തിരുവനന്തപുരം: രാജ്യത്തെ വിവിധ കോളേജുകളില്‍ മെഡിക്കല്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് ഓണ്‍ലൈനിലൂടെയും സോഷ്യല്‍ മീഡിയ വഴിയും പരസ്യം നല്‍കി പണം തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹത്രാസ് സ്വദേശിയായ പ്രശാന്ത് അഗര്‍വാളിനെയാണ് ക്രൈംബ്രാഞ്ച് സംഘം സാഹസികമായി ഉത്തര്‍പ്രദേശില്‍ നിന്ന് പിടികൂടിയത്.
ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശനന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി കെ സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഡല്‍ഹി, നോയിഡ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി വന്‍തോതിലുള്ള പരസ്യങ്ങള്‍ നല്‍കിയാണ് പ്രശാന്ത് അഗര്‍വാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇന്ത്യയിലെ വിവിധ കോളേജുകളില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്താണ് ഇയാള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ചിരുന്നത്.
2020 കാലഘട്ടത്തില്‍ പരശുവയ്ക്കല്‍ സ്വദേശിയില്‍ നിന്ന് മുംബൈയിലെ ഡി വൈ പാട്ടീല്‍ കോളേജില്‍ സീറ്റ് തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നേരിട്ടും ബാങ്ക് അക്കൗണ്ടുകള്‍ വഴിയുമായി 20 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസിനാസ്പദമായ സംഭവം. ഡി വൈ പാട്ടീല്‍ കോളേജ് കാമ്പസിനകത്ത് വച്ച് ഇയാള്‍ പരാതിക്കാരന് വ്യാജ അഡ്മിഷന്‍ ലെറ്റര്‍ നല്‍കി കബളിപ്പിക്കുകയായിരുന്നു.
നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
ഡിവൈഎസ്പി കെ സജീവ്, എഎസ്‌ഐ ക്രിസ്റ്റഫര്‍ ഷിബു വൈ ആര്‍, എസ് സി പി ഒമാരായ സുരേഷ് കുമാര്‍ എം, ശ്രീരാജ് എസ് വി, സിപിഒ അജിത് എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 1ല്‍ ഹാജരാക്കിയ പ്രശാന്ത് അഗര്‍വാളിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
