തൃശ്ശൂര്‍ : മുന്‍ എം.എല്‍.എ കെ.എസ്. ശബരീനാഥനെ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ, വടക്കാഞ്ചേരി മുന്‍ എം.എല്‍.എയും എ.ഐ.സി.സി. അംഗവുമായ അനില്‍ അക്കര തൃശ്ശൂരിലെ അടാട്ട്ഗ്രാമപ്പഞ്ചായത്ത് 16ാം വാര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 14 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈ വാര്‍ഡ് നിലനിര്‍ത്തിയത്. വാര്‍ഡിലെ വിജയസാധ്യത ഉറപ്പിക്കാനാണ് മുന്‍ എം.എല്‍.എയെത്തന്നെ കളത്തിലിറക്കാന്‍ മണ്ഡലം ഉപസമിതി ശുപാര്‍ശ ചെയ്തത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനത്തിനായി ഉപസമിതി വീണ്ടും യോഗം ചേരുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച അനില്‍ അക്കരയുടെ ഈ മടങ്ങി വരവ് ശ്രദ്ധേയമാണ്. 2010ല്‍ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടര വര്‍ഷം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായും ഒരു മാസം ആക്ടിങ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2016ല്‍ വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ നിന്നും 45 വോട്ടുകള്‍ക്ക് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
എല്‍.ഡി.എഫ് സര്‍ക്കാരിന് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണം ആദ്യമായി ഉന്നയിച്ചത് അനില്‍ അക്കരയായിരുന്നു. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ നിയമസഭയിലും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മുന്‍ എം.എല്‍.എമാര്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ നേരിട്ട് മത്സരിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്നാണ് വിലയിരുത്തല്‍.
മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര അടാട്ട് ഗ്രാമപ്പഞ്ചായത്ത് 16ാം വാര്‍ഡില്‍ മത്സരിക്കുന്നു
