സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ മൂലമുള്ള വിമാനഗതാഗത നിയന്ത്രണങ്ങള്‍ എഫ് എ എ പിന്‍വലിക്കുന്നു

സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ മൂലമുള്ള വിമാനഗതാഗത നിയന്ത്രണങ്ങള്‍ എഫ് എ എ പിന്‍വലിക്കുന്നു


വാഷിംഗ്ടണ്‍: അമേരിക്കന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിമാന ഗതാഗത നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച രാവിലെ 6 മുതല്‍ പിന്‍വലിക്കുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA) അറിയിച്ചു. ഇതോടെ ആഴ്ചകളായി നീണ്ടുനിന്ന വിമാനം വൈകലുകള്‍ക്കും റദ്ദാക്കലുകള്‍ക്കും അവസാനമായി. രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് മടങ്ങിവരികയും ചെയ്യും.

 കഴിഞ്ഞ ആഴ്ച ഏര്‍പ്പെടുത്തിയ ആറുശതമാനം വിമാന ഗതാഗത നിയന്ത്രണം തിങ്കളാഴ്ച മുതല്‍ പൂര്‍ണ്ണമായും പിന്‍വലിക്കുകയാണെന്ന് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫിയും എഫ് എ എ അഡ്മിനിസ്‌ട്രേറ്റര്‍ ബ്രയാന്‍ ബെഡ്‌ഫോഡും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷാ പ്രവണതകളും സ്റ്റാഫിംഗ് നിലയും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

'ഇനി അമേരിക്കന്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ള, ഏറ്റവും ആധുനികമായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലേക്ക് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാം. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ നിയമനം വേഗത്തിലാക്കുക എന്നതും പ്രധാന ലക്ഷ്യമാണ്,' എന്ന് ഡഫി പറഞ്ഞു.

എന്നാല്‍ പൂര്‍ണ്ണമായ സാധാരണ നിലയിലേക്ക് എത്താന്‍ വിമാനക്കമ്പനികള്‍ക്ക് ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വരുന്ന താങ്ക്‌സ് ഗിവിംങ് അവധി ദിനങ്ങളിലും ചരക്കു ഗതാഗതത്തിന്റെ മൂര്‍ദ്ധന്യകാലത്തും 3.1 കോടി പേര്‍ യാത്രചെയ്യുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

നവംബര്‍ 6ന് പ്രധാന 40 വിമാനത്താവളങ്ങളിലെ ഗതാഗതം പത്ത് ശതമാനം വരെ കുറയ്ക്കാന്‍ ഡഫി നിര്‍ദ്ദേശിച്ചിരുന്നു. ശമ്പളം ലഭിക്കാതെ ജോലിയില്‍ തുടരേണ്ടി വന്ന ഫെഡറല്‍ ട്രാഫിക് ജീവനക്കാര്‍ക്കിടയില്‍ ഉണ്ടായ കുറവാണ് ഇതിന് കാരണമായത്. ബിസിനസ് ജെറ്റുകളുടെയും സ്വകാര്യ വിമാനങ്ങളുടെയും പ്രവേശനത്തിലും എഫ് എ എ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ആദ്യമായി നാല് ശതമാനം ഗതാഗത കുറവ് ഏര്‍പ്പെടുത്തിയ എഫ് എ എ പിന്നീട് അത് ഉയര്‍ത്തി. നവംബര്‍ 9ന് മാത്രം 2,600ത്തിലധികം ഫ്‌ലൈറ്റുകള്‍-രാജ്യത്തെ എയര്‍ട്രാഫിക്കിന്റെ പത്ത് ശതമാനത്തോളം-റദ്ദാക്കപ്പെട്ടിരുന്നു. നവംബര്‍ 11ന് നിയന്ത്രണം ആറുശതമാനമായി.

ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ നിയമനിര്‍മ്മാതാക്കള്‍ ഒത്തുതീര്‍പ്പിലെത്തിയതോടെ എഫ് എ എ നിയന്ത്രണങ്ങള്‍ മരവിപ്പിക്കുകയായിരുന്നു.

ഷട്ട്ഡൗണ്‍ അവസാനിച്ചതിന് ശേഷം രണ്ട് ദിവസത്തിനകം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് നഷ്ടപ്പെട്ട ശമ്പളത്തിന്റെ എഴുപത് ശതമാനം നല്‍കി തീര്‍ക്കുമെന്ന് ഡഫി അറിയിച്ചിട്ടുണ്ട്. ശേഷിച്ച തുകയും ഒരാഴ്ചയ്ക്കകം ലഭിക്കും.

ഷട്ട്ഡൗണ്‍ കാലയളവില്‍ ജോലിയില്‍ തുടര്‍ന്ന ഗതാഗത സുരക്ഷ ഉദ്യോഗസ്ഥര്‍ക്കു ബോണസ് നല്‍കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. മികച്ച സേവനം നല്‍കിയ ടിഎസ്എ ഉദ്യോഗസ്ഥര്‍ക്ക് 10,000 ഡോളര്‍ വീതം ബോണസ് നല്‍കുമെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം അറിയിച്ചു. പൂര്‍ണ്ണ ഹാജര്‍ രേഖപ്പെടുത്തിയതിനാല്‍ ബോസ്റ്റണിലെ 270ത്തിലധികം ടിഎസ്എ  ഉദ്യോഗസ്ഥര്‍ക്ക് ബോണസ് ലഭിക്കുമെന്ന് അവര്‍ പറഞ്ഞു.