വിധിക്കെതിരെ ഷെയ്ക്ക് ഹസീനയ്ക്ക് അപ്പീല്‍ നല്‍കാനാവും; അധികാരത്തിലെത്തുംവരെ അപ്പീലിനില്ലെന്ന് മകന്‍

വിധിക്കെതിരെ ഷെയ്ക്ക് ഹസീനയ്ക്ക് അപ്പീല്‍ നല്‍കാനാവും; അധികാരത്തിലെത്തുംവരെ അപ്പീലിനില്ലെന്ന് മകന്‍


ധാക്ക: ബംഗ്ലാദേശിലെ ആഭ്യന്തര യുദ്ധക്കുറ്റ കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക കോടതിയായ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതോടെ അവര്‍ക്കു അപ്പീല്‍ നല്‍കാമോ എന്ന ചര്‍ച്ചകള്‍ ശക്തമായി. 2024 ഓഗസ്റ്റിലെ വിദ്യാര്‍ഥി സമരത്തെ അടിച്ചമര്‍ത്തിയതില്‍ മനുഷ്യത്വ വിരുദ്ധ കുറ്റങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാണ് ട്രൈബ്യൂണല്‍ ശിക്ഷ പ്രഖ്യാപിച്ചത്.

ന്യായാധിപന്‍ മുഹമ്മദ് ഗുലാം മൗര്‍തുസ മജുംദാര്‍ അധ്യക്ഷനായ ബെഞ്ച് ഹസീനയ്ക്കൊപ്പം മുന്‍ ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാല്‍, മുന്‍ പൊലീസ് മേധാവി ചൗധരി അബ്ദുള്ള അല്‍-മമൂന്‍ എന്നിവര്‍ക്കുമേലും സമാന കുറ്റങ്ങള്‍ ചുമത്തിയിരുന്നു. 

2024 ഓഗസ്റ്റിലെ വിദ്യാര്‍ഥി സമരകാലത്ത് രാജ്യത്ത് വ്യാപകമായി നടന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പ്രതികള്‍ പരസ്പര സഹകരണ്‌തോടെ പ്രവര്‍ത്തിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. സമരത്തിലുള്ള വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചുവെന്നാണ് വിധിയില്‍ പറയുന്നത്. 

വിദ്യാര്‍ഥികളെ അപമാനിക്കുകയും, പ്രതിഷേധക്കാരെ കണ്ടെത്താന്‍ ഡ്രോണ്‍, കൂട്ടത്തോടെ ആക്രമിക്കാന്‍ ഹെലികോപ്റ്റര്‍, ലേത്തല്‍ ആയുധങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ ഷെയ്ഖ് ഹസീന നിര്‍ദ്ദേശിച്ചുവെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.

എങ്കിലും രാജ്യത്തെ ജനങ്ങളോടും കോടതിയോടും മാപ്പ് പറഞ്ഞതിനാല്‍ മുന്‍ പൊലീസ് മേധാവിക്ക് കോടതി മാപ്പ് നല്‍കിയിരുന്നു.

വിധി പ്രഖ്യാപിച്ചതിന് പിന്നാലെ ഷെയ്ക്ക് ഹസീന പ്രതികരിച്ചത് പക്ഷപാതിപരവും രാഷ്ട്രീയ പ്രേരിതവുമായ വിധി എന്നാണ്. 

കഴിഞ്ഞ വര്‍ഷം ജൂലൈ- ഓഗസ്റ്റ് സംഭവങ്ങള്‍ രാഷ്ട്രത്തിനും നിരവധി കുടുംബങ്ങള്‍ക്കും ദുഃഖകരമായതായിരുന്നുവെന്നും അക്രമം കുറയ്ക്കാനും ക്രമം പുനഃസ്ഥാപിക്കാനുമായിരുന്നു സര്‍ക്കാരിന്റെ ശ്രമമെന്നും സംഭവങ്ങള്‍ നിയന്ത്രണം വിട്ടതായും എന്നാല്‍ ഇതിനെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പൗരന്മാരുടെ നേരെയുള്ള ആക്രമണമെന്നായി ചിത്രീകരിക്കുന്നത് വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ നിയമപരമായി ഹസീനയ്ക്ക് വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സാധിക്കും. ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണലിന്റെ വിധിക്കെതിരെ ബംഗ്ലാദേശ് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാം. 

എന്നാല്‍ ഹസീനയുടെ മകനും ഉപദേഷ്ടാവുമായ സജീബ് വസേദ് റോയ്‌ട്ടേഴ്‌സിനോട് പ്രതികരിച്ചത് അവാമി ലീഗ് പങ്കാളിത്തമുള്ള ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തിലെത്തും വരെ തങ്ങള്‍ അപ്പീല്‍ സമര്‍പ്പിക്കില്ല എന്നാണ്.