ്. വില്‍പ്പന 29 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നത് ഫര്‍ണറിന്റെ തന്ത്രങ്ങളുടെ വിജയത്തിന്റെ തെളിവാണ്. ഇകൊമേഴ്‌സ് വളര്‍ച്ച 79% വരെ എത്തി.

വാള്‍മാര്‍ട്ടിന്റെ അടുത്ത അധ്യായം ഇനിയും എങ്ങനെ മാറും എന്നതില്‍ ലോകം ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോളാണ്, ഒരിക്കല്‍ മണിക്കൂര്‍ വേതനക്കാരനായിരുന്ന ജോണ്‍ ഫര്‍ണര്‍ ഇപ്പോള്‍ ഫോര്‍ച്യൂണ്‍ 500 ഭീമന്റെ സുതാര്യ ഭാവി നിര്‍മിക്കാന്‍ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.