സൗദി ബസ് ദുരന്തം: 9 കുട്ടികള്‍ ഉള്‍പ്പെടെ ഒരേ കുടുംബത്തിലെ 18 പേര്‍ കത്തിക്കരിഞ്ഞു മരിച്ചു

സൗദി ബസ് ദുരന്തം: 9 കുട്ടികള്‍ ഉള്‍പ്പെടെ ഒരേ കുടുംബത്തിലെ 18 പേര്‍ കത്തിക്കരിഞ്ഞു മരിച്ചു


ജിദ്ദ/ഹൈദരാബാദ്:  മക്ക-മദീന ഹൈവേയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഭീകരമായ ബസ് അപകടത്തില്‍ മരിച്ച 40ലേറെ ഇന്ത്യന്‍ തീര്‍ത്ഥാടകരില്‍ 18 പേര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് സ്ഥിരീകരിച്ചു. ഇവരില്‍ ഒന്‍പത് പേര്‍ കുട്ടികളാണ്. ഉംറ നിര്‍വഹിച്ച് മദീനയിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

'എന്റെ മരുമകളും മരുമക്കളും അവരുടെ കുട്ടികളും ചേര്‍ന്നാണ് പോയത്. എട്ട് ദിവസം മുമ്പായിരുന്നു യാത്ര. ഉംറ കഴിഞ്ഞ് മടങ്ങുമ്പോഴാണ് രാത്രി 1.30ന് അപകടം. തീ പിടിച്ച ബസ് പൂര്‍ണമായും കത്തിനശിച്ചു. ശനിയാഴ്ച വീട്ടിലെത്താനിരിക്കെയാണ് ഈ ദുരന്തം,' ഒരു ബന്ധു പറഞ്ഞു.

'9 മുതിര്‍ന്നവരും 9 കുട്ടികളും ഒരേ കുടുംബത്തിലെ 18 പേര്‍ മരിച്ചു. ഞങ്ങള്‍ക്ക് താങ്ങാനാവാത്ത ദുരന്തമാണ്,' കുടുംബാംഗമായ മുഹമ്മദ് അസിഫ് പറഞ്ഞു. മരിച്ചവരില്‍ നസീറുദ്ദീന്‍ (70), ഭാര്യ അഖ്തര്‍ ബീഗം (62), മകന്‍ സലൗദ്ദീന്‍ (42), പുത്രിമാരായ അമീന (44), റിസ്വാന (38), ഷബാന (40) എന്നിവരെയും അവരുടെ കുട്ടികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

അപകടസമയത്ത് ബസില്‍ 40ലേറെ യാത്രക്കാരുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മിക്കവരും ഉറങ്ങിക്കിടക്കുകയായിരുന്നു. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെ ടാങ്കര്‍ ലോറിയില്‍ ഇടിച്ചാണ് ബസിന് തീപിടിച്ചത്.

രക്ഷപ്പെട്ടത് ഹൈദരാബാദ് സ്വദേശിയായ യുവാവ് മാത്രം

അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് 24 കാരനായ മുഹമ്മദ് അബ്ദുള്‍ ഷൊയാബ് എന്ന യുവാവ് മാത്രമാണ്. ഡ്രൈവറിന്റെ അടുത്തിരുന്നു എന്നതിനാലാണ് അബ്ദുള്‍ ഷൊയാബിന് രക്ഷപ്പെടാനായത്. പരിക്കേറ്റ ഇയാള്‍  ചികിത്സയിലാണ്. 'അപകടത്തെ കുറിച്ച് ഷൊയാബ് ഞങ്ങളോട് ഫോണില്‍ അറിയിച്ചു. ഇവിടെ നിന്നുള്ള ട്രാവല്‍ ഓഫീസ് സഹായിക്കുമെന്നാണ് പറഞ്ഞത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുകയോ അല്ലെങ്കില്‍ ഞങ്ങളെ അവിടേക്ക് കൊണ്ടുപോകുകയോ ചെയ്യണം,' ബന്ധുവായ മുഹമ്മദ് തഹ്‌സീന്‍ ദ ഹിന്ദു വിനോട് പറഞ്ഞു.

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മരിച്ചവരില്‍ 20 സ്ത്രീകളും 11 കുട്ടികളും ഹൈദരാബാദ് സ്വദേശികളാണ്.

ദുരന്തത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.