കൊച്ചി: വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനെ ചോദ്യം ചെയ്ത് സംവിധായകനും കോഴിക്കോട് കോര്‍പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ വി എം വിനു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമാണെന്നും വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയായാണ് കോണ്‍ഗ്രസ് വി എം വിനുവിനെ പ്രഖ്യാപിച്ചിരുന്നത്. ജയിക്കുമെന്ന് കണ്ട് ഭരിക്കുന്ന പാര്‍ട്ടി തന്റെ പേര് വെട്ടിയതാണെന്നാണ് വിനു കോടതിയില്‍ വാദിച്ചത്. തന്റെ കക്ഷി സെലിബ്രിറ്റിയാണെന്നും മേയര്‍ സ്ഥാനത്തേക്കാണ് മത്സരിക്കുന്നതെന്നും അഭിഭാഷകന്‍ അറിയിച്ചതോടെയാണ് സെലിബ്രിറ്റികള്‍ക്ക് പ്രത്യേകതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്.
വിനുവിന്റെ പേര് കരട് വോട്ടര്‍ പട്ടികയിലോ 2020ലെ വോട്ടര്‍ പട്ടികയോ ഇല്ലെന്നും പട്ടികയില്‍ പേരുണ്ടോ എന്നു പോലും അറിയാതെയാണോ മത്സരിക്കാനിറങ്ങിയതെന്നും ഹൈക്കോടതി ചോദിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ കേസും കോടതി പരാമര്‍ശിച്ചു. വൈഷ്ണയുടെ പേര് പ്രാഥമിക കരട് പട്ടികയില്‍ ഉണ്ടായിരുന്നു. പിന്നീടാണ് വെട്ടിയത്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളിലെല്ലാം വന്നിരുന്നു. സെലിബ്രിറ്റികള്‍ പത്രം വായിക്കാറില്ലേയെന്നും കോടതി വിമര്‍ശിച്ചു. സ്വന്തം കഴിവു കേടിന് മറ്റ് പാര്‍ട്ടികളെ കുറ്റപ്പെടുത്തരുതെന്നും എതിര്‍പ്പുണ്ടെങ്കില്‍ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാമെന്നും കമ്മിഷനു പോലും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കോര്‍പ്പറേഷന്‍ കല്ലായി ഡിവിഷനില്‍ നിന്നാണ് വിനു മത്സരിക്കാനിരുന്നത്.
