മംദാനി ഇന്ത്യന്‍ ജനവിഭാഗത്തെ വെറുക്കുന്നെന്ന് എറിക് ട്രംപ്

മംദാനി ഇന്ത്യന്‍ ജനവിഭാഗത്തെ വെറുക്കുന്നെന്ന് എറിക് ട്രംപ്


ന്യൂയോര്‍ക്ക്: മേയറായി തെരഞ്ഞെടുക്കപ്പെട്ട സോഹ്‌റാന്‍ മാംദാനി 'ഇന്ത്യന്‍ ജനവിഭാഗത്തെ വെറുക്കുന്നുവെന്ന്' അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാമത്തെ മകന്‍ എറിക് ട്രംപിന്റെ ആരോപണം. ഫോക്‌സ് ന്യൂസ് അവതാരകന്‍ ഷോണ്‍ ഹാനിറ്റിയോട് സംസാരിക്കുന്നതിനിടെയായിരുന്നു എറിക് ട്രംപിന്റെ പരാമര്‍ശങ്ങള്‍. അമേരിക്കയിലെ പ്രധാന നഗരങ്ങള്‍ അതീവ ഇടതുപക്ഷ അജണ്ടയുടെ സ്വാധീനത്തില്‍ പിന്നോക്കം പോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഒരിക്കല്‍ ആഗോള സാമ്പത്തിക ശക്തികളുടെ ഹബ്ബുകളായിരുന്ന അമേരിക്കന്‍ നഗരങ്ങള്‍ ഇപ്പോള്‍ ആക്രമണാത്മക ഇടതുപക്ഷ അജണ്ട കാരണം ബുദ്ധിമുട്ടനുഭവിക്കുന്നുവെന്നാണ് എറിക് ട്രംപ് ആരോപിച്ചത്. വലിയ കോര്‍പ്പറേറ്റുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമാണിതിലൂടെ സൃഷ്ടിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്ത് ഏതൊരു നഗരത്തിനും ന്യൂയോര്‍ക്ക് സിറ്റിയെ മറികടക്കാനാകില്ല. എന്നാല്‍ ഇവിടെ ഒരു സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് എന്തു പേരിട്ടായാലും ഗ്രോസറി സ്‌റ്റോഴ്‌സ് ദേശീയവത്കരിക്കാന്‍ ആഗ്രഹിക്കുന്ന, നെതന്യാഹുവിനെ അറസ്റ്റ് ചെയ്തേക്കണമെന്ന് പറയുന്ന, ജൂതജനങ്ങളെ വെറുക്കുന്ന, ഇന്ത്യന്‍ ജനവിഭാഗത്തെ വെറുക്കുന്ന, നിയമ ഏജന്‍സികളുടെ ബജറ്റ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് മേയറാകുന്നത് എന്നാണ് മാംദാനിയെ പരാമര്‍ശിച്ച് ട്രംപ് ആരോപിച്ചത്.

സുരക്ഷിതമായ തെരുവുകള്‍, ശുചിത്വമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, യുക്തിസഹമായ നികുതികള്‍ ഇത്രയേ നഗരങ്ങള്‍ക്ക് വേണ്ടതുള്ളൂ, സര്‍ക്കാര്‍ ഇടപെടലില്ലാതെ തന്നെ നഗരങ്ങള്‍ വളരും എന്നാണ് എറിക് ട്രംപ് കൂട്ടിച്ചേര്‍ത്തത്.

എഒസി ഉള്‍പ്പെടെ പ്രോഗ്രസീവ് നേതാക്കളുമായി മാംദാനിയെ ബന്ധിപ്പിക്കുകയും ആമസോണിന്റെ ന്യൂയോര്‍ക്ക് ആസ്ഥാന പദ്ധതിക്കെതിരായ അവരിലെ നിലപാട് വീണ്ടും ചൂണ്ടിക്കാണിക്കുകയും ചെയ്തു. അവര്‍ ആയിരക്കണക്കിന് ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരാന്‍ പോകുകയാണെന്നും എന്നാല്‍ എഒസി അവരെ പട്ടികളെയെന്ന പോലെ ഓടിച്ചു മറിച്ചുവിട്ടു എന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇതിന് മുമ്പും മാംദാനിയുടെ ഭരണത്തില്‍ നഗരത്തിന് ഭീകര പ്രത്യാഘാതമുണ്ടാകുമെന്ന് എറിക് ട്രംപ് ആരോപിച്ചിരുന്നു. അദ്ദേഹം ടേണിംഗ് പോയിന്റ് യു എസ് എ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ ഈ രാഷ്ട്രീയ ശൈലി രാജ്യത്ത് വ്യാപിക്കാനുവദിക്കരുത് എന്നും പറഞ്ഞിരുന്നു. ഒരു മികച്ച അമേരിക്കന്‍ നഗരത്തെ ഇത് നശിപ്പിക്കും എന്നും ന്യൂയോര്‍ക്കിന് മേയറായി തെരഞ്ഞെടുത്തിരിക്കുന്നത് ഒരു യഥാര്‍ഥ കമ്മ്യൂണിസ്റ്റാണ് എന്നും ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മാംദാനി ന്യൂയോര്‍ക്ക് നഗരത്തിന്റെ ആദ്യത്തെ മുസ്ലിം മേയര്‍, ആദ്യത്തെ ദക്ഷിണേഷ്യന്‍ വംശജനായ മേയര്‍, ആഫ്രിക്കയില്‍ ജനിച്ച ആദ്യ മേയര്‍ എന്നീ ചരിത്ര നേട്ടങ്ങളാണ് കൈവരിക്കാനിരിക്കുന്നത്. 34-ാം വയസ്സില്‍ കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ നഗരത്തെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മേയറുമാകും അദ്ദേഹം.

മംദാനി 2026 ജനുവരി 1-ന് പുലര്‍ച്ചെ 12:01ന് ഔദ്യോഗികമായി അധികാരമേറ്റെടുക്കും.