വാഷിംഗ്ടണ്‍: വെനിസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയുമായി അമേരിക്ക ഉടന്‍ സംഭാഷണം തുടങ്ങാമെന്ന സൂചന നല്‍കി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മഡുരോ നിയന്ത്രിക്കുന്നതായി വാഷിംഗ്ടണ്‍ ആരോപിക്കുന്ന 'കാര്‍ട്ടല്‍ ഡി ലോസ് സോളസ്' എന്ന മയക്കുമരുന്ന് കടത്തല്‍ സംഘത്തെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്ന നടപടിക്ക് മണിക്കൂറുകള്‍ക്കുശേഷമാണ് ട്രംപിന്റെ പരാമര്‍ശം.
'മഡുറോയുമായി ചില ചര്‍ച്ചകള്‍ നടക്കാനിടയുണ്ട്. കാരക്കാസ് സംസാരിക്കാന്‍ താല്‍പര്യം കാണിക്കുന്നു' എന്ന് ഫ്‌ളോറിഡയിലെ പാം ബീച്ച് വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് പറഞ്ഞു.
അതേസമയം, ലഹരി കടത്ത് തടയുന്നതിനുള്ള യു.എസ്. സൈനിക നീക്കങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍, കിഴക്കന്‍ പസഫിക്കിലെ പ്രശസ്തമായ കടത്ത് പാതയില്‍ സഞ്ചരിച്ചിരുന്ന ബോട്ടിനെ ലക്ഷ്യമിട്ട് 21ാമത്തെ വ്യോമാക്രമണം നടത്തിയതായി പെന്റഗണ്‍ സ്ഥിരീകരിച്ചു.
യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ പ്രഖ്യാപിച്ചതനുസരിച്ച്, കാര്‍ട്ടല്‍ ഡി ലോസ് സോളസ്'-നെ ഭീകരസംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ അമേരിക്ക ഒരുങ്ങുകയാണ്. മഡുരോയുടെയും മറ്റ് ഉയര്‍ന്നപദവിയിലുള്ള ഉദ്യോഗസ്ഥരുടെയും നേരിട്ടുള്ള പിന്തുണയുള്ള ഈ സംഘം ട്രെന്‍ ഡെ അറഗ്വാ, സിനലോ കാര്‍ട്ടല്‍ പോലുള്ള കുറ്റകൃത്യ ശൃംഖലകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും ലഹരി വ്യാപനത്തിനും പ്രദേശത്തെ അക്രമത്തിനും ഉത്തരവാദികളാണെന്നും വാഷിംഗ്ടണ്‍ ആരോപിക്കുന്നു.
മഡുറോക്കെതിരെ അമേരിക്ക മുന്നോട്ടുവയ്ക്കുന്ന കുറ്റാരോപണങ്ങളെ വെനിസ്വേല 'അസംബന്ധം' എന്ന് വിശേഷിപ്പിച്ചു. കരീബിയന്‍ മേഖലയിലെ യു.എസ്. സൈനിക സാന്നിധ്യം 'ഭരണ മാറ്റത്തിനുള്ള നീക്കം' മാത്രമാണെന്നാണ് കാരക്കാസിന്റെ മറുപടി.
'മഡുറോയും അദ്ദേഹത്തിന്റെ കൂട്ടരും വെനിസ്വേലയുടെ നിയമാനുസൃത ഭരണത്തെ പ്രതിനിധീകരിക്കുന്നില്ല. നാര്‍ക്കോഭീകരര്‍ക്കെതിരെ ലഭ്യമായ എല്ലാ ഉപാധികളും യു.എസ്. തുടരും, എന്ന് റുബിയോ വ്യക്തമാക്കി.
അമേരിക്ക-വെനിസ്വേല ബന്ധത്തില്‍ പുതിയ രാഷ്ട്രീയ അധ്യായത്തിന് സാധ്യത ഉയര്‍ത്തുന്ന സൂചനകളാണ് ഏറ്റവും പുതിയ നീക്കങ്ങള്‍.
