മദീനയ്ക്കടുത്ത് ബസും എണ്ണ ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; 45 ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം

മദീനയ്ക്കടുത്ത് ബസും എണ്ണ ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; 45 ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം


മദീന: സൗദി അറേബ്യയിലെ മദീനയ്ക്കടുത്ത് ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകരെ കൊണ്ടുപോന്ന ബസും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ച് ഉണ്ടായ തീപിടിത്തത്തില്‍ 45 പേര്‍ ദാരുണമായി മരിച്ചുവെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ വി. സി. സജ്ജനാര്‍ അറിയിച്ചു. 46 പേര്‍ യാത്ര ചെയ്ത ബസിലെ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മരിച്ച ഭൂരിപക്ഷം പേരും ഹൈദരാബാദ്-തെലങ്കാന സ്വദേശികളാണ്. മക്കയില്‍ നിന്ന് മദീനയിലേക്ക് യാത്ര ചെയ്യുന്നിടെയായിരുന്നു അപകടം. തീര്‍ത്ഥാടകര്‍ നവംബര്‍ 9നാണ് ഹൈദരാബാദില്‍ നിന്ന് ജിദ്ദയില്‍ എത്തിയത്. നാലുപേര്‍ മക്കയില്‍ തന്നെ തുടരുകയും, നാലുപേര്‍ കാറില്‍ മദീനയിലേക്ക് പോകുകയും ചെയ്തിരുന്നു. ശേഷിച്ച 46 പേരാണ് ബസില്‍ യാത്ര ചെയ്തത്.

അപകടത്തില്‍ ഒരു ഓയില്‍ ടാങ്കറും ഉള്‍പ്പെട്ടതായി കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഭീകരദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുഖം രേഖപ്പെടുത്തി. സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ജിദ്ദയിലും ഹൈദരാബാദിലും ബന്ധപ്പെടാനുള്ള കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിന് ഹൈദരാബാദ് എം.പി. അസാദുദ്ദീന്‍ ഒവൈസി,  കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ദുരന്തവാര്‍ത്തയെത്തിയതോടെ വീടുകളില്‍ കരളലിയിക്കുന്ന കാഴ്കളാണ്. അപകടത്തില്‍പെട്ട ബസില്‍ ഒരുവീട്ടിലെ ഏഴു ബന്ധുക്കള്‍ യാത്ര ചെയ്തിരുന്നുവെന്ന് ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് തഹ്‌സീന്‍ പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന രക്ഷപ്പെട്ട ഷൊയബില്‍ നിന്നാണ് വിവരം ലഭിച്ചതെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.