വാഷിങ്ടണ്‍: ഡൊണള്‍ഡ് ട്രംപുമായുണ്ടായ വിവാദത്തിന് ശേഷം ആദ്യമായി എലോണ്‍ മസ്‌ക് വൈറ്റ് ഹൗസിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ബഹുമാനാര്‍ഥം പ്രസിഡന്റ് ആതിഥ്യം വഹിച്ച വിരുന്നില്‍ മസ്‌ക് പങ്കെടുത്തത് ഇരുവരുടെയും തകര്‍ന്ന ബന്ധം പുനഃസ്ഥാപിക്കപ്പെടുകയാണെന്ന സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
എങ്കിലും ഇരുവരും തമ്മിലുള്ള അകല്‍ച്ച പൂര്‍ണ്ണമായി നീങ്ങിയിട്ടില്ല. വൈറ്റ് ഹൗസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിവരമനുസരിച്ച് ട്രംപിന്റെ സഹായികള്‍ മസ്‌കിന് പ്രസിഡന്റില്‍ നിന്ന് അകലെയുള്ള ഇരിപ്പിടമാണ് ക്രമീകരിച്ചത്. ചടങ്ങിനിടെ ട്രംപും മസ്‌കും കുറച്ച് സംഭാഷണം നടത്തിയെങ്കിലും ഔദ്യോഗിക കൂടിക്കാഴ്ചയൊന്നും ഉണ്ടായില്ലെന്ന് സ്രോതസുകള്‍ പറഞ്ഞു.
തന്റെ കൃത്രിമ ബുദ്ധി കമ്പനിയായ എക്‌സ്എഐ ചിപ് നിര്‍മ്മാതാവ് എന്‍വിഡിയയുമായും ഒരു സൗദി പങ്കാളിയുമായും ചേര്‍ന്ന് സൗദി അറേബ്യയില്‍ വലിയ ഡേറ്റ സെന്റര്‍ വികസിപ്പിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചു.
