മാലദ്വീപില്‍ ക്രിപ്‌റ്റോ പിന്തുണയോടെ ട്രംപ് ഓര്‍ഗനൈസേഷന്റെ പുതിയ ഹോട്ടല്‍ പദ്ധതി

മാലദ്വീപില്‍ ക്രിപ്‌റ്റോ പിന്തുണയോടെ ട്രംപ് ഓര്‍ഗനൈസേഷന്റെ പുതിയ ഹോട്ടല്‍ പദ്ധതി


മാലെ: മാലദ്വീപില്‍ പുതിയ ഹോട്ടല്‍ വികസന പദ്ധതി അവതരിപ്പിക്കാനുള്ള തീരുമാനം ട്രംപ് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ചു. ട്രംപ് കുടുംബത്തിന്റെ പുതുതായി വളര്‍ന്ന് വരുന്ന ക്രിപ്‌റ്റോകറന്‍സി താത്പര്യവും ദീര്‍ഘകാല റിയല്‍ എസ്റ്റേറ്റ് ബിസിനസും ഒത്തുചേരുന്ന പദ്ധതിയാണിത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ളതും അദ്ദേഹത്തിന്റെ മൂത്ത പുത്രന്മാരായ എറിക് ട്രംപ്, ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ട്രംപ് ഓര്‍ഗനൈസേഷന്‍ സൗദി റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ ഡാര്‍ ഗ്ലോബലുമായി സഹകരിച്ചാണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിലൂടെ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാലദ്വീപ് എന്ന പേരില്‍ ഏകദേശം 80 ആഡംബര ബീച്ച്, ഓവര്‍വാട്ടര്‍ വില്ലകളുടെ സമുച്ചയം വികസിപ്പിക്കാനാണ് പദ്ധതി.

ഹോട്ടല്‍ വികസനത്തെ ടോക്കണ്‍ ആക്കി മാറ്റുന്നതിലൂടെ നിക്ഷേപകര്‍ക്ക് പ്രാരംഭ ഘട്ടം മുതല്‍ തന്നെ പദ്ധതിയില്‍ പങ്കാളികളാകാനുള്ള സൗകര്യമാണ് ട്രംപ് ഓര്‍ഗനൈസേഷന്‍ ഒരുക്കുന്നത്. യഥാര്‍ഥ സ്വത്തുക്കള്‍ ബ്ലോക്ക്‌ചെയിനില്‍ ഡിജിറ്റല്‍ ടോക്കണ്‍ ആയി പ്രതിനിധീകരിക്കുന്ന പ്രക്രിയയാണ് 'ടോക്കണൈസേഷന്‍'.

ഡാര്‍ ഗ്ലോബലുമായി ചേര്‍ന്ന് ട്രംപ് ബ്രാന്‍ഡിനെ മാലദ്വീപിലേക്ക് എത്തിക്കാന്‍ സാധിക്കുന്നതില്‍ ങ്ങള്‍ അതീവ സന്തോഷവാന്മാരാണെന്ന് ട്രംപ് ഓര്‍ഗനൈസേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എറിക് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.

ആഡംബരത്തിന്റ ആശയം പുനര്‍നിര്‍വചിക്കുന്നതോടൊപ്പം റിയല്‍ എസ്റ്റേറ്റ് നിക്ഷേപ രംഗത്ത് ടോക്കണൈസേഷന്‍ വഴി പുതിയ മാനദണ്ഡവും ഈ പ്രോജക്ട് സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് ട്രംപ് കുടുംബം ഏറ്റെടുത്തുവരുന്ന ക്രിപ്‌റ്റോകറന്‍സി അധിഷ്ഠിത സംരംഭങ്ങളില്‍ ഏറ്റവും പുതിയതാണ്. മുമ്പ് ട്രംപ് കുടുംബം വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്ന ക്രിപ്‌റ്റോ സ്ഥാപനവും ആരംഭിച്ചിരുന്നു. 2024ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന മാസങ്ങളില്‍ ക്രിപ്‌റ്റോ മേഖലയോട് കൂടുതല്‍ സൗഹൃദപരമായ നിലപാട് ട്രംപ് സ്വീകരിച്ചിരുന്നു.

അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ പ്രസിഡന്റ് ട്രംപ്, ഫസ്റ്റ് ലേഡി എന്നിവര്‍ മീം കോയിനുകളും പുറത്തിറക്കി. ട്രംപ് മീഡിയ ആന്റ് ടെക്‌നോളജി ഗ്രൂപ്പ് ഇതിന് പുറമേ നിരവധി ക്രിപ്‌റ്റോ പദ്ധതികള്‍ക്കായി ഈ വര്‍ഷം അപേക്ഷകളും സമര്‍പ്പിച്ചിരുന്നു. ട്രംപിന്റെ മൂത്ത പുത്രന്മാരായ എറിക് ട്രംപ്, ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ എന്നിവര്‍ ചേര്‍ന്ന് 'അമേരിക്കന്‍ ബിറ്റ്കോയിന്‍' എന്ന മൈനിങ് സ്ഥാപനവും ആരംഭിച്ചു.

പ്രസിഡന്റിന്റെ വ്യക്തിപരമായ ക്രിപ്‌റ്റോ പിന്തുണ വാഷിംഗ്ടണില്‍ ഈ മേഖലയ്ക്കായുള്ള നിയന്ത്രണാന്തരീക്ഷം കൂടുതല്‍ അനുകൂലമാക്കി മാറ്റിയിട്ടുണ്ട്. മുന്‍ ഭരണകൂടത്തോടുണ്ടായിരുന്ന പ്രശ്‌നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വലിയ മാറ്റമാണ്.

ക്രിപ്‌റ്റോ മേഖലയിലെ പ്രമുഖരെ വൈറ്റ് ഹൗസില്‍ സ്വീകരിക്കുകയും സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ പോലുള്ള പ്രധാന സ്ഥാപനങ്ങളില്‍ ക്രിപ്‌റ്റോ സൗഹൃദ നിലപാടുള്ളവരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ക്രിപ്‌റ്റോ മേഖലയിലെ ആദ്യത്തെ പ്രധാന നിയമമായ ജീനിയസ് ആക്ട് ജൂലൈയില്‍ പ്രസിഡന്റിന്റെ ഒപ്പോടെ പ്രാബല്യത്തില്‍ വരികയും ചെയ്തു.