വാഷിങ്ടണ്‍: ഫ്‌ളോറിഡയിലും കാലിഫോര്‍ണിയയിലും കൂടുതല്‍ പ്രദേശങ്ങളില്‍ ട്രംപ് ഭരണകൂടം എണ്ണ ഖനനത്തിന് ലക്ഷ്യമിടുന്നു. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് നിര്‍ദേശത്തില്‍ കാലിഫോര്‍ണിയ, ഫ്‌ളോറിഡ, അലാസ്‌ക എന്നിവിടങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ക്രൂഡ് ഓയില്‍ ഖനനത്തിനായി തുറന്നു കൊടുക്കുമെന്ന പരാമര്‍ശവുമുണ്ട്. കരട് റിപ്പോര്‍ട്ട് പ്രകാരം 34 സ്ഥലങ്ങളിലാണ് ഖനനത്തിന് നീക്കം.
ഇതില്‍ അലാസ്‌ക തീരത്ത് 21 എണ്ണവും പസഫിക് തീരത്ത് ആറ് എണ്ണം, മെക്‌സിക്കോ ഉള്‍ക്കടലില്‍ ഏഴെണ്ണം എന്നിവ ഉള്‍പ്പെടുന്നു. പതിറ്റാണ്ടുകളായി ഫ്‌ളോറിഡയ്ക്കും അലബാമയ്ക്കും സമീപമുള്ള ജലാശയങ്ങളില്‍ ഖനനം അനുവദിച്ചിരുന്നില്ല. മത്സ്യ ബന്ധനം, വിനോദ സഞ്ചാരം ഉള്‍പ്പടെയുള്ളവയെ തകിടം മറിക്കുമെന്നു കാട്ടി തെക്കന്‍ സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഈ മേഖലകളിലെ ഖനനം വളരെക്കാലമായി എതിര്‍ത്തിരുന്നതാണ്. നിലവിലെ നീക്കം നടപ്പായാല്‍ ലക്ഷക്കണക്കിന് ഏക്കര്‍ തീരദേശ മേഖലകള്‍ ഡ്രില്ലിങിനായി തുറക്കും.
