'ഇഷ്ടമായാലും ഇല്ലെങ്കിലും യുഎസിന്റെ സമാധാന പദ്ധതി സ്വീകരിക്കണം'; യുക്രെയ്‌നിനോട് ട്രംപിന്റെ നിര്‍ദ്ദേശം

'ഇഷ്ടമായാലും ഇല്ലെങ്കിലും യുഎസിന്റെ സമാധാന പദ്ധതി സ്വീകരിക്കണം'; യുക്രെയ്‌നിനോട് ട്രംപിന്റെ നിര്‍ദ്ദേശം


വാഷിംഗ്ടണ്‍: റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക തയ്യാറാക്കിയ പദ്ധതി 'ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി സ്വീകരിക്കണം എന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. അതേ സമയം പദ്ധതി രാജ്യത്തിന്റെ മാനവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുന്നതാകുമെന്നാണ് സെലന്‍സ്‌കി പ്രതികരിച്ചത്.

ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സോഹ്രാന്‍ മംദാനിയെ വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കണ്ടുമുട്ടിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.
'അദ്ദേഹം(സെലന്‍സ്‌കി) അതിനെ ഇഷ്ടപ്പെടണം. ഇഷ്ടപ്പെടുന്നില്ലെങ്കില്‍ യുദ്ധം തുടരാം- പക്ഷേ ഏതെങ്കിലും ഒരുവേളയില്‍ എന്തെങ്കിലും കാര്യം അംഗീകരിക്കേണ്ടി വരും'- ട്രംപ് പറഞ്ഞു.

അതേസമയം, യു.എസ്. തയ്യാറാക്കിയ 28പോയിന്റ് രേഖ യുക്രെയ്‌നിന് അനുകൂലമല്ലാത്തതും ക്രെംലിനിന് ഗുണകരവുമാണെന്നാണ് കീവ് വിലയിരുത്തുന്നത്.
'നമ്മുടെ ഭൂമിയും ആത്മാഭിമാനവും ഞാന്‍ വില്‍ക്കുകയില്ല' എന്ന നിലപാടില്‍ സെലന്‍സ്‌കി ഉറച്ചുനില്‍ക്കുകയാണ്.

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതില്‍ ട്രംപ് കഴിഞ്ഞ മാസങ്ങളിലായി അസ്വസ്ഥനായിരുന്നു. യുക്രെയ്ന്‍ പദ്ധതി അംഗീകരിക്കാനുള്ള അവസാന തീയതിയായി താങ്ക്‌സ്ഗിവിങ്ങ് ദിനമായ നവംബര്‍ 27 നിശ്ചയിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

'പല ഡെഡ്‌ലൈനുകളും നാം നല്‍കിയിട്ടുണ്ട്. കാര്യങ്ങള്‍ മുന്നേറുന്നുവെങ്കില്‍ നീട്ടി കൊടുക്കാറുണ്ട്. പക്ഷേ വ്യാഴാഴ്ച അനുയോജ്യമായ സമയം തന്നെയാണ്,' ഫോക്‌സ് ന്യൂസ് റേഡിയോയോട് ട്രംപ് പറഞ്ഞു.

പദ്ധതിയില്‍ യുക്രെയ്ന്‍ കിഴക്കന്‍ ഭാഗത്തെ വലിയൊരു പ്രദേശം റഷ്യയ്ക്ക് വിട്ടുകൊടുക്കണമെന്നും സൈന്യത്തിന്റെ വലുപ്പം ചുരുക്കണമെന്നും ആവശ്യപ്പെട്ടതായി എഎഫ്.പി. റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, നേറ്റോ അംഗത്വം ഒരിക്കലും ആവശ്യപ്പെടില്ലെന്നും പാശ്ചാത്യ സമാധാന സേനയെ അനുവദിക്കില്ലെന്നും കീവ് വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യുദ്ധവിമാനങ്ങള്‍ പോളണ്ടില്‍ നിലയുറപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.