ഡല്‍ഹി സ്‌ഫോടനത്തില്‍ ബന്ധം കണ്ടെത്താനായില്ല; എന്‍ഐഎ കസ്റ്റഡിയിലെടുത്ത ഡോക്ടര്‍മാരെ വിട്ടയച്ചു

ഡല്‍ഹി സ്‌ഫോടനത്തില്‍ ബന്ധം കണ്ടെത്താനായില്ല; എന്‍ഐഎ കസ്റ്റഡിയിലെടുത്ത ഡോക്ടര്‍മാരെ വിട്ടയച്ചു


ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കടുത്ത് നടന്ന കാര്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടര്‍മാരടക്കം നാല് പേരെ വിട്ടയച്ചു. മുഖ്യപ്രതി ഡോ. ഉമര്‍ നബിയുമായി കസ്റ്റഡിയിലെടുത്തവര്‍ക്ക് ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നാലുപേരെയും മോചിപ്പിച്ചത്. ഫിറോസ്പൂര്‍ ഝിര്‍ക്ക സ്വദേശി ഡോ. മുസ്തഖീം, അഹ്മദ്ബാസ് സ്വദേശി ഡോ. മുഹമ്മദ്, ഡോ. റെഹാന്‍ ഹയാത്ത്, വളം വ്യാപാരി ദിനേശ് സിംഗ്ല എന്നിവരെയാണ് മോചിപ്പിച്ചത്. 

ദിവസങ്ങള്‍ക്ക് മുമ്പ് ഹരിയാനയിലെ നൂഹില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഡോക്ടര്‍മാര്‍ക്ക് ഉമറുമായും അല്‍ഫലാഹ് സര്‍വകലാശാലയുമായും ബന്ധമുണ്ട് എന്നായിരുന്നു എന്‍ഐഎയുടെ ആരോപണം. എന്നാല്‍, മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം, നാലുപേരെയും പ്രതി ചേര്‍ക്കാന്‍ ഉതകുന്ന കാര്യമായ തെളിവുകളോ ഡിജിറ്റല്‍ രേഖകളോ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വിട്ടയയ്ക്കാന്‍ തീരുമാനിച്ചത്. ഇവരുടെ മോചനം കുടുംബങ്ങള്‍ സ്ഥിരീകരിച്ചു. എന്നാല്‍, ഇവരെ നിരീക്ഷിക്കുന്നത് എന്‍ഐഎ തുടരും. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ മേവാത്തില്‍ നിന്നുള്ള ഏഴ് പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ നാല് പേരെയാണ് ഇപ്പോള്‍ വിട്ടയച്ചത്. ഉപേക്ഷിക്കപ്പെട്ട മൊബൈല്‍ ഫോണുകളില്‍ നിന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച പുതിയ സൂചനകളെ തുടര്‍ന്നാണ് കേസന്വേഷണം മേവാത്തിലേക്ക് വ്യാപിപ്പിച്ചത്. 

നവംബര്‍ 10ന് വൈകീട്ട് 6.55ഓടെയായിരുന്നു ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഹ്യുണ്ടായ് ഐ 20 കാറില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫരീദാബാദിലെ അല്‍ഫലാഹ് സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്ന ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശി ഉമര്‍ നബി ആണ് കാറിലുണ്ടായിരുന്നതെന്ന് ഡിഎന്‍എ ടെസ്റ്റില്‍ സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ സൂത്രധാരന്‍ ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.