മുസ്ലിംകളും കൈസ്തവരും ഇന്ത്യയെ ആരാധിക്കുന്നുവെങ്കില്‍ അവരും ഹിന്ദുക്കള്‍ തന്നെ: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

മുസ്ലിംകളും കൈസ്തവരും ഇന്ത്യയെ ആരാധിക്കുന്നുവെങ്കില്‍ അവരും ഹിന്ദുക്കള്‍ തന്നെ: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്


ഗുവാഹട്ടി: ഹിന്ദുത്വം മതപരമായ ചട്ടകെട്ടുകളില്‍ ഒതുങ്ങിയ ധാരണയല്ലെന്നും ഇന്ത്യന്‍ സംസ്‌കാരത്തോടും ദേശഭക്തിയോടുമുള്ള ചേര്‍ച്ചയാണ് അതിന്റെ അടിസ്ഥാനം എന്നും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. അസമിലെ ഗുവാഹട്ടിയില്‍ ആര്‍എസ്എസ് നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ബുദ്ധിജീവികളും എഴുത്തുകാരും വ്യവസായികളും ഉള്‍പ്പെട്ട പ്രേക്ഷകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യത്തെ ആരാധിക്കുകയും ഇന്ത്യന്‍ സംസ്‌കാരത്തെ പിന്തുടരുകയും പൂര്‍വ്വികരുടെ പൈതൃകത്തില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നവര്‍ എല്ലാവരും ഹിന്ദുക്കളാണ്. ഹിന്ദുത്വത്തെ മതപരമായ അര്‍ത്ഥത്തില്‍ എടുത്തുകൂടാ. ഭക്ഷണം, ആചാരം, ആരാധന എന്നിവയല്ല ഹിന്ദുത്വത്തിന്റെ പരിമിതി; അത് ഉള്‍ക്കൊള്ളുന്ന ഒരു സംസ്‌കാരമാണ്,' ഭാഗവത് വ്യക്തമാക്കി.

'മുസ്ലിംകളും ക്രൈസ്തവരും അവരുടെ ആരാധനയും ആചാരങ്ങളും തുടരുന്നുണ്ടെങ്കിലും ഈ രാജ്യത്തോടുള്ള ആരാധനയും ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള ഐക്യബോധവും ഉണ്ടെങ്കില്‍ അവരും ഹിന്ദുക്കളില്‍ പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹിക ഐക്യം, കുടുംബ ബോധവല്‍ക്കരണം, പൗരശിക്ഷണം, സ്വയംപര്യാപ്തത, പരിസ്ഥിതി സംരക്ഷണം തുടങ്ങി 'പഞ്ച പരിഷ്‌കാര'മായി വിശേഷിപ്പിക്കുന്ന സാമൂഹിക മാറ്റങ്ങളെ, മോഹന്‍ ഭാഗവത് തന്റെ പ്രസംഗത്തില്‍ വിശദമായി അവതരിപ്പിച്ചു. ഇതില്‍ കുടുംബസ്ഥാപനത്തെ ശക്തിപ്പെടുത്തുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കിയ അദ്ദേഹം, ഓരോ കുടുംബവും പൂര്‍വ്വികരുടെ കഥകളും മൂല്യങ്ങളും പുതു തലമുറയ്ക്ക് കൈമാറണമെന്ന് അഭ്യര്‍ത്ഥിച്ചു.

ലാചിത് ബോര്‍ഫുകന്‍, ശ്രിമന്ത ശങ്കരദേവന്‍ എന്നിവരെ മുഴുവന്‍ ഭാരതത്തിന്റെ അഭിമാനചിഹ്നങ്ങളായി കാണണമെന്ന് ഭാഗവത് പറഞ്ഞു. അവര്‍ ഒരു സംസ്ഥാനത്ത് ജനിച്ചു എന്നു മാത്രമേയുള്ളു; അവരുടെ സംഭാവനകള്‍ ദേശീയ തലത്തിലാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പങ്ക് സ്മരിച്ച ഭാഗവത്, ഡോ. ഹെഡ്‌ഗേവാര്‍ നിസ്സഹകരണ സമരത്തിലും സിവില്‍ നിസ്സഹകരണ സമരത്തിലും പങ്കെടുത്തതും 1942ലെ 'ക്വിറ്റ് ഇന്ത്യ' സമരത്തില്‍ അനവധി പ്രവര്‍ത്തകര്‍ നല്‍കിയ സംഭാവനകളും ഓര്‍ത്തു.

വൈവിധ്യത്തിലുള്ള ഐക്യത്തിന്റെ മിന്നുന്ന പ്രതീകമാണ് വടക്കുകിഴക്കന്‍ ഇന്ത്യയെന്ന് വിശേഷിപ്പിച്ച ഭാഗവത്, ദേശീയ പുനര്‍നിര്‍മാണത്തിനായി എല്ലാ വിഭാഗങ്ങളും സ്വാര്‍ത്ഥത വിട്ട് ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.