യുഎസിലെ ഭവനരഹിതര്‍ക്കുള്ള പദ്ധതി കൂടുതല്‍ കര്‍ശനമാക്കും; 1.7 ലക്ഷം പേരുടെ അര്‍ഹത പുന:പരിശോധിക്കും

യുഎസിലെ ഭവനരഹിതര്‍ക്കുള്ള പദ്ധതി കൂടുതല്‍ കര്‍ശനമാക്കും; 1.7 ലക്ഷം പേരുടെ അര്‍ഹത പുന:പരിശോധിക്കും


വാഷിംഗ്ടണ്‍: ഭവനരഹിതര്‍ക്കായുള്ള ദീര്‍ഘകാല സ്ഥിരതാമസ പദ്ധതികള്‍ വെട്ടിക്കുറച്ച്, അതിനുപകരം ജോലിയുടെയും ലഹരി ഉപയോഗത്തിന്റെയും വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ട്രാന്‍സിഷണല്‍ ഹൗസിംഗിന് പ്രാധാന്യം നല്‍കുന്ന വലിയ നയംമാറ്റം നടപ്പാക്കാനൊരുങ്ങുകയാണ് യുഎസിലെ ട്രംപ് ഭരണകൂടം.

'ഉത്തരവാദിത്വവും സ്വയംപര്യാപ്തതയും പുനഃസ്ഥാപിക്കാനായുള്ള ശ്രമം' ആണ്  പുതിയ നിലപാടുകളെന്ന് ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് (HUD) വകുപ്പ് വ്യക്തമാക്കി. ലഹരി ഉപയോഗവും മാനസികാരോഗ്യ പ്രശ്‌നങ്ങളുമാണ് ആളുകളെ വീടില്ലാത്ത സാഹചര്യത്തിലേക്ക് നയിക്കുന്നതെന്നും അവ പരിഹരിക്കാനാണ് ലക്ഷ്യമെന്നും വകുപ്പ് വ്യക്തമാക്കി.

മൊത്തം ഫണ്ടിംഗ് 3.6 ബില്യണ്‍ ഡോളറില്‍ നിന്ന് 3.9 ബില്യണ്‍ ഡോളറായി വര്‍ധിക്കുന്നുവെങ്കിലും, സ്ഥിരതാമസ പദ്ധതികളിലെ വന്‍തോതിലുള്ള വെട്ടിക്കുറവ് 1.7 ലക്ഷം പേര്‍ വീണ്ടും വീടില്ലാതെ പോകാനുള്ള ഭീഷണി ഉയര്‍ത്തുന്നുവെന്ന് സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

ഫണ്ടിംഗ് വൈകി; പല പദ്ധതികളും മാസങ്ങളായി സ്തംഭനത്തില്‍

തുടര്‍ച്ചയായി ലഭിച്ചിരുന്ന സാമ്പത്തിക സഹായം ഇനി സ്വയം പുതുക്കി നല്‍കില്ലെന്ന് HUD പ്രഖ്യാപിച്ചതോടെ വര്‍ഷങ്ങളായി സബ്‌സിഡി ഭവനങ്ങളില്‍ കഴിയുന്ന നിരവധി മുതിര്‍ന്നവരും ഭിന്നശേഷിയുള്ളവരും പുറത്താക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആശങ്ക ഉയര്‍ന്നു.

ഫണ്ടിംഗ് നോട്ടീസ് സാധാരണയായി മാസങ്ങള്‍ മുമ്പ് പുറപ്പെടുവിക്കാറുണ്ടെങ്കിലും ഈ വര്‍ഷം വലിയ വീഴ്ച സംഭവിച്ചു. നിലവിലെ ഫണ്ടിംഗ് അവസാനിക്കുന്നതും പുതിയത് ലഭിക്കുന്നതും തമ്മില്‍ വലിയ ഇടവേള ഉണ്ടാകുമെന്നും രാജ്യത്തെ ഏജന്‍സികള്‍ പറയുന്നു.

