ട്രംപിന്റെ തീരുവ ആഘാതത്തിന് പിന്നാലെ ഇടിഞ്ഞ യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി ഒക്ടോബറില്‍ തിരിച്ചുകയറി

ട്രംപിന്റെ തീരുവ ആഘാതത്തിന് പിന്നാലെ ഇടിഞ്ഞ യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി ഒക്ടോബറില്‍ തിരിച്ചുകയറി


ന്യൂഡല്‍ഹി: നാലുമാസത്തെ ഇടിവിന് വിരാമമിട്ട് ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതി ഒക്ടോബറില്‍ തിരിച്ചുയര്‍ന്നു. മേയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവയുടെ ആഘാതം കയറ്റുമതിക്ക് വലിയ തിരിച്ചടിയായിരുന്നെങ്കിലും ഒക്ടോബറില്‍ 6.3 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള കയറ്റുമതിയാണ് ഇന്ത്യയ്ക്ക് നടത്താനായത്. സെപ്റ്റംബറിനെക്കാള്‍ 14.5 ശതമാനം വളര്‍ച്ച. മേയ് മുതല്‍ ആദ്യമായാണ് ഇത്തരമൊരു ഉയര്‍ച്ച.
അതേസമയം, കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ 6.9 ബില്ല്യന്‍ ഡോളറിന്റെ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ 8.5 ശതമാനം കുറവാണിത്.

അമേരിക്കയില്‍ നിന്ന് അധിക എല്‍.പി.ജി ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ കരാര്‍ ചെയ്തതും, പല കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് തീരുവ ഒഴിവാക്കിയതുമാണ് ഉയര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തിയതായും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

രാജ്യത്തിന്റെ ആകെ കയറ്റുമതി ഒക്ടോബറില്‍ 11.8 ശതമാനം ഇടിഞ്ഞപ്പോഴാണ് അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ആശ്വാസകരമായ വര്‍ധന രേഖപ്പെടുത്തിയത്. സ്‌പെയിന്‍, ചൈന, ഹോങ്കോംഗ്, ബ്രസീല്‍, ബെല്‍ജിയം എന്നിവയാണ് ഈ മാസം വളര്‍ച്ച കാട്ടിയ മറ്റുരാജ്യങ്ങള്‍.
അതേസമയം, സിംഗപ്പൂര്‍ (54.9%) ഓസ്‌ട്രേലിയ (52.4%) അടക്കം 15 പ്രധാന വിപണികളിലേക്കുമുള്ള കയറ്റുമതിയില്‍ കനത്ത ഇടിവാണ് ഉണ്ടായത്. ബ്രിട്ടന്‍, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയും വലിയതോതില്‍ താഴ്ന്നതായി GTRIയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഒക്ടോബറിലെ ഉയര്‍ച്ച താല്‍ക്കാലിക ആശ്വാസമേയായുള്ളുവെന്നും, മേയില്‍ തീരുവ പ്രാബല്യത്തില്‍ വന്നതിനു ശേഷം അമേരിക്കയിലേക്കുള്ള കയറ്റുമതി 28.8 ശതമാനം ചുരുങ്ങിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ മാസത്തിലൊരിക്കലുള്ള കയറ്റുമതി മൂല്യം 2.5 ബില്ല്യണ്‍ ഡോളര്‍ കുറഞ്ഞു.