വാഷിംഗ്ടണ്‍: അമേരിക്ക-ഇന്ത്യ പ്രതിരോധബന്ധത്തില്‍ പുതിയ പടിവാതില്‍ തുറന്നുകൊണ്ട്, ഏകദേശം 93 മില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന ജാവലിന്‍ മിസൈല്‍ സിസ്റ്റങ്ങളും എക്‌സ്‌കാലിബര്‍ പ്രൊജക്‌റ്റൈലുകളും ഇന്ത്യയ്ക്ക് വില്‍ക്കാന്‍ അമേരിക്ക അംഗീകാരം നല്‍കി. പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി (DSCA) പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, ജാവലിന്‍ മിസൈല്‍ സിസ്റ്റങ്ങള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും 45.7 മില്ല്യണ്‍ ഡോളറും, എക്‌സ്‌കാലിബര്‍ പ്രൊജക്‌റ്റൈലുകള്‍ക്കായി 47.1 മില്ല്യണ്‍ ഡോളറും വില കണക്കാക്കിയിട്ടുണ്ട്. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ കനത്ത കസ്റ്റംസ് തീരുവകള്‍ക്ക് പിന്നാലെ ഇരിരാജ്യങ്ങളും തമ്മില്‍ വ്യാപാര ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മേഖലയില്‍ ഈ നിര്‍ണായക നീക്കം വരുന്നത്. ഇന്ത്യ ഒരു പ്രധാന പ്രതിരോധ പങ്കാളിയാണ് എന്നും ഇന്‍ഡോ-പസഫിക്, ദക്ഷിണേഷ്യ മേഖലകളില്‍ സ്ഥിരതയും സമാധാനവും ഉറപ്പുവരുത്തുന്നതില്‍ ന്യൂഡല്‍ഹി നിര്‍ണായക ശക്തിയാണെന്നും DSCA പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയുടെ നിലവിലെതും ഭാവിയിലെയും വെല്ലുവിളികള്‍ നേരിടാന്‍ കൃത്യതയോടെയുള്ള ആക്രമണ ശേഷി വര്‍ധിപ്പിക്കുക എന്നതാണ് ഈ വില്‍പ്പനയുടെ പ്രധാന പ്രയോജനം എന്നും ഏജന്‍സി വിലയിരുത്തുന്നു.
ഇന്ത്യ അഭ്യര്‍ത്ഥിച്ച പ്രകാരം 216 വരെ M982A1 എക്‌സ്‌കാലിബര്‍ 155 മില്ലീമീറ്റര്‍ പ്രൊജക്‌റ്റൈലുകളും അനുബന്ധ ഇലക്ട്രോണിക് ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റങ്ങള്‍, പ്രൈമറുകള്‍, പ്രൊപ്പെല്ലന്റ് ചാര്‍ജുകള്‍, സാങ്കേതിക സഹായം, പരിപാലനം, ലോജിസ്റ്റിക് പിന്തുണ തുടങ്ങിയവയും പാക്കേജില്‍ ഉള്‍പ്പെടുന്നു. ജാവലിന്‍ സെക്ഷനില്‍ 100 FGM-148 റൗണ്ടുകള്‍, ഒരു 'ഫ്‌ലൈ ടു ബൈ' മിസൈല്‍, 25 കമാന്‍ഡ് ലോഞ്ച് യൂണിറ്റുകള്‍ (Command Launch Unit) എന്നിവയാണ് ഇന്ത്യ വാങ്ങുന്നത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ വികസിപ്പിച്ച ജാവലിന്‍ മിസൈല്‍, ലക്ഷ്യം ലോക്ക് ചെയ്താല്‍ തുടര്‍ന്ന് സൈനികന്‍ ഉടന്‍ സ്ഥലം മാറാന്‍ കഴിയുന്ന 'ഫയര്‍ ആന്റ ് ഫോര്‍ഗെറ്റ്' സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ടാങ്കുകളുടെ മേല്‍ഭാഗം തകര്‍ക്കാന്‍ ടോപ്പ് അറ്റാക്ക് മോഡും, ബങ്കറുകള്‍ പോലുള്ള ലക്ഷ്യങ്ങള്‍ക്കായി ഡയറക്ട്
അറ്റാക്ക് മോഡും ഇതിലുണ്ട്.
വിവിധ തരം ഫ്യൂസ് മോഡുകള്‍ പിന്തുണയ്ക്കുന്നതിനാല്‍ സങ്കീര്‍ണ ഭൂപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും പോലും ഇത് ഒരേ കൃത്യതയില്‍ പ്രവര്‍ത്തിക്കും. ഒരൊറ്റ എക്‌സ്‌കാലിബര്‍ റൗണ്ട് തന്നെ പല സാധാരണ ഷെല്ലുകളുടെ ജോലിയും ചെയ്യുന്നതിനാല്‍ ആവശ്യമുള്ള വെടിയുണ്ടയുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും കൂട്ടനാശനഷ്ടം പരമാവധി ഒഴിവാക്കാനും സാധിക്കുമെന്ന് റെയ്തിയോണ്‍ പറയുന്നു.
ഇന്ത്യയ്ക്ക് 93 മില്ല്യണ്‍ ഡോളറിന്റെ ആയുധവില്‍പ്പനയ്ക്ക് അനുമതിനല്‍കി അമേരിക്ക