'കാര്യങ്ങള്‍ പരിഹരിക്കാന്‍ നാം വളരെ വേഗത്തില്‍ നീങ്ങമെങ്കിലും, അഭയാര്‍ഥി സേവന മേഖലയില്‍ അത് അത്ര എളുപ്പമല്ല. കാരണം ഷട്ട്ഡൗണ്‍ പ്രശ്‌നങ്ങള്‍ മാത്രമല്ല, ഫണ്ടിംഗ് നേരത്തെ തന്നെ ഷെഡ്യൂളില്‍ പിന്നിലായിരുന്നുവെന്നും HUD ഉപദേഷ്ടാവ് റോബര്‍ട്ട് മാര്‍ബട്ട് ചൂണ്ടിക്കാണിക്കുന്നു.

പുതിയ നയപ്രകാരം മതാധിഷ്ഠിത സംഘടനകള്‍ക്ക് കൂടുതല്‍ ഫണ്ടിംഗ് ലഭിക്കാനാണ് സാധ്യത. കൂടാതെ ഭവനരഹിതരുടെ ക്യാമ്പുകള്‍ നിരോധിക്കുന്ന നഗരങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കാമെന്നും വിമര്‍ശകര്‍ പറയുന്നു.

'വീടിന്റെ കാര്യം ആദ്യം (Housing first) എന്ന പേരില്‍ സ്ഥിരതാമസത്തിന് മുന്‍ഗണന നല്‍കുന്ന നയം കഴിഞ്ഞ ഇരുപത് വര്‍ഷമായി യുഎസില്‍ വിജയകരമെന്ന വിലയിരുത്തല്‍ ലഭിച്ചിട്ടുള്ളതാണെങ്കിലും, അത് ഭവനരഹിതരുടെ എണ്ണം കുറയ്ക്കാന്‍ പര്യാപ്തമല്ലെന്ന് ട്രംപ് അടക്കമുള്ള കണ്‍സര്‍വേറ്റീവ് വിഭാഗം ആരോപിക്കുന്നു.

ട്രംപ് ഒപ്പുവെച്ച ജൂലൈയിലെ എക്‌സിക്യൂട്ടീവ് ഓര്‍ഡറിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. ഭവനരഹിതരെ മാനസികാരോഗ്യ സ്ഥാപനങ്ങളില്‍ നിര്‍ബന്ധിതമായി താമസിപ്പിക്കാന്‍ എളുപ്പമാക്കുന്ന വ്യവസ്ഥകളും ആ ഉത്തരവില്‍ ഉള്‍പ്പെട്ടിരുന്നു.

കരുതലോടെയുള്ള പരിചരണ സമീപനത്തില്‍ (Trauma-Informed Care) നിന്ന് മാറിപ്പോവുന്നതാണ് പുതിയ നയമെന്ന് ലോസ് ആഞ്ചുലസിലെ എല്‍എ ഫാമിലി ഹൗസിംഗിന്റെ സിഇഒ സ്റ്റഫാനി ക്ലാസ്‌കിഗെയ്മര്‍ പറയുന്നു. വൈദ്യപരിചരണം, ലഹരി നിരാസനം എന്നിവയില്‍ ചേര്‍ന്നിട്ടില്ലെങ്കില്‍ പല ഷെല്‍ട്ടറുകളും ഇനി ആളുകളെ പ്രവേശിപ്പിക്കില്ല. എന്നാല്‍ അതൊരു വലിയ തടസ്സവും തിരിച്ചടിയുമാണ്. ഭവനരഹിതര്‍ വീണ്ടും തെരുവിലേക്കു പോവുകയല്ലാതെ വേറെ വഴിയില്ലെന്നും സ്റ്റഫാനി പറഞ്ഞു.
സ്ഥിരതാമസത്തിന് അവസരം കിട്ടിയ ആയിരക്കണക്കിന് പേരെ വീണ്ടും അനിശ്ചിതത്വത്തിലേക്ക് തള്ളിക്കളയുന്നതാണ് പുതിയ നയം എന്ന്  National Alliance to End Homelessness മുന്നറിയിപ്പ് നല്‍കി.

'HUDയുടെ പുതിയ നയം ഇവരുടെ ജീവിതത്തിന്റെ നേര്‍ക്ക് വാതില്‍ കൊ്ിയടയ്ക്കുകയാണ്. ഭവനരഹിതരുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുന്ന ഉത്തരവാദിത്വമില്ലാത്ത തീരുമാനമാണിതെന്ന് സംഘടനയുടെ സി.ഇ.ഒ ആന്‍ ഒലിവ പറഞ്ഞു.