മലങ്കര കത്തോലിക്കാ സഭ മെത്രാഭിഷേകം നവംബര്‍ 22 ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലങ്കര കത്തോലിക്കാ സഭ മെത്രാഭിഷേകം നവംബര്‍ 22 ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ പുതിയതായി നിയമിതരായിരിക്കുന്ന രണ്ട് മെത്രാന്മാരുടെ മെത്രാഭിഷേകം നവംബര്‍ 22ാം തീയതി ശനിയാഴ്ച രാവിലെ 8 ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന്‍ മോണ്‍. ഡോ. യൂഹാനോന്‍ കുറ്റിയില്‍ റമ്പാനും, യൂറോപ്പിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പസ്‌തോലിക വിസിറ്റേറ്റര്‍ മോണ്‍. ഡോ. കുരിയാക്കോസ് തടത്തില്‍ റമ്പാനുമാണ് മെത്രാന്മാരായി അഭിഷിക്തരാകുന്നത്. 
രാവിലെ 8 ന് പ്രാരംഭ പ്രാര്‍ത്ഥനകള്‍്ക്കുശേഷം സമൂഹബലി നടക്കും. മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മ്മികനായിരിക്കും. കോട്ടയം ആര്‍ച്ചുബിഷപ്പ് ഡോ. മാര്‍ മാത്യു മൂലക്കാട്ട് വചനസന്ദേശം നല്‍കും. ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോസഫ് മാര്‍ തോമസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, തോമസ് മാര്‍ അന്തോണിയോസ്, ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, വിന്‍സെന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗ്ഗീസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, മാത്യൂസ് മാര്‍ പോളി കാര്‍പ്പസ് , മാത്യൂസ് മാര്‍ പക്കോമിയോസ്, ആന്റണി മാര്‍ സില്‍വാനോസ്, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, എബ്രഹാം മാര്‍ ജൂലിയോസ് എന്നിവര്‍ മെത്രാഭിഷേകത്തില്‍ സഹകാര്‍മ്മികരായിരിക്കും. 
വിവിധ സഭകളിലെ മുപ്പതോളം മെത്രാപ്പോലീത്താമാര്‍ ചടങ്ങില്‍ സംബന്ധിക്കും. യു.കെ. യില്‍ നിന്നും, ന്യൂഡല്‍ഹിയിലെ വത്തിക്കാന്‍ കാര്യാലയത്തില്‍ നിന്നും പ്രതിനിധികള്‍ സംബന്ധിക്കും. മെത്രാഭിഷേകത്തിന് ശേഷം അനുമോദന സമ്മേളനം നടക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പങ്കെടുക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന കൂറ്റന്‍ പന്തലിന്റെ പണി പൂര്‍ത്തിയായി. മെത്രാഭിഷേക കമ്മിറ്റിയുടെ യോഗം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ നടന്നു. ജനറല്‍ കണ്‍വീനര്‍ മോണ്‍. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്‌കോപ്പ, മോണ്‍. തോമസ് കയ്യാലയ്ക്കല്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.